
പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്‌ഷൻറെ ബാനറിൽ ഒരുക്കുന്ന ‘മോണിക്ക ഒരു എഐ സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ എത്തി. എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമിക്കുകയും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുകയും ചെയ്യുന്ന ഈ ചിത്രത്തിൽ അപർണ മൾബറി ടൈറ്റിൽ റോളിൽ എത്തുന്നു. എഐ സാങ്കേതികവിദ്യയെയും ഒരു കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് ‘മോണിക്ക ഒരു എഐ സ്റ്റോറി’.
ചിത്രത്തിൽ അപർണയ്‌ക്കൊപ്പം മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നിർമാതാവ് മൻസൂർ പള്ളൂരും സംവിധായകൻ ഇ.എം. അഷ്‌റഫും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത്. സിനിമയുടെ സംഗീതം നൽകുന്നത് നജീം അർഷാദ്, യർബാഷ് ബാച്ചു, അപർണ എന്നിവരാണ്. ഛായാഗ്രഹണം ഷറഫുദ്ദീൻ. ഇന്ത്യയിലെ ആദ്യ എഐ തീം സിനിമയായി “മോണിക്ക ഒരു എഐ സ്റ്റോറി”യെ ഇന്ത്യൻ സർക്കാരിൻറെ എഐ പോർട്ടൽ അംഗീകരിച്ചിട്ടുണ്ട്.
നിലവിൽ ഇംഗ്ലിഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപർണ, ഈ സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. കേന്ദ്ര കഥാപാത്രത്തിനു പുറമെ, ഗായികയായും അരങ്ങേറുകയാണ് അപർണ. സിനി അബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, അജയൻ കല്ലായ്, അനിൽ ബേബി, ആൽബർട്ട് അലക്സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്ദുള്ള, പ്രസന്നൻ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളൻ, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാൻ, ആൻമിരദേവ്, ഹാതിം,അലൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുണ്ട്











