
ലോസ് ഏഞ്ചൽസ്: മലയാള സിനിമയ്ക്കും ഇന്ത്യൻ ചലച്ചിത്ര ലോകത്തിനും ഒരുപോലെ അഭിമാനമായി മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’. ലോസ് ഏഞ്ചൽസിലെ ലോകപ്രശസ്തമായ ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന ചരിത്രനേട്ടമാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രം സ്വന്തമാക്കിയത്. ഫെബ്രുവരി 12-ന് രാത്രി 7.30-ന് മ്യൂസിയത്തിലെ ടെഡ് മാൻ തിയേറ്ററിലായിരുന്നു ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടന്നത്.
അക്കാദമി മ്യൂസിയം സംഘടിപ്പിച്ച ‘വെയർ ദ ഫോറസ്റ്റ് മീറ്റ്സ് ദ സീ’ (Where the Forest Meets the Sea) എന്ന ക്യൂറേറ്റഡ് ഫിലിം സീരീസിന്റെ ഭാഗമായാണ് ഭ്രമയുഗം തിരഞ്ഞെടുക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള ഐതിഹ്യങ്ങളെയും നാടോടിക്കഥകളെയും ആസ്പദമാക്കി നിർമ്മിച്ച ശ്രദ്ധേയമായ ഫോക്ക്-ഹൊറർ ചിത്രങ്ങൾക്കൊപ്പമാണ് മലയാളത്തിന്റെ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് വിസ്മയവും ഇടംപിടിച്ചത്. മിഡ്സോമ്മർ, ദ വിച്ച്, ദ വിക്കർ മാൻ തുടങ്ങിയ ആഗോള ക്ലാസിക്കുകൾക്കൊപ്പം ഒരു മലയാളം സിനിമ പ്രദർശിപ്പിക്കപ്പെട്ടു എന്നത് കേരളത്തിന് വലിയൊരു അംഗീകാരമായി.
പ്രദർശനത്തിന് മുന്നോടിയായി സിനിമയെയും അണിയറപ്രവർത്തകരെയും പരിചയപ്പെടുത്തിയ വേളയിൽ മമ്മൂട്ടിയെ ‘മോളിവുഡ് ലെജൻഡ്’ (Mollywood Legend) എന്ന് വിശേഷിപ്പിച്ചത് സദസ്സിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ഈ പരാമർശത്തെ നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. ഇതിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. സംവിധായകൻ രാഹുൽ സദാശിവന്റെയും നടൻ അർജുൻ അശോകന്റെയും പേരുകൾ അവതാരകർ വേദിയിൽ പ്രത്യേകം പരാമർശിച്ചിരുന്നു.
55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ മികച്ച നടനടക്കം നാല് അവാർഡുകൾ നേടിയതിന് പിന്നാലെയാണ് ഭ്രമയുഗത്തെ തേടി ഈ രാജ്യാന്തര അംഗീകാരം എത്തിയത്. കറുപ്പും വെളുപ്പും ദൃശ്യങ്ങളിലൂടെ ഭയാന്തരീക്ഷം സൃഷ്ടിച്ച ചിത്രത്തിന്റെ സാങ്കേതിക മികവും ശബ്ദ രൂപകൽപ്പനയും നേരത്തെ തന്നെ ആഗോള ശ്രദ്ധ നേടിയിരുന്നു. ലെറ്റർബോക്സ്ഡിന്റെ 2024-ലെ മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ ഭ്രമയുഗം രണ്ടാം സ്ഥാനം നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.











