രജനിയുടെ ‘ജയിലർ 2’ തരംഗം; ബുക്കിങ് തുടങ്ങി ഒരു മണിക്കൂറിൽ വിറ്റത് 30,000 ടിക്കറ്റുകൾ!

സൂപ്പർസ്റ്റാർ രജനികാന്ത് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘ജയിലർ 2’വിന്റെ ബുക്കിങ് ആരംഭിച്ചതോടെ ടിക്കറ്റ് വിൽപ്പനയിൽ വൻ കുതിപ്പ്. ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബുക്കിങ് തുടങ്ങി ആദ്യ ഒരു മണിക്കൂറിനുള്ളിൽ 30,000ത്തിലധികം ടിക്കറ്റുകൾ വിറ്റുപോയതായാണ് റിപ്പോർട്ടുകൾ. തിരക്ക് വർധിച്ചതോടെ ബുക്ക് മൈ ഷോ ആപ്പും ചില സമയങ്ങളിൽ തടസ്സപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ബുക്കിങ്ങിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച ഈ പ്രതികരണം ചിത്രത്തിന്റെ ആദ്യദിന കളക്ഷനെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തിയിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ ആരാധകർക്കിടയിൽ വലിയ ചർച്ചയാണ് സൃഷ്ടിക്കുന്നത്.

മോഹൻലാലും ശിവരാജ്‌കുമാറും ജാക്കി ഷെറോഫും ചിത്രത്തിൽ എത്തുന്നുണ്ട്. ഹൃത്വിക് റോഷനും അതിഥി വേഷത്തിലെത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, ഹക്കിം ഷാജഹാൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നു. ഇവരിൽ ചിലരുടെ ക്യാരക്ടർ വീഡിയോകൾ നേരത്തേ പുറത്തുവന്നത് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.

2023ൽ പുറത്തിറങ്ങി വൻ വിജയം നേടിയ ‘ജയിലർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ജയിലർ 2’. ഒക്ടോബർ 15നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസിനുള്ള ഒരുക്കങ്ങൾ നടത്തുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്.

താരനിരയുടെ വമ്പൻ സാന്നിധ്യവും ആദ്യഘട്ട ബുക്കിങ്ങിൽ ലഭിച്ച ആവേശകരമായ പ്രതികരണവും ‘ജയിലർ 2’വിനെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുകയാണ്. റിലീസിന് മുന്നോടിയായി ബുക്കിങ്ങിൽ പ്രകടമാകുന്ന ഈ മുന്നേറ്റം ബോക്സ് ഓഫീസിലും പ്രതിഫലിക്കുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.