പ്രമുഖ മ്യൂസിക് ബാൻഡ് ‘വൺ ഡയറക്ഷൻ’ ഗായകൻ ലിയാം പെയ്ൻ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

വെറും 16 ഉം 17 ഉം 18 ഉം വയസുള്ള അഞ്ചു ചെറുപ്പക്കാർ ചേർന്ന് കൗമാരക്കാർക്കിടയിൽ തീർത്ത ആവേശമായിരുന്നു വൺ ഡയറക്‌ഷൻ എന്ന ബ്രിട്ടീഷ് ബോയ് ബാൻഡ് . ലിയാം പെയ്ൻ , ഹാരി സ്റ്റൈൽസ് , സയൻ , ലൂയിസ് ടോംലിന്സൺ , നിയൽ ഹോറൻ എന്നിവർ ചേർന്നതായിരുന്നു ആ സംഘം . ചുരുങ്ങിയ കാലം കൊണ്ട് ഇവർ ലോക പ്രശസ്തി നേടി ആരാധകരെ കൈയ്യിലെടുത്തു .

എന്നാൽ ഈ മ്യൂസിക് ബാൻഡ് തനിക്ക് പേർസണൽ ലൈഫിൽ പോലും ഫ്രീഡം തരുന്നില്ല കടുത്ത മെന്റൽ സ്ട്രെസ് താൻ അനുഭവിക്കുന്നുണ്ടെന്ന് സയൻ മാലിക് തുറന്നു പറഞ്ഞിരുന്നു . വ്യക്തിജീവിതത്തിൽ തനിക്ക് സമയം ലഭിക്കുന്നില്ല എന്ന കാരണത്താൽ സയൻ 2015 ൽ ഈ ബാൻഡിൽ നിന്നും പിന്മാറി . പിന്നാലെ 2016 അധികം വൈകാതെ തന്നെ ഈ ബാൻഡ് പിരിച്ചുവിടുകയും ചെയ്തു .

ഇപ്പോൾ ലിയാം പയിന്റെ മരണ വാർത്ത പുറത്തുവരുമ്പോൾ തൊണ്ണൂറുകളിലെ കൂട്ടുകാർക്ക് ഇതൊരു വലിയ ഞെട്ടൽ ആയിരിക്കുകയാണ് . ‘ What makes you beautiful, Kiss You, Perfect, Night Chanfges, Best Song Ever, Steal My Girl’…. തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ടവയാണ് .

‘ദി എക്സ് ഫാക്ടർ’ എന്ന റിയാലിറ്റി ഷോയിൽ പാടാൻ വരുമ്പോൾ ലിയാം പെയ്നിന് പ്രായം വെറും 14 വയസായിരുന്നു . അവിടെനിന്നും വളർന്നു വന്ന ബാന്ഡായിരുന്നു ‘വൺ ഡയറക്ഷൻ ‘ . തുടക്കം മുതൽ ബാൻഡിന്റെ വളർച്ചയിലെ ഒരു ഭാഗമായിരുന്നു ലിയാം പെയ്ൻ . സയൻ മാലിക് പറഞ്ഞതുപോലെ മാനസീക സമ്മർദം കൂടിയതിനാലായിരിക്കും പിന്നീട്  ലിയാം പതുക്കെ മദ്യത്തിനും ലഹരിക്കും അടിമയായി മാറി . അത് പിന്നെ ലിയാമിന്റെ കരീയറിനെ വേട്ടയാടാൻ തുടങ്ങി .

2015 ൽ ബാൻഡ് വേർപിരിഞ്ഞപ്പോൾ സ്വതന്ത്ര കരിയറിൽ തനിക്ക് കടുത്ത മാനസിക സമ്മർദം നേരിടേണ്ടി വന്നതായി ലിയാം മുൻപ് പറഞ്ഞിട്ടുണ്ട് . ഈ കാലയളവില്‍ ലോകമെമ്പാടും 70 ദശലക്ഷത്തിലധികം  വിറ്റഴിച്ച് റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ഗ്രൂപ്പ് ആഗോള സ്റ്റാര്‍ഡം നേടിയെടുത്തു. ബാന്‍ഡില്‍ നിന്നുള്ള പെയ്‌ന്റെ വിടവാങ്ങലിന് പിന്നാലെ അദ്ദേഹത്തിന്റെ ആദ്യ ആല്‍ബം പ്രകാശനം നടത്തി. 2017-ലായിരുന്നു സോളോ ആല്‍ബം പുറത്ത് വരുന്നത്.

