
നടി ശ്രീദേവിയുടെ വ്യക്തി ജീവിതം സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായതാണ്. ബോളിവുഡ് ബോണി കപൂറുമായുള്ള പ്രണയവും വിവാഹവും ബോളിവുഡിൽ ചർച്ചാ വിഷയമായി. പകരം വെക്കാനില്ലാത്ത താര റാണിയാണ് അന്ന് ശ്രീദേവി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ബോണി കപൂറുമായി അടുത്ത ശ്രീദേവി ഇദ്ദേഹത്തെ വിവാഹവും ചെയ്തു. ശ്രീദേവിക്കൊപ്പം ജീവിക്കാൻ വേണ്ടി ബോണി കപൂർ ആദ്യ വിവാഹബന്ധം ഉപേക്ഷിച്ചു. അന്നുണ്ടായ സംഭവങ്ങളെക്കുറിച്ച് ശ്രീദേവിയുടെ സുഹൃത്തായിരുന്ന നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ശ്രീദേവിയുടെ അച്ഛൻ മരിച്ച ശേഷം കുടുംബത്തിലെ കാര്യങ്ങൾ മുന്നിൽ നിന്ന് ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല എന്നും കുട്ടി പത്മിനി പറയുന്നു. ശ്രീദേവിയുടെ കുടുംബവുമായി ബോണി പെട്ടെന്ന് അടുത്തു. ചെന്നെയിൽ നിന്നും മുംബൈയിലേക്ക് പോയതിന് ശേഷം ശ്രീദേവിയുടെ പല കാര്യങ്ങളും നോക്കിയത് ബോണി കപൂറാണ്. ശ്രീദേവിയുടെ സിനിമകളുടെ കാര്യത്തിൽ തീരുമാനം എടുത്തു. ചില കമ്പനികളിൽ നിന്നും പണം കൃത്യമായി ലഭിച്ചില്ലെങ്കിൽ ശ്രീദേവിയുടെ അമ്മ ബോണി കപൂറിനോട് പറയുമായിരുന്നു എന്നും കുട്ടി പത്മിനി പറയുന്നു.

ശ്രീദേവിയുടെ അമ്മയ്ക്ക് ട്യൂമറിന് സർജറി വേണ്ടി വന്ന സമയത്ത് ബോണി കപൂറും സഹായത്തിന് ഇവർക്കൊപ്പം അമേരിക്കയിലേക്ക് പോയിരുന്നു. ഇടത് വശത്ത് ചെയ്യേണ്ട സർജറി വലത് വശത്താണ് അന്ന് ചെയ്തത്. തെറ്റായി ഓപ്പറേഷൻ ചെയ്തത് കാരണം അമ്മ മരിക്കുകയും ചെയ്തു. അത് ശ്രീദേവിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ശ്രീദേവിയുടെ ലോകം തന്നെ അവരുടെ അമ്മയായിരുന്നു. അമേരിക്കയിൽ നിന്നും തിരിച്ച് വന്നപ്പോൾ ശ്രീദേവിക്കൊരു തുണ വേണ്ടി വന്നു. ആ തുണയായിരുന്നു ബോണി കപൂർ എന്നും കുട്ടി പത്മിനി പറയുന്നു. ബോണി കപൂറിനെ വിവാഹം ചെയ്യാൻ ശ്രീദേവി അങ്ങനെ തീരുമാനിച്ചു. എന്നാൽ ശ്രീദേവിയുടെ കുടുംബത്തിലെ എല്ലാവരും ഈ ബന്ധം വേണ്ടെന്ന് പറഞ്ഞു. പക്ഷെ ശ്രീദേവി ആര് പറഞ്ഞിട്ടും കേട്ടില്ല. ശ്രീദേവിയുടെ ആവശ്യ പ്രകാരം ബോണി കപൂർ തന്റെ ആദ്യ ഭാര്യയുമായി വിവാഹ ബന്ധം പിരിഞ്ഞു. അത് സിനിമാ ലോകത്താകെ വലിയ ചർച്ചാ വിഷയമായി മാറി. ആ സമയത്താണ് താൻ ഡൽഹിയിൽ നിന്നും ശ്രീദേവി കശ്മീരിൽ നിന്നും ബോംബെയിലേക്ക് പോകുന്നത് എന്നും കുട്ടി പത്മിനി ഓർക്കുന്നു. ഒരേ ഫ്ലെെറ്റിലാണ് അന്ന് തങ്ങൾ പോയത്. ശ്രീദേവി വന്ന് തന്റെ അടുത്തിരുന്നു. ഏറെക്കാലത്തിന് ശേഷം കണ്ടതിൽ വളരെ സന്തോഷം തോന്നി. ഒരുപാട് കാര്യങ്ങൾ അന്ന് തങ്ങൾ സംസാരിച്ചു എന്നും അവസാനം താൻ ചോദിച്ചു. കല്യാണം കഴിഞ്ഞയാളെ കല്യാണം കഴിക്കുന്നു എന്ന് കേൾക്കുന്നു, ഇതിന്റെയൊക്കെ ആവശ്യമുണ്ടോ ശ്രീ നിനക്കെന്ന് ചോദിച്ചു.

