ധനുഷിനെതിരെ നയൻ‌താര; 3 സെക്കന്റിന് 10 കോടി, ധനുഷ് ഈഗോ വെച്ച് പക തീർക്കുന്നു; നയൻ‌താര

കോളിവുഡിൽ വമ്പൻ താരപ്പോര്. നടൻ ധനുഷിനെതിരെ തുറന്നടിച്ച് നടി നയൻതാര രംഗത്തെത്തി. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയെ ചൊല്ലിയുളള സിനിമാ താരങ്ങൾ തമ്മിലുളള തർക്കമാണ് മറനീക്കി പുറത്ത് വന്നത്.

ധനുഷ് നിര്‍മ്മാതാവായ‘നാനും റൗഡി താൻ’സിനിമയിലെ ഭാഗങ്ങൾ നയൻതാരയുടെ ജീവചരിത്രം ആസ്പദമാക്കി പുറത്തുവരുന്ന ഡോക്യൂമെന്ററിയിൽ ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് തർക്കം. ‘നയൻ‌താര ബീയോണ്ട് ദി ഫെയറി ടൈൽ’ എന്ന ഗൗതം വാസുദേവമേനോൻ സംവിധാനം ചെയ്ത ഡോക്യൂമെന്ററി നെറ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത് .

ഈ ഡോക്യൂമെന്ററിയിൽ ‘നാനും റൗഡി താന്‍’ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര പറയുന്നത്. ഇതിനെച്ചൊല്ലി  നടനും സംവിധായകനും നിർമ്മാതാവുമായ തമിഴ് താരം ധനുഷിനെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി നയന്‍താര. തന്റേയും വിഘ്‌നേഷ് ശിവന്റേയും വിവാഹത്തെക്കുറിച്ചുള്ള നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയ്‌ക്കെതിരെ ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചതിനെതിരെയാണ് നയന്‍താരയുടെ ഇപ്പോഴത്തെ പ്രതികരണം.

നയൻതാരയുടെ മാര്യേജ് ഡോക്യൂമെന്ററിയുടെ ട്രെയിലർ പുറത്ത് വന്നതിനു പിന്നാലെ ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നു എന്നും നയൻ‌താര വെളിപ്പെടുത്തുന്നു. തനിക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനുമെതിരെ ധനുഷ് പ്രതികാരം തീര്‍ക്കുകയാണെന്ന് നയന്‍താര ആരോപിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന തുറന്ന കത്തിലാണ് ധനുഷിനെതിരെ നടി സംസാരിച്ചിരിക്കുന്നത്.

നയന്‍താര-വിഘ്‌നേശ് വിവാഹസമയത്തോട് അനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കാനിരുന്ന നയന്‍താരയെ കുറിച്ചുള്ള ഡോക്യുമെന്ററി വൈകിയതിന് നടൻ ധനുഷാണ് കാരണമെന്ന് നയന്‍താര ഈ കുറിപ്പില്‍ പറയുന്നു. നാനും റൗഡി താൻ എന്ന ധനുഷ് നിർമ്മിച്ച  ചിത്രത്തിന്റെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് 10 കോടി രൂപയുടെ നഷ്ടപരിഹാരം  ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായാണ് നയന്‍താര പറയുന്നത്. ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ധനുഷ് എടുത്ത നീക്കമാണ് ഡോക്യുമെന്ററി ഇത്രയും വൈകാന്‍ കാരണമെന്ന് നയന്‍താര പറയുന്നു.

