
അഭിനേത്രി എന്നതിലുപരി നയൻതാര ഒരു സംരംഭക കൂടിയാണ്. തെന്നിന്ത്യൻ സിനിമാ ലോകത്ത് സൂപ്പർതാര പദവിയുള്ള നയൻതാരയുടെ പ്രൊഫഷണലിസം ഏവരും എടുത്ത് പറയാറുണ്ട്. കരിയറിനോട് നടി കാണിച്ച ആത്മാർത്ഥത കൊണ്ടാണ് ഇന്നത്തെ താര പദവിയിലേക്ക് നയൻതാര എത്തിയത്.
വലിയ വിവാദങ്ങളുണ്ടായപ്പോഴും ഇതൊന്നും കരിയറിനെ ബാധിക്കാതെ മുന്നോട്ട് കൊണ്ട് പോകാൻ നടിക്ക് സാധിച്ചു. പൊതുവെ വിവാദങ്ങളോടെ മുഖം തിരിക്കുന്ന പ്രകൃതമാണ് നടിയുടേത്. ഒരു ഘട്ടത്തിൽ താര പദവി നഷ്ടപ്പെട്ട നയൻതാര സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത് പൂർവാധികം ശക്തിയോടെയാണ്.
ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതിയും തിരിച്ച് വരവിൽ നയൻതാര സ്വന്തമാക്കി. അതേസമയം തിരിച്ച് വരവിന് ശേഷം കരിയറിൽ വലിയ നിബന്ധനകൾ നടി വെച്ചു. ആദ്യമായി ഒരു കാലത്ത് ഗോസിപ്പുകൾ കൊണ്ട് വേട്ടയാടിയ മാധ്യമങ്ങളെ നടി അവഗണിച്ചു. സിനിമകളുടെ പ്രൊമോഷൻ ഇവന്റുകൾക്ക് നടി വരാതായി. ഒരു സിനിമയ്ക്ക് ഒപ്പുവെക്കുന്നതിന് മുമ്പ് ഇക്കാര്യം നടി വ്യക്തമാക്കാറുമുണ്ട്.

പ്രൊമോഷൻ അത്യാവശ്യമാണെങ്കിൽ നേരത്തെ ഷൂട്ട് ചെയ്യുന്ന ഒരു അഭിമുഖ വീഡിയോ എല്ലാ മീഡിയകൾക്കും നൽകും. നയൻതാരയുടെ താരമൂല്യം കണക്കിലെടുത്ത് ഈ കടുത്ത നിബന്ധന നിർമാതാക്കൾ അംഗീകരിക്കാറാണ് പതിവ്. ഒരുപാട് ലെെം ലെെറ്റിൽ കാണാത്തതിനാൽ ജനശ്രദ്ധ നിലനിർത്താൻ നയൻതാരയെ നോ പ്രൊമോഷൻ പോളിസി സഹായിക്കുന്നുമുണ്ട്.
അതേസമയം അടുത്ത കാലത്തായി നയൻതാരയുടെ കടുത്ത നിബന്ധനകളിലുള്ള എതിർപ്പ് നിർമാതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്. പ്രതിഫലത്തിൽ സൗത്ത് ഇന്ത്യൻ നായികമാരിൽ മുൻപന്തിയിലാണ് നയൻതാര . 10-12 കോടിയാണ് ഒരു സിനിമക്ക് നയൻതാര വാങ്ങുന്നത് . എന്നാൽ താരത്തിന്റെ ഇപ്പോഴത്തെ പ്രവൃത്തി ഒരുപക്ഷെ പ്രൊഡ്യൂസർമാരെ കൂടുതൽ ചൊടിപ്പിച്ചേക്കും.
നയൻതാരയുടെ സ്കിൻ കെയർ ബ്രാൻഡായ 9 സ്കിൻ കഴിഞ്ഞ ദിവസം മുംബൈയിൽ ലോഞ്ച് ചെയ്തു. ഈ ഇവന്റിന് നടി എത്തുകയും മീഡിയകളോട് സംസാരിക്കുകയും ചെയ്തു. എന്നാൽ സ്വന്തം ബിസിനസിന് നേരിട്ടെത്തേണ്ടത് താരത്തിന് അത്യാവശ്യമാണ്. എന്നാൽ സിനിമകൾക്ക് കോടികൾ കൈ പറ്റുന്ന നയൻതാര പ്രൊമോഷനുകൾക്ക് എത്താത്തതും ഷൂട്ടിംഗിൽ കാണിക്കുന്ന നിബന്ധനകളും വിമർശകർ ചൂണ്ടിക്കാണിക്കാനിടയുണ്ട്.
അതേസമയം ഇവന്റിൽ നടി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. താൻ കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടില്ലെന്നും തന്റെ പുരികത്തിന് വരുന്ന മാറ്റങ്ങളാകാം ഇതിന് കാരണമെന്നും നടി പറഞ്ഞു. കോസ്മെറ്റിക് സർജറി തെറ്റാണെന്നല്ല. പക്ഷെ ഡയറ്റിംഗാണ് എന്റെ മാറ്റത്തിന് കാരണമെന്നും ശരീരഭാരം ഇടയ്ക്കിടെ കൂടുകയും കുറയുകയും ചെയ്തതിനാൽ കവിൾ ചാടാനും ഒട്ടാനും തുടങ്ങി. നിങ്ങൾക്കെന്നെ നുള്ളി നോക്കാം, പ്ലാസ്റ്റിക് ഇല്ലെന്ന് മനസിലാകുമെന്നും നയൻതാര ചിരിയോടെ പറഞ്ഞു.
തന്റെ സ്കിൻ കെയർ ബ്രാൻഡായ 9 സ്കിന്നുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് നയൻതാര അഭ്യൂഹങ്ങളോട് പ്രതികരിച്ചത്. കോടികൾ മുടക്കുന്ന നിർമാതാവിന് സിനിമ ബിസിനസാണ്. അവരുടെ ആവശ്യം എന്തുകൊണ്ട് നടി പരിഗണിക്കുന്നില്ല എന്ന ചോദ്യം വന്നേക്കും. ഇതിൽ ഏറ്റവും വിനയാകുക സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്ചേർസ് നിർമ്മിച്ച കണക്ട് എന്ന സിനിമയുടെ പ്രൊമോഷന് നയൻതാര എത്തിയതാണ്.