നീ വിചാരിച്ചാൽ ലോകം തന്നെ നിന്റെ കാൽക്കീഴിൽ ആയിരിക്കും, എത്ര പേർ നിന്നെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നെന്ന് താൻ അവളോട് ചോദിച്ചു. നിനക്കറിയില്ല, തന്റെ സ്ഥാനത്താണെങ്കിലേ നിനക്കത് മനസിലാവൂ എന്ന് ശ്രീദേവി തന്നോട് പറഞ്ഞു എന്നും കുട്ടി പത്മിനി ഓർക്കുന്നു. ആര് ആരുടെ സ്ഥാനത്തിൽ ആണെങ്കിലെന്താ ശ്രീ, ഇത് തെറ്റല്ലേ, ഒരാളുടെ കണ്ണീർ വീഴ്ത്തി നിനക്ക് നിന്റെ വീട്ടിലെ വിളക്ക് കത്തിക്കാനാകുമോ എന്ന് താൻ ശ്രീദേവിയോട് ചോദിച്ചു. ശ്രീദേവിക്ക് അതുകേട്ട് ദേഷ്യം വന്നു. തനിക്കതേക്കുറിച്ച് സംസാരിക്കേണ്ട എന്ന് ശ്രീദേവി തന്നോട് പറഞ്ഞു. ഫ്ലെെറ്റ് ലാന്റായി ഇറങ്ങി പോകുമ്പോൾ ഒരു ബൈ മാത്രം ശ്രീദേവി തന്നോട് പറഞ്ഞു. അതിന് ശേഷം പലയിടങ്ങളിൽ വെച്ച് തങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഒരു ചിരി മാത്രം സമ്മാനിച്ച് പോകും. എന്നാൽ ഏറെക്കാലത്തിന് ശേഷം ഒരിക്കൽ കണ്ടപ്പോൾ ശ്രീദേവി തന്നോട് ചിരിച്ച് സംസാരിച്ചെന്നും കുട്ടി പത്മിനി ഓർക്കുന്നു. ഇന്ത്യൻ സിനിമ ലോകത്തെ വിസ്മയം തന്നെയായിരുന്നു അന്തരിച്ച നടി ശ്രീദേവി. വശ്യമായ സൗന്ദര്യവും അഭിനയ മികവും ശ്രീദേവിയെ ഉയരങ്ങളിൽ കൊണ്ടെത്തിച്ചു. കരിയറിൽ പേരും പ്രശസ്തിയും ലഭിച്ചപ്പോഴും ശ്രീദേവിയെ തേടി ഗോസിപ്പുകൾ തുടരെ വന്നു. സിനിമ കഥ പോലെ നാടകീയമായാണ് പലപ്പോഴും ശ്രീദേവിയുടെ ജീവിതം മുന്നോട്ട് പോയത്. അതേസമയം ആഘോഷിക്കപ്പെട്ട നടിയാണെങ്കിൽ പോലും വിവാഹിതനായ നിർമാതാവ് ബോണി കപൂറുമായുള്ള അടുപ്പവും വിവാഹവും ശ്രീദേവിക്ക് നേരെ സിനിമ രംഗത്തും പുറത്തും വിമർശനങ്ങൾ വരാൻ കാരണമായി. ബോണി കപൂറിന്റെ ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് ശ്രീദേവി ഇദ്ദേഹവുമായി അടുക്കുന്നത്. ശ്രീദേവി ഗർഭിണിയായതോടെ ആദ്യ ഭാര്യ ബന്ധം പിരിഞ്ഞെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. ജാന്വി കപൂറും ഖുശി കപൂറൂമാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മക്കൾ. ഇരുവരും ബോളിവുഡിൽ സജീവമാണ്.