എന്നാൽ ഇക്കഴിഞ്ഞ ഒക്ടോബര് 16 ന് ആണ് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഒരു ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ്  ലിയാം ഈ ലോകത്തോട് വിടപറഞ്ഞത് . 31 വയസായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. വീഴ്ചയില്‍ തന്നെ മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

മരണത്തിന് മുന്‍പ് ഹോട്ടല്‍ ലോബിയില്‍ വച്ച് താരം അസ്വഭാവികമായി പെരുമാറിയിരുന്നെന്നും സ്വന്തം ലാപ്ടോപ് തല്ലിതകര്‍ത്ത് മുറിയിലേക്ക് പോകുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ചില ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് .  ഹോട്ടലില്‍ മദ്യപിച്ച്  ഒരാള്‍ ബഹളമുണ്ടാക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. എന്നാല്‍ പൊലീസ് വന്നയുടന്‍ ബാല്‍ക്കണിയില്‍ നിന്നും എന്തോ താഴേക്കുവീഴുന്ന ശബ്ദം കേട്ടു. പിന്നാലെ നടന്ന തിരച്ചിലിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍  പറയുന്നു. ലിയാം മദ്യമോ മയക്കുമരുന്നോ ഉപയോ​ഗിച്ചിരുന്നതായും അധികൃതർ അറിയിക്കുന്നു. ലിയാം പെയ്ൻ താമസിച്ചിരുന്ന മുറിയില്‍ ലഹരിമരുന്ന് കണ്ടെത്തിയതായും മുറിയിലെ ടിവി തകര്‍ത്തതായും റിപ്പോർട്ടുണ്ട്.

താന്‍ കടുത്ത മദ്യപാനിയായിരുന്നെന്നും മാനസികപ്രശ്നങ്ങളോട് പോരാടുന്നതായും അദ്ദേഹം തന്നെ മുന്‍പ് പല അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇത് വ്യക്തിജീവിതത്തിലും കരിയറിലും പ്രശ്നങ്ങള്‍ക്ക് കാരണമായി. കടുത്ത മദ്യാസക്തിയെ നേരിടാന്‍ ചികില്‍സയിലായിരുന്നുവെന്നും ലിയം പെയ്ൻ തുറന്ന് പറഞ്ഞിട്ടുണ്ട്. ലിയാം താമസിച്ചിരുന്ന ഹോട്ടൽ മുറിയുടെ ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് ചാടിയതെന്നാണ് പ്രാഥമിക നി​ഗമനം. മരണം ആത്മഹത്യയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

അതേസമയം താരത്തിന്‍റെ മരണത്തില്‍ ആരാധകര്‍ ദുരൂഹതയും ആരോപിക്കുന്നുണ്ട്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് കാമുകിക്കൊപ്പമുള്ള വീഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു . പിന്നീട് ഇങ്ങനെ അദ്ദേഹം ചെയ്തതെന്തിനാണെന്നും ചിലർ സംശയിക്കുന്നുണ്ട് . സെപ്റ്റംബർ 30ന് കാമുകി കെയിറ്റ് കാസിഡിയയോടൊപ്പം അർജന്റീനയിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ ദൃശ്യങ്ങളാണ് താരം പങ്കുവെച്ചത് . എന്നാൽ ഈ മാസം 14ന് കാമുകി തിരിച്ച് പോകുകയും ലിയാം അർജന്റീനയിൽ തന്നെ തുടരുകയുമായിരുന്നു.

മുൻ കാമുകി മായ ഹെന്റിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളെ തുടർന്ന് ലിയാം സമ്മർദ്ദത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. മോഡലും എഴുത്തുക്കാരിയുമായിരുന്നു മായ ഹെന്റി. 2022ലാണ് ഇരുവരും വേർപിരിഞ്ഞത്.

ചെറിയ പ്രായത്തിൽ ചുരുങ്ങിയ സമയം കൊണ്ട് ലോക പ്രശസ്തി നേടിയ താരത്തിന് ഇങ്ങനൊരു അപകടം സംഭവിച്ചതിലുള്ള ഞെട്ടലിലാണ് സെലിബ്രിറ്റികളും . കഴിവും പ്രശസ്തിയും അതിനൊപ്പം ഗ്ലാമറും ഒത്തിണങ്ങിയ സെലിബ്രിറ്റികളുടെ മായാലോകത്തിൽ ഒരു ഓർമയായി ലിയാം പെയ്‌നും .