
നടി നിത്യ മേനോൻ കഴിഞ്ഞ ദിവസങ്ങളിലായി നൽകിയ അഭിമുഖങ്ങളിൽ നടത്തിയ ചില തുറന്ന് പറച്ചിലുകൾ ഏവരെയും ആശ്ചര്യപ്പെടുത്തുന്നുണ്ട്. സിനിമാ രംഗത്തോട് തനിക്ക് യാതൊരു താൽപര്യവും ഇല്ലെന്നും ഈ മേഖല വിട്ട് പോകണമെന്നത് തന്റെ അതിയായ ആഗ്രഹമാണെന്നും നിത്യ മേനോൻ പറഞ്ഞിരുന്നു. ഒരു അവസരത്തിന് വേണ്ടി അഭിനേതാക്കൾ വർഷങ്ങളോളം വരെ കാത്തിരിക്കുമ്പോഴാണ് നിത്യ മേനോൻ തനിക്ക് സിനിമാ ലോകത്തുള്ള പേരും പ്രശസ്തിയും വേണ്ടെന്ന് പറയുന്നത്. താനാഗ്രഹിക്കുന്ന ജീവിതം ഇതല്ലെന്നാണ് നടി പറയുന്നത്. ആളും ബഹളവുമില്ലാത്ത ശാന്തമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്ന് നടി പറയുന്നു.

സിനിമാ രംഗത്തോട് തനിക്കുള്ള അനിഷ്ടത്തിന്റെ കാരണങ്ങൾ വ്യക്തമാക്കുകയാണ് നിത്യ മേനോനിപ്പോൾ. ഇൻഡസ്ട്രിയിലെ അധികാരശ്രേണി തന്നെ വല്ലാതെ അലോസരപ്പെടുത്തു. ക്ലിയർ കട്ടായ ഹൈറാർക്കിയുണ്ട്. ഹീറോ, ഡയറക്ടർ, നായിക. അങ്ങനെയാണ് നിങ്ങളുടെ കാരവാനിടുക, സ്റ്റേജിലേക്ക് വിളിക്കുന്നതും അതിനനുസരിച്ചാണ്. ആരതി ഉഴിയുകയാാണെങ്കിൽ ഈ ക്രമത്തിലാണ് വരിക. ആളുകൾ നിൽക്കുന്ന ക്രമത്തിലല്ല ആരതി കൊടുക്കുക. ഇത് തന്നെ ഏറെ അലട്ടുന്നുണ്ട്. ഇത് പോലൊരു ജീവിതം ജീവിക്കണോ എന്ന് തോന്നും. വളരെ ചെറിയ മനസുകളാണ്. സാധാരണ പോലെ പെരുമാറുക. ആളുകൾക്ക് അവരർഹിക്കുന്ന ക്രെഡിറ്റ് നൽകുക.

അത് സ്ത്രീയായാലും പുരുഷനായാലും. പക്ഷെ കൊടുക്കില്ല. നടന് മാത്രമേ ക്രെഡിറ്റുള്ളൂ. നടൻമാർ പെർഫോം ചെയ്യുമ്പോൾ സെറ്റ് മുഴുവൻ ക്ലാപ്പ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ സാധാരണ പെർഫോമൻസായിരിക്കുമത്. അതേസമയം താൻ പെർഫോം ചെയ്യുമ്പോൾ ഷോട്ട് അവർക്കിഷ്ടപ്പെടും. പക്ഷെ സെറ്റ് പൂർണ നിശബ്ദതയിലായിരിക്കും. റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് എല്ലാവരും പരസ്പരം നോക്കും. എന്തിനാണത്?, ഇങ്ങനെ ചെയ്താൽ ആ വ്യക്തിക്ക് ഇഷ്ടപ്പെടുമോ എന്ന് ചിന്തിക്കുന്നതാണതെന്നും നിത്യ മേനോൻ തുറന്നടിച്ചു. അതേസമയം സെറ്റുകളിലെ ഹൈറാർക്കിയെ ചോദ്യം ചെയ്യുന്ന നിത്യ മേനോൻ കഴിഞ്ഞ ദിവസം ഒരു അസിസ്റ്റന്റിനോട് വേർതിരിവ് കാണിച്ചെന്ന വിമർശനം ഉയർന്നുവന്നിരുന്നു.
പുതിയ ചിത്രം കാതലിക്ക നേരമില്ലെയുടെ ഓഡിയോ ലോഞ്ച് ഇവന്റിന് എത്തിയ സമയത്തെ ഒരു സംഭവമാണ് നടിയ്‌ക്കെതിരെ വിമർശനം ഉയർന്നു വരാൻ ഉള്ള കാരണം. നിത്യ മേനോൻ വേദിയിലേക്ക് കയറവെ ഒരാൾ കൈ കാണിച്ചു. എന്നാൽ കൈ കൊടുക്കാൻ നടി തയ്യാറായില്ല. ഈ പരിപാടിക്ക് എത്തിയ ചിത്രത്തിലെ നായകനായ ജയം രവിയെ കെട്ടിപ്പിടിച്ചു കൊണ്ടാണ് നടി സ്‌നേഹം പങ്കുവച്ചത്. പിന്നാലെ സംവിധായകന്‍ മിഷ്‌കിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കവിളില്‍ ചുംബിച്ചു. പിന്നാലെ മിഷ്‌കിന്‍ നിത്യ മേനോന്റെ കയ്യില്‍ തിരികെ ചുംബിക്കുകയും ചെയ്തു. തനിക്ക് വേണ്ടപ്പെട്ടവരുമായി നടി സ്‌നേഹവും സൗഹൃദവും പ്രകടിപ്പിച്ചത് അത്തരത്തിലാണ്. എന്നാല്‍ ഇതേ സമയത്ത് തന്നെ അസിസ്റ്റന്റ് ആയ ഒരാള്‍ നടിയുടെ കയ്യില്‍ ഷേക്ക് ഹാന്‍ഡിന് വേണ്ടി നീട്ടിയെങ്കിലും നടി അത് നിരസിക്കുകയും ചെയ്‌തു. ഇതെല്ലം പിന്നീട് വിമർശനമായി എത്തിയിരുന്നു.