2022ലായിരുന്നു നയന്‍താരയുടെ വിവാഹം. ഇപ്പോള്‍ രണ്ട് വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്‍ററി റിലീസിന് ഒരുങ്ങുന്നത്. ഈ വരുന്ന നവംബർ 18 ആണ് നയന്‍താരയുടെ മാര്യേജ്  ഡോക്യുമെന്ററിയായ നയന്‍താര ബിയോണ്ട് ദ ഫെയരിടേല്‍ റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായാണ് നയന്‍താര ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

യാതൊരു വിധ സിനിമാ പാരമ്പര്യവും ഇല്ലാതെ സിനിമയില്‍ യാതൊരു ബന്ധങ്ങളൊന്നുമില്ലാതെ ഒരു ഗോഡ്ഫാദർന്മാരുടെയും സഹായമില്ലാതെ കടന്നു വരികയും ഇന്നത്തെ നിലയിലെത്താന്‍ ഒരുപാട് കഷ്ടപ്പെടുകയും ചെയ്ത സ്ത്രീയാണ് താനെന്നും നയന്‍താര പ്രതികരണത്തിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ വര്‍ക്ക് എത്തിക്‌സിനോടാണ് താന്‍ കടപ്പെട്ടിരിക്കുന്നത്. തന്നെ അറിയുന്നവര്‍ക്ക് അത് അറിയാമെന്നും നയന്‍താര പറയുന്നു.

ധനുഷില്‍ നിന്നും എന്‍ഒസി ലഭിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടി വന്നുവെന്നും അതാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകാനുള്ള കാരണമെന്നും നയന്‍താര പറയുന്നുണ്ട്. മൂന്ന് പേജുള്ള തുറന്ന ഒരു കത്തിലൂടെയാണ് നയൻ‌താര  ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

നാനും റൗഡി താന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയത്തിലാകുന്നത്. ഡോക്യുമെന്ററി പ്രമോയിലും ഇരുവരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.  ചിത്രത്തിൽ നായകൻ ആയെത്തിയത് വിജയ് സേതുപതിയാണ്. ഈ ചിത്രം നിർമ്മിച്ചത് ധനുഷാണ്. പ്രേക്ഷകർ ഈ സിനിമ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റുമായിരുന്നു.

എന്നാല്‍ പക്ഷെ ഈ സിനിമയുടെ വിജയം ധനുഷിന് അംഗീകരിക്കാന്‍ സാധിച്ചില്ലെന്നും പല സിനിമാ സര്‍ക്കിളിലും ധനുഷ് ഈ സിനിമയെക്കുറിച്ച് മോശം പറഞ്ഞത് താന്‍ അറിഞ്ഞിരുന്നുവെന്നും നയന്‍താര പറയുന്നുണ്ട്. തന്നോടും തന്റെ പങ്കാളിയോടും തങ്ങളുടെ ചിത്രത്തോടും ധനുഷ് പ്രതികാരം ചെയ്യുന്നുണ്ട് എന്നാണ് നയൻ‌താര പറയുന്നത്.

നയന്‍താരയുടെ കരിയറും ജീവിതവും പ്രതിപാദിക്കുന്ന ഈ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിനായി ധനുഷിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ധനുഷ് എന്‍ഒസി അഥവാ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്)തരാതെ വൈകിപ്പിച്ചുവെന്ന് നയന്‍താര പറയുന്നു. പല തവണ അഭ്യര്‍ത്ഥിച്ചിട്ടും നാനും റൗഡി താനില്‍ നിന്നുള്ള ദൃശ്യങ്ങളോ ചിത്രങ്ങള്‍ പോലുമോ തങ്ങളുടെ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കാന്‍ ധനുഷ് സമ്മതിച്ചില്ല എന്നും നയൻ‌താര ചൂണ്ടി കാണിക്കുന്നു.

ചിത്രത്തിലെ പാട്ടുകള്‍ ഉപയോഗിക്കാനും അനുവദിച്ചില്ലെന്നാണ് നയന്‍താര പറയുന്നത്. ഇപ്പോള്‍ ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി ആവശ്യപ്പെട്ടുകൊണ്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണെന്നും നയന്‍താര പറഞ്ഞു. നാനും റൗഡി താന്‍’ സിനിമയുടെ ഷൂട്ട് സമയത്ത് ചിലര്‍ ഷൂട്ട് ചെയ്ത ലൊക്കേഷന്‍ വീഡിയോകള്‍ മൂന്ന് സെക്കന്റ് സമയം ഡോക്യുമെന്ററിയില്‍ കാണിച്ചിട്ടുണ്ട്. ഇതിന്റെ പേരിലാണ് ധനുഷ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും നയന്‍താര കത്തില്‍ പറയുന്നു.

മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് പത്ത് കോടി രൂപയുടെ വക്കീല്‍ നോട്ടീസ് അയച്ചതോടെ ധനുഷ് എന്ന വ്യക്തി എത്ര ചെറുതാണെന്ന് വ്യക്തമായെന്നും നയന്‍താര പറയുന്നു. ഓഡിയോ ലോഞ്ചില്‍ നിഷ്‌കളങ്കരായ ആരാധകര്‍ക്ക് മുന്നില്‍ പ്രസംഗിക്കുന്നതിന്റെ പകുതി പോലുമില്ല നിങ്ങള്‍. ആളുകളുടെ ജീവിതം നിയന്ത്രിക്കുന്ന ഏകാധിപതിയാണോ നിര്‍മ്മാതാവ്? എന്നും നയന്‍താര ചോദിക്കുന്നുണ്ട്.

എന്‍ഒസി നിരസിച്ചതിനെ ഒരുപക്ഷെ നിങ്ങള്‍ക്ക് കോടതിയില്‍ ന്യായീകരിക്കാനാകും എന്നാല്‍ ദൈവത്തിന്റെ കോടതിയില്‍ അതിനെ നിങ്ങള്‍ പ്രതിരോധിക്കേണ്ടി വരുമെന്നും നയന്‍താര ധനുഷിനോടായി പറയുന്നുണ്ട്. നിര്‍മ്മാതാവെന്ന നിലയില്‍ ധനുഷിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നാണ് നാനും റൗഡി താന്‍.

എന്നാല്‍ സിനിമയുടെ റിലീസിന് മുമ്പ് നിങ്ങള്‍ പറഞ്ഞതെല്ലാം ഇപ്പോഴും ഉണങ്ങാത്ത മുറിവാണ് തങ്ങള്‍ക്ക് എന്നും നയൻ‌താര പറയുന്നു. നാനും റൗഡി താന്‍’ സിനിമയുടെ സമയത്തും ധനുഷിന്റെ ഭാഗത്ത് നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായെന്നും സിനിമ ഇഷ്ടപ്പെടാതിരുന്ന ധനുഷ് പിന്നീട് ചിത്രത്തിനുണ്ടായ വലിയ വിജയത്തില്‍ അസ്വസ്ഥനായിരുന്നെന്നും നയന്‍താര വെളിപ്പെടുത്തി.

സിനിമ ബ്ലോക്ബസ്റ്റര്‍ ആയപ്പോള്‍ ധനുഷിന്റെ ഈഗോയ്ക്ക് മുറിവേറ്റു. തുടര്‍ന്ന് അവാര്‍ഡ് ഷോയിലടക്കം നടന്ന കാര്യങ്ങളില്‍ നിന്നും സാധാരണക്കാരന് പോലും അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും നയന്‍താര പറയുന്നുണ്ട്. അടുത്ത ഓഡിയോ ലോഞ്ചില്‍ എന്തെങ്കിലും കഥയുണ്ടാക്കി പഞ്ച് ലൈനും ചേര്‍ത്ത് പറയാന്‍ നിങ്ങള്‍ക്കാകും. പക്ഷെ ദൈവം എല്ലാം കാണുന്നുണ്ട്. നിങ്ങളും ഞങ്ങളുടെ ഡോക്യുമെന്ററി കാണണം. അതിലൂടെ നിങ്ങളുടെ മനസ് മാറിയേക്കും. സ്‌പ്രെഡ് ലവ്വ് എന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. എന്നെങ്കിലും നിങ്ങള്‍ക്ക് പറയുന്നത് മാത്രമല്ലാതെ അതിന് സാധിക്കുക കൂടി ചെയ്യട്ടെ എന്ന് ആശംസിക്കുന്നുവെന്നും നയന്‍താര പറയുന്നുണ്ട്.