ഭാവഗായകൻ പി ജയചന്ദ്രന് നാടിൻറെ അന്ത്യാഞ്ജലി ; ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ ഇന്ന്

P Jayachandran

ഭാവഗായകൻ പി ജയചന്ദ്രന് നാടിൻറെ അന്ത്യാഞ്ജലി.ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ ഇന്ന്.സിനിമ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിൽ നിന്നും നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.ഇരിങ്ങാലക്കുടയിൽ ജയചന്ദ്രൻ പഠിച്ച നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്നായിരിക്കും ഭൗതികശരീരം വഹിച്ച് പറവൂരിലേക്കുള്ള യാത്ര.മലയാള ചലച്ചിത്ര ലോകത്തിനു പകരം വെക്കാൻ കഴിയാത്ത സംഭാവനകൾ നൽകിയ പി ജയചന്ദ്രൻ എക്കാലവും അജയ്യനായി തന്നെ ഹൃദയങ്ങളിൽ കുടിയിരിക്കും.

ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു.ചികിത്സ വേളയിൽ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ജയചന്ദ്രനെ തൃശ്ശൂരിലെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 7.54-നായിരുന്നു മരണം.പി ജയചന്ദ്രൻറെ വിയോഗ വാർത്ത ഞെട്ടലോടെയാണ് നാടും നാട്ടുകാരും ഏറ്റെടുത്തത്.

ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും സിനിമാ -രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉള്‍പ്പടെ നിരവധി പേര്‍ പ്രിയഗായകന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.ഉച്ചകഴിഞ്ഞ് 3.30ന് ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ട് വീട്ടുവളപ്പിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക.മമ്മൂട്ടി,സുജാത മോഹൻ,എംജി ശ്രീകുമാർ, തുടങ്ങി ചലച്ചിത്ര സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.