
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആവേശ’ത്തിലെ തരംഗമായി മാറിയ ‘രങ്കണ്ണൻ’ എന്ന കഥാപാത്രത്തിന്റെ ലുക്കിന് പിന്നിലെ രസകരമായ അനുഭവം പങ്കുവെച്ച് നടൻ ഫഹദ് ഫാസിൽ. ചിത്രത്തിന്റെ ആദ്യ കോസ്റ്റ്യൂം ട്രയൽസിൽ താൻ അണിഞ്ഞത് ഭാര്യയും നടിയുമായ നസ്രിയയുടെ സ്വർണാഭരണങ്ങളായിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഈ ഓർമ്മകൾ പങ്കുവെച്ചത്.
ട്രയലിന്റെ ഭാഗമായി ആദ്യമായി വെള്ളയും വെള്ളയും ധരിച്ചു നോക്കിയപ്പോൾ നസ്രിയയുടെ സ്വർണ്ണമാണ് അണിഞ്ഞതെന്നും, അതുകൊണ്ട് തന്നെയാണ് ആ ലുക്ക് നസ്രിയയ്ക്ക് ഏറെ പ്രിയപ്പെട്ടതായതെന്നും ഫഹദ് പറഞ്ഞു. “എന്റെ ജീവിതത്തിൽ നസ്രിയയാണ് രംഗ, ഞാൻ അവളുടെ അമ്പാനാണ്” എന്ന് തമാശരൂപേണ താരം കൂട്ടിച്ചേർത്തു.
ചിത്രത്തിൽ രങ്കണ്ണനായി പിന്നീട് 60 പവനോളം വരുന്ന യഥാർത്ഥ സ്വർണാഭരണങ്ങളാണ് കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ പ്രത്യേകം ഡിസൈൻ ചെയ്ത് നിർമ്മിച്ചത്. റീൽസ് ട്രെൻഡുകളിലും സോഷ്യൽ മീഡിയയിലും ഇന്നും വലിയ ഹിറ്റായി തുടരുന്ന രങ്കണ്ണന്റെ ഐക്കോണിക് ലുക്കിന്റെ തുടക്കത്തെക്കുറിച്ചുള്ള ഫഹദിന്റെ ഈ തുറന്നുപറച്ചിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.












