
കൊച്ചി: മലയാള സിനിമയിൽ പുതിയ റെക്കോർഡുകൾ കുറിച്ചുകൊണ്ട് നിവിൻ പോളിയുടെ ‘സർവ്വം മായ’ ആഗോള ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ഫാന്റസി ഹൊറർ കോമഡി ചിത്രം റിലീസ് ചെയ്ത് വെറും പത്ത് ദിവസത്തിനുള്ളിലാണ് ഈ വമ്പൻ നേട്ടം സ്വന്തമാക്കിയത്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന വിജയചിത്രത്തിന് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണിത്.
ക്രിസ്മസ് റിലീസായി ഡിസംബർ 25-ന് തിയേറ്ററുകളിൽ എത്തിയ സിനിമയ്ക്ക് ആദ്യ ദിനം മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിവിൻ പോളി – അജു വർഗീസ് കൂട്ടുകെട്ട് പത്താം തവണ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പഴയ നിവിൻ പോളിയെ സ്ക്രീനിൽ തിരികെ ലഭിച്ചു എന്നാണ് പ്രേക്ഷകരുടെ പൊതുവായ അഭിപ്രായം. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ ടിക്കറ്റ് ബുക്കിംഗിൽ വലിയ കുതിപ്പാണ് ചിത്രം നടത്തുന്നത്.
ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ഒന്നാം പകുതിയും വൈകാരികമായ രണ്ടാം പകുതിയുമാണ് ചിത്രത്തിന്റെ വിജയരഹസ്യം. ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ഫയർഫ്ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2026-ലെ മലയാള സിനിമയുടെ ഏറ്റവും വലിയ വാണിജ്യ വിജയമായി ‘സർവ്വം മായ’ മാറിക്കഴിഞ്ഞു.











