“മോഹൻലാലിന് പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും കിട്ടില്ല”; പരിഹാസങ്ങൾക്കെതിരെ മേജർ രവി

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ഇന്ത്യൻ സൈന്യം നൽകിയ ലെഫ്റ്റനന്റ് കേണൽ പദവിയെച്ചൊല്ലിയുള്ള പരിഹാസങ്ങൾക്ക് മറുപടിയുമായി സംവിധായകൻ മേജർ രവി. ഈ പദവി നൽകിയത് ഒരു ഔദാര്യമല്ലെന്നും മറിച്ച് രാജ്യത്തിന് അദ്ദേഹം നൽകുന്ന സേവനങ്ങളെ മാനിച്ചാണെന്നും മേജർ രവി വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

മോഹൻലാലിനെ ഈ പദവിയിലേക്ക് നിർദ്ദേശിച്ചത് സൈന്യത്തിലെ മലയാളി ഓഫീസർമാരാണെന്ന് മേജർ രവി വെളിപ്പെടുത്തി. താൻ സംവിധാനം ചെയ്ത സൈനിക ചിത്രങ്ങൾ കണ്ട സൈനിക ഉദ്യോഗസ്ഥർ മോഹൻലാലിനെ ഒരു ബ്രാൻഡ് അംബാസഡറായി നിയമിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. ഈ പദവി സ്വീകരിക്കാൻ ലാൽ സമ്മതം അറിയിച്ചതോടെയാണ് ഔദ്യോഗിക നടപടികൾ പൂർത്തിയായത്.

സൈന്യത്തിൽ നിന്നുള്ള ഈ പദവി കൊണ്ട് മോഹൻലാലിന് സാമ്പത്തികമായി യാതൊരു നേട്ടവുമില്ലെന്നും മേജർ രവി പറഞ്ഞു. സൈനിക കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള വിമാന ടിക്കറ്റ് പോലും അദ്ദേഹം സ്വന്തം പണം ഉപയോഗിച്ചാണ് എടുക്കുന്നത്. അവിടെ സൈനിക ഗസ്റ്റ് ഹൗസുകളിൽ താമസിക്കാൻ സാധിക്കുമെന്നതൊഴിച്ചാൽ മറ്റു ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. യൂണിഫോം പോലും സ്വന്തം ചെലവിലാണ് അദ്ദേഹം തയ്പ്പിക്കുന്നത്.

മമ്മൂട്ടിക്കും ഇത്തരമൊരു പദവി നൽകുന്നതിനെക്കുറിച്ച് താൻ അദ്ദേഹത്തോട് ചോദിച്ചിരുന്നുവെന്ന് മേജർ രവി പറഞ്ഞു. എന്നാൽ “നമുക്ക് നോക്കാം” എന്ന മറുപടിയാണ് മമ്മൂട്ടി നൽകിയത്. മോഹൻലാൽ എന്ന വ്യക്തിയോടുള്ള ആരാധന മൂലം സൈന്യത്തിൽ ചേർന്ന ഒരുപാട് യുവാക്കളുണ്ടെന്നും ലാലിന്റെ അംബാസഡർ പദവി സൈന്യത്തിന് വലിയ ഗുണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിിച്ചേർത്തു.