ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തിയ ‘പ്രൈവറ്റ്’ ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങി

മറ്റൊരു മലയാള ചിത്രം കൂടി ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തിരിക്കുന്നു. നടൻ ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പ്രൈവറ്റ്’ എന്ന സിനിമയാണ് ഒടിടി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മനോരമ മാക്‌സിലൂടെ ഇന്നലെ മുതൽ ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചു.

നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവഹിച്ച ‘പ്രൈവറ്റ്’, ഒക്ടോബർ 10-നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. തിയറ്റർ റിലീസിന് ശേഷം ഏകദേശം ഒരു മാസക്കാലയളവിനു ശേഷമാണ് ചിത്രം ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തിയിരിക്കുന്നത്.

‘ലെറ്റ്‌സ് ഗോ ഫോർ എ വാക്ക്’ എന്ന ആകർഷകമായ ടാഗ്‌ലൈനോട് കൂടിയാണ് ചിത്രം അവതരിപ്പിക്കപ്പെട്ടത്. വി കെ ഷബീറിൻ്റെ ബാനറായ സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയാണ് സിനിമ നിർമ്മിച്ചത്.

ചിത്രത്തിൻ്റെ സാങ്കേതിക വിഭാഗത്തിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ് എന്ന പ്രത്യേകതയുമുണ്ട്. നവാഗതനായ അശ്വിൻ സത്യയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്. ഫൈസൽ അലി ഛായാഗ്രഹണവും ജയകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. തജു സജീദാണ് ലൈൻ പ്രൊഡ്യൂസർ. സരിത സുഗീത് (വസ്ത്രാലങ്കാരം), ജയൻ പൂങ്കുളം (മേക്കപ്പ്), മുരളി ബേപ്പൂർ (ആർട്ട്), സുരേഷ് ഭാസ്കർ (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരും സാങ്കേതിക പ്രവർത്തകരാണ്. അജയൻ അടാട്ട് സൗണ്ട് ഡിസൈനും പ്രമോദ് തോമസ് സൗണ്ട് മിക്സിംഗും നിർവ്വഹിച്ചു. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരനാണ്.