രാജ്പാൽ യാദവിന് ഉടൻ ജാമ്യമില്ല; ഡൽഹി ഹൈക്കോടതി ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

ന്യൂഡൽഹി: ഒൻപത് കോടിയുടെ ചെക്ക് മടങ്ങിയ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് നടൻ രാജ്പാൽ യാദവിന് ഡൽഹി ഹൈക്കോടതിയിൽ നിന്നും താൽക്കാലിക ആശ്വാസമില്ല. താരത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, ഇതിൽ മറുപടി നൽകാൻ പരാതിക്കാർക്ക് നിർദ്ദേശം നൽകുകയും കേസ് ഫെബ്രുവരി 16 തിങ്കളാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു. തന്റെ കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കാൻ താൽക്കാലിക ജാമ്യം അനുവദിക്കണമെന്ന നടന്റെ ആവശ്യത്തിൽ കോടതി അന്തിമ തീരുമാനമെടുത്തിട്ടില്ല.

വാദം കേൾക്കുന്നതിനിടെ കോടതി രാജ്പാൽ യാദവിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. പണം തിരിച്ചടയ്ക്കുമെന്ന് ഏകദേശം ഇരുപത്തിയഞ്ചോളം തവണ കോടതിയിൽ ഉറപ്പുനൽകിയിട്ടും അത് പാലിക്കാത്തതാണ് നടനെ ജയിലിലെത്തിച്ചതെന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ നിരീക്ഷിച്ചു. “നിങ്ങൾ ജയിലിലായത് കോടതി ഉത്തരവ് കൊണ്ടല്ല, മറിച്ച് സ്വന്തം വാക്ക് പാലിക്കാത്തത് കൊണ്ടാണ്” എന്ന് കോടതി ആവർത്തിച്ചു. പണം തിരിച്ചടയ്ക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടും അത് പ്രാവർത്തികമാക്കാത്തതിലുള്ള അതൃപ്തി കോടതി പരസ്യമായി പ്രകടിപ്പിച്ചു.

അതേസമയം, രാജ്പാൽ യാദവിന്റെ അഭിഭാഷകൻ കോടതിയിൽ നൽകിയ വിവരമനുസരിച്ച്, ഇതുവരെ 2.5 കോടി രൂപ താരം തിരിച്ചടച്ചിട്ടുണ്ട്. ബാക്കിയുള്ള തുക ഉടൻ നൽകാൻ തയ്യാറാണെന്നും ഇതിനായി സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ തീഹാർ ജയിലിൽ കഴിയുന്ന താരത്തിന് സൽമാൻ ഖാൻ, സോനു സൂദ്, അജയ് ദേവ്ഗൺ തുടങ്ങിയ പ്രമുഖർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച നടക്കുന്ന വാദം കേൾക്കൽ താരത്തിന്റെ മോചനത്തിൽ നിർണ്ണായകമാകും.