
നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി സുന്ദർ സി. സംവിധാനം ചെയ്യുന്ന ‘മൂക്കുത്തി അമ്മൻ 2: മഹാശക്തി’യുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രം തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അണിയറപ്രവർത്തകർ വീഡിയോ പുറത്തുവിട്ടത്. വെള്ളിയാഴ്ചയാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഡിവൈൻ എന്റർടൈനറായാണ് ചിത്രം ഒരുങ്ങുന്നത്. സെൻസറിങ് പൂർത്തിയാക്കിയ സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ട്രെയിലറും വലിയ ശ്രദ്ധ നേടിയിരുന്നു.
ലോകമെമ്പാടുമുള്ള പ്രേക്ഷകശ്രദ്ധ നേടിയ ‘മൂക്കുത്തി അമ്മൻ’ ആദ്യഭാഗത്തിന് പിന്നാലെ എത്തുന്ന രണ്ടാം ഭാഗത്തിൽ ഭക്തിയും നർമവും സാമൂഹിക പ്രസക്തിയുമെല്ലാം സമന്വയിപ്പിച്ചാണ് കഥ അവതരിപ്പിക്കുന്നത്. ‘മഹാശക്തി’ എന്ന പേരിൽ എത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. നയൻതാരയ്ക്കൊപ്പം ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്, സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്, സുനിൽ വർമ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും സുന്ദർ സി. നിർവഹിക്കുന്നു. ഹിപ്പ്ഹോപ്പ് തമിഴ ആദിയാണ് സംഗീത സംവിധാനം. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവർ സഹനിർമാതാക്കളാണ്. സിനി കണക്റ്റ് കമ്യൂണിക്കേഷൻസാണ് ചിത്രത്തിന്റെ മാർക്കറ്റിങ് നിർവഹിക്കുന്നത്. പി.ആർ.ഒ: പ്രതീഷ് ശേഖർ.












