
ഇപ്പോൾ കേരളത്തിൽ നമ്മൾ കേട്ടുവരുന്ന ഒരു വാർത്തയാണ് സിനിമയിലെ വയലൻസും, ലഹരി ഉപയോഗവും കാരണം കേരളത്തിൽ കൊലപാതകങ്ങളും ,അക്രമങ്ങളും കൂടി വരുന്നു എന്നുള്ളത്. അതിൽ ഭൂരിഭാഗം കേസുകളിലും ഇരയാകുന്നതും, പ്രതിസ്ഥാനത്ത് നിൽക്കുന്നതും യുവതലമുറയാണ്.സിനിമയിലെ ഇത്തരം സീനുകൾ കുട്ടികളെ സ്വാധീനിക്കുന്നവെന്നാണ് പൊതുവെ എല്ലാവരുടെയും അഭിപ്രായം. ഇപ്പോൾ അതിനുള്ള സാധ്യത തള്ളികളായാനാവില്ലെന്ന പക്ഷക്കാരിയാണ് നടി നവ്യ നായരും. കേരളത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെട്ട അക്രമങ്ങൾ പെരുകിയ സാഹചര്യത്തിൽ നവ്യയുടെ പഴയ പ്രസംഗം വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്.

നവ്യ അന്ന് ഭയന്ന് പറഞ്ഞ കാര്യങ്ങൾ ഇന്ന് കേരളത്തിൽ നിരന്തരം സംഭവിക്കുന്നുവെന്നാണ്, പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. നടിയുടെ അന്നത്തെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ.. ഞാൻ ഉൾപ്പെടുന്ന മേഖലയാണ് സിനിമ മേഖല. കിരീടം, ചെങ്കോൽ എന്നീ സിനിമകളിൽ ഗത്യന്തരമില്ലാതെ നായകൻ കൊലപാതകം നടത്തും. ശേഷം ചെയ്തത് തെറ്റായിപ്പോയിയെന്ന് പറഞ്ഞ് ലാലേട്ടന്റെ നായക കഥാപാത്രം വിതുമ്പി കരയുന്നിടത്താണ് ശരിക്കും ഹീറോയിസം. ഒരു കുത്ത് അല്ലെങ്കിൽ ഒന്നോ രണ്ടോ അടി ഇതായിരുന്നു നമ്മുടെ സിനിമയിലെ മാക്സിമം.
എന്നാൽ ഇന്ന് തോക്കുകൊണ്ട് ഒരു അമ്പത് വെടിയൊക്കെയാണ് വെക്കുന്നത്. ചത്ത ആളിനെ പിന്നെയും വെടി വെക്കും. ഇടിച്ചയാളിനെ പിന്നെയും ഇടിക്കും. പറയുമ്പോൾ തമാശയായി പറയുന്നുവെങ്കിലും ഇത് കണ്ട് കണ്ട് നമ്മുടെ ഉള്ളിൽ തീവ്രമായ ഒരു വികാരം ഉണ്ടാകും. കുട്ടികളെ മെന്റലി വളരെ അധിരം എഫക്ടടാക്കാൻ പറ്റുന്ന ഒരു മേഖലയാണ് ഞാൻ ഉൾപ്പെടുന്ന സിനിമ മേഖല. ഇപ്പോൾ സിനിമകളിൽ ഞാൻ കണ്ടിട്ടുള്ള ഒരു കാര്യമാണ് കൊലപാതകങ്ങളും അസഭ്യമായിട്ടുള്ള ഭാഷകളുടെ ഉപയോഗവും. അതുപോലെ ഞാൻ അതിശയത്തോടെ കണ്ടിട്ടുള്ള കാഴ്ചയാണ് എപ്പോഴെങ്കിലും കഞ്ചാവിനെ പറ്റിയുള്ള ഒരു ഡയലോഗ് വന്നാൽ വലിയൊരു കയ്യടി ഓഡിയൻസിന്റെ ഭാഗത്ത് നിന്ന് ഉയരും. എന്നാൽ മുൻപ് അത് പുച്ഛം ആയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ടുണ്ടായ പ്രതിഭാസമാണ് ആ മാറ്റമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
എത്ര കൊന്നാലും മതിയാവില്ല, എത്ര തല്ലിയാലും മതിയാവില്ലെന്ന രീതിയാണ് സിനിമകളിൽ. തമിഴിലും ഹിന്ദിയിലും മലയാളം സിനിമകളിലും ആക്രോശിച്ചുകൊണ്ടാണ് ആളുകളെ ഉപദ്രവിക്കുന്നത്. അറിയാതെ ഈ ഉപദ്രവത്തിന്റെ ആഫ്റ്റർ എഫക്ടൊക്കെ നമ്മുടെ കലാലയത്തിൽ നമുക്ക് ഒരുപാട് കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നുണ്ട്,വെട്ടിലും കുത്തിലും കഞ്ചാവിലും മയക്കുമരുന്നിലും അടിമപ്പെടുമ്പോൾ നമുക്ക് നഷ്ടമാകുന്നത് നമ്മളെ തന്നെയാണ്.കുട്ടികൾ അക്കാഡമിക്സിൽ വലിയ ഉയരങ്ങളിൽ എത്തിയില്ലെങ്കിലും ,മക്കളെ എന്നും ജീവനോടെ കാണണമെന്ന ആഗ്രഹം മാതാപിതാക്കളായ ഞങ്ങൾക്കുണ്ടാകും. നല്ല മനുഷ്യരായി കുട്ടികൾ കലാലയത്തിൽ നിന്നും പുറത്തേക്ക് വരണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഇനിയുള്ള കേരളവും ലോകവും പഠിക്കുന്ന കുട്ടികളുടെ കയ്യിലാണ്, എന്നാണ് നവ്യ പറഞ്ഞത്.












