
സിനിമകളായാലും സിനിമക്കപ്പുറം ഉള്ള ചര്‍ച്ചകളായാലും വിവാദങ്ങളില്‍ നിറയാറുള്ള സംവിധായകൻ ആണ് രാം ഗോപാല്‍ വര്‍മ്മ. അദ്ദേഹത്തിന്‍റെ പുതിയൊരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തെലുങ്ക് സിനിമയിലെ ഒരു മോശം ട്രെന്‍ഡിനെക്കുറിച്ചാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. സിനിമ തിയറ്ററുകളില്‍ ഒരു ചിത്രം വീണപ്പോൾ സ്വന്തം കൈയില്‍ നിന്ന് പണമിറക്കി ആ സിനിമ ഓടിച്ച ഒരു താരത്തെ കുറിച്ചാണ് വെളിപ്പെടുത്തല്‍.
“മുംബൈയില്‍ നിന്നുള്ള ഒരു കോര്‍പറേറ്റ് കമ്പനി ഈ തെലുങ്ക് താരത്തിനൊപ്പം സിനിമ ചെയ്യാനായി വന്നു. എന്നാല്‍ തിയറ്ററുകളില്‍ എത്തിയപ്പോള്‍ പടം കാര്യമായി കളക്ഷനൊന്നും നേടിയില്ല. സ്വാഭാവികമായും നിര്‍മ്മാതാക്കളായ കോര്‍പറേറ്റ് കമ്പനിക്ക് ചിത്രം തിയറ്ററില്‍ നിന്ന് വലിക്കണമെന്നായിരുന്നു. എന്നാല്‍ തന്‍റെ ആരാധകര്‍ തന്നെക്കുറിച്ച് മോശം കരുതുമോ എന്നായിരുന്നു ആ താരത്തിന്‍റെ ഭയം”, രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.
“അതിനാല്‍ ആ താരം എന്തു ചെയ്തു, ആ കോര്‍പറേറ്റ് കമ്പനിയെ സമീപിച്ച് ഒരു ഓഫര്‍ വച്ചു. പടം തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കരുതെന്നും അതിനായുള്ള പണം താന്‍ തരാമെന്നുമായിരുന്നു അത്. പണം മുടക്കാന്‍ അയാള്‍ തയ്യാറാണെങ്കില്‍ അവര്‍ക്ക് എന്ത് പോകാന്‍? എന്നാല്‍ ഇക്കാര്യം വിതരണക്കാരനെ അറിയിച്ചിട്ടില്ലായിരുന്നു. അതിനാല്‍ പത്രങ്ങളില്‍ ചിത്രം തിയറ്ററുകളില്‍ തുടരുന്നത് സംബന്ധിച്ച പരസ്യങ്ങളൊന്നും വന്നില്ല. തിയറ്ററില്‍ ആളില്ലാതെ കളിക്കുന്നതിന് അങ്ങോട്ട് പണം കൊടുക്കുന്നു. ഇനി പരസ്യത്തിനുകൂടി പണം മുടക്കേണ്ട എന്നായിരുന്നു താരത്തിന്‍റെ നിലപാട്”, രാം ഗോപാല്‍ വര്‍മ്മ കൂട്ടിച്ചേര്‍ത്തു.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. രാം ചരണ്‍, വിജയ് ദേവരകൊണ്ട, പ്രഭാസ് എന്നിവരുടെ പേരുകളാണ് പ്രധാനമായും ചര്‍ച്ചകളില്‍ നിറയുന്നത്. ബാഹുബലിക്ക് ശേഷമുള്ള പ്രഭാസിന്‍റെ ചില പരാജയ ചിത്രങ്ങളാണ് എന്ന തരത്തിലൊക്കെ ആളുകള്‍ കമന്‍റ് ചെയ്യുന്നുമുണ്ട്.











