
മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘ഓം’ കേരളത്തിലെത്തിക്കാനുള്ള വിതരണാവകാശം സ്വന്തമാക്കി ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20നാണ്. ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്. ‘ഓം ചാപ്റ്റർ വൺ – ഉധിരം: ദ ബ്ലഡ് വുഡ്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിലും തമിഴിലും ഒരുപോലെ വലിയ പ്രേക്ഷകശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷ.
വിതരണരംഗത്തേക്കുള്ള ഈ പുതിയ ചുവടുവയ്പ്പിലൂടെ മലയാള സിനിമാ മേഖലയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുകയാണ് ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്. സിനിമാ വിതരണത്തിനൊപ്പം നിർമാണരംഗത്തും കൂടുതൽ സജീവമാകാനാണ് കമ്പനിയുടെ തീരുമാനം. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രവും ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഇതോടെ മലയാള സിനിമയുടെ നിർമാണ–വിതരണ മേഖലകളിൽ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമായി വളരുകയാണ് കമ്പനി.
എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ‘ഓമി’നുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് ലുക്കും കരുത്തുറ്റ കഥാപാത്രവും ഇതിനോടകം പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. പുറത്തുവന്ന ഗ്ലിംപ്സ് വീഡിയോ ഇതിന്റെ സൂചനകൾ നൽകുന്നു. ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് നായിക. നസീറുദ്ദീൻ ഷാ, ശ്രീലീല, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സായ് അഭയങ്കർ ഒരുക്കിയ ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
നവംബർ 20ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിലും വിപുലമായ പ്രദർശനത്തിനെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. മമ്മൂട്ടിയുടെ തമിഴ് തിരിച്ചുവരവും ധനുഷുമായുള്ള കൂട്ടുകെട്ടും സായ് പല്ലവിയുടെ സാന്നിധ്യവും ചിത്രത്തിന് കേരളത്തിലും വലിയ പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്.
ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്‌മത് ജഗ്മഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിഷു രാമസാമിയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ എന്നിവർ സഹനിർമാതാക്കളാണ്. ഛായാഗ്രഹണം എഴിൽ അരസൻ. സംഗീതം സായ് അഭയങ്കർ. എഡിറ്റിങ് ആർ. കലയ്വാനൻ. ആക്ഷൻ യാനിക് ബെൻ. പ്രൊഡക്ഷൻ ഡിസൈൻ രാജീവൻ. കലാസംവിധാനം ആർ. പണ്ണീർ സെൽവം. നൃത്തസംവിധാനം സാൻഡി. സൗണ്ട് ഡിസൈൻ സിങ്ക് സിനിമ. സൗണ്ട് മിക്സിങ് കണ്ണൻ ഗണപത്. കോസ്റ്റ്യൂം ഡിസൈനർ കാവ്യ ശ്രീറാം. ഡിഐ പ്രസാദ് ലാബ്. കളറിസ്റ്റ് രംഗ. വിഎഫ്എക്സ് ഫാന്റം എഫ്എക്സ്, സ്പെക്ടർ പോസ്റ്റ്. വിഎഫ്എക്സ് സൂപ്പർവൈസർ ശ്യാം പി.എം. സ്റ്റിൽസ് വി. സിട്രറസ്. മേക്കപ്പ് ബി. രാജ. കോസ്റ്റ്യൂമർ നാഗ്. പബ്ലിസിറ്റി ഡിസൈൻ കബിലൻ. പ്രൊഡക്ഷൻ കൺട്രോളർ ഡി. രമേശ് കുചിരായർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മീനുശ്രീ ഹരിഹരൻ. ഡിജിറ്റൽ പി.ആർ: അഖിൽ വിഷ്ണു വി.എസ്. പി.ആർ.ഒ: അക്ഷയ് പ്രകാശ്.












