
മലയാളികളുടെ പ്രിയതാരം ബിന്നി സെബാസ്റ്റ്യൻ നായികയായെത്തുന്ന പുതിയ ചിത്രം ‘രാശി’യുടെ ട്രെയ്ലർ പുറത്തിറങ്ങി. അണിയറപ്രവർത്തകർ പുറത്തുവിട്ട ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തും. പ്രമുഖ പരസ്യകലാ സംവിധായകനും ശ്രദ്ധേയമായ ഷോർട്ട് ഫിലിമുകളിലൂടെ മലയാളികൾക്ക് പരിചിതനുമായ ബിനു സി. ബെന്നിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബോസ് മലയാളം ഏഴാം സീസണിലൂടെ കൂടുതൽ ശ്രദ്ധ നേടിയ ബിന്നി സെബാസ്റ്റ്യന്റെ നായികയായുള്ള പുതിയ ചുവടുവെപ്പാണ് ‘രാശി’.
മലയാളത്തിലെ ജനപ്രിയ റൊമാന്റിക് പരമ്പരയായ ‘ഗീതാഗോവിന്ദ’ത്തിലൂടെയാണ് ബിന്നി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മമ്മൂട്ടി നായകനായ ‘തോപ്പിൽ ജോപ്പൻ’ എന്ന ചിത്രത്തിൽ ആൻഡ്രിയയുടെ കുട്ടിക്കാലം അവതരിപ്പിച്ചും താരം ശ്രദ്ധ നേടിയിരുന്നു. സാമൂഹിക വിഷയങ്ങളിൽ സ്വന്തം നിലപാടുകൾ തുറന്നുപറയുന്നതിലൂടെയും ബിന്നി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയാണ്. ഇടുക്കിയിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ‘രാശി’ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ ബിനു സി. ബെന്നി വ്യക്തമാക്കി. ദുരൂഹതകൾ നിറഞ്ഞ പശ്ചാത്തലത്തിൽ സസ്പെൻസും ത്രില്ലും കോർത്തിണക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചെറിയൊരു കാര്യത്തെ തുടർന്നുണ്ടാകുന്ന അന്വേഷണങ്ങളും അതിന്റെ ഭാഗമായി ഉടലെടുക്കുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ പ്രമേയം.
പോപ്പ് മീഡിയയുടെ ബാനറിൽ സംവിധായകനും നിർമാതാവുമായ ഷോജി സെബാസ്റ്റ്യനാണ് ചിത്രം നിർമിക്കുന്നത്. ഡോ. രാജേന്ദ്ര കുറുപ്പ് എം.എസ്. ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കഥയും സംവിധാനവും ബിനു സി. ബെന്നിയുടേതാണ്. ജിബിൻ എൻ.വി., അരുൺ കുമാർ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. കെവിൻ ബിനോയ് വർഗീസാണ് ഡി.ഐ. ശ്രീകാന്ത് സജീവ്, സൂരജ് അയ്യപ്പൻ എന്നിവർ എഡിറ്റിങ്ങും സെട്രിസ് സംഗീതവും നിർവഹിക്കുന്നു. ജുബിൻ എ.വി.യാണ് സൗണ്ട് മിക്സിംഗ്. മനോജ് അങ്കമാലി, വിനീത ഹണീസ് എന്നിവർ മേക്കപ്പ് കൈകാര്യം ചെയ്യുന്നു. ടോംസൺ ടോമിയാണ് അസോസിയേറ്റ് എഡിറ്റർ.
പി.ആർ.ഒ: പി.ആർ. സുമേരൻ. ജോമോൻ എബ്രഹാം, രഞ്ജിത്ത് രാജു എന്നിവർ കോർഡിനേറ്റർമാരാണ്. ഷെല്ലി ഡേവിസ്, രതീഷ് ഹരിഹരൻ എന്നിവർ പ്രൊജക്ട് ഹെഡുകളായും ജോഷി കൃഷ്ണ പ്രൊജക്ട് ഡിസൈനറായും പ്രവർത്തിക്കുന്നു. റോബൻ ആട്ലിയാണ് ആർട്ട് ആൻഡ് കോസ്റ്റ്യൂം ഡിസൈൻ. സൈമി ജോഗി സംഘട്ടനവും അരുണ് ഫോട്ടോനെറ്റ് സ്റ്റിൽസും സജിത്ത് സന്തോഷ് പബ്ലിസിറ്റി ഡിസൈനും നിർവഹിക്കുന്നു.
ട്രെയ്ലർ പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും വർധിച്ചിരിക്കുകയാണ്.












