അപ്രതീക്ഷിതമായ തിരിച്ചടി, രൺബീറിന്റെയും സായ് പല്ലവിയുടെയും രാമായണത്തിന്റെ ഷൂട്ടിം​ഗ് നിർത്തി; വലിയ പ്രതിസന്ധി

ഇന്ത്യൻ സിനിമ ലോകം വളരെ പ്രതീക്ഷയോടെയാണ് രാമായണ കഥയുടെ സിനിമാറ്റിക് വേർഷനായി കാത്തിരിക്കുന്നത്. രൺബീർ കപൂർ രാമനായി എത്തുമ്പോൾ സായ് പല്ലവിയാണ് സീതയുടെ വേഷത്തിൽ എത്തുന്നത്. ഇപ്പോൾ ഈ ചിത്രം വലിയ പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നിതേഷ് തിവാരി ചിത്രമായ രാമായണത്തിൻറെ ചിത്രീകരണം നിർത്തിവച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോപ്പി റൈറ്റ് ലംഘിച്ചുവെന്ന കേസിനെത്തുടർന്നാണ് ചിത്രീകരണം നിർത്തിവച്ചെന്നാണ് വിവരം. ഷൂട്ടിം​ഗ് തുടങ്ങി രണ്ട് മാസം കഴിയുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമെന്ന ഖ്യാതിയോടെ ഒരുങ്ങുന്ന ചിത്രത്തിന് തിരിച്ചടിയുണ്ടായെന്നാണ് പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നത്.
“നോട്ടീസ് ലഭിച്ച ശേഷം കുറച്ച് ദിവസത്തേക്ക് ചിത്രീകരണം തുടർന്നിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച മുതൽ പൂർണ്ണമായും ചിത്രം നിർത്തിവച്ചിരിക്കുകയാണ്. നോട്ടീസിലെ നിയമവശങ്ങൾ പഠിച്ചുവരുകയാണ്. ഇപ്പോൾ വന്ന കേസിൽ സമവായത്തിലെത്തിയ ശേഷം മാത്രമേ ചിത്രീകരണം പുനരാരംഭിക്കൂ. മൂന്നാഴ്ചയ്ക്കുള്ളിൽ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്” – സിനിമയുമായി ബന്ധപ്പെട്ട ഒരാളുടെ പ്രതികരണം.

ചിത്രത്തിൻറെ നിർമ്മാതാവായിരുന്ന മധു മണ്ടേന ആദ്യ ഘട്ടത്തിൽ തന്നെ പിൻമാറുകയായിരുന്നു. എന്നാൽ അദ്ദേഹത്തിൻറെ ബാധ്യതകൾ തീർക്കാത്തതും നഷ്ടപരിഹാരം നൽകാത്തതുമാണ് നോട്ടീസ് ലഭിച്ചതിന് കാരണമെന്നാണ് സൂചനകൾ. ഷൂട്ടിം​ഗ് നിർത്തിവെച്ചതോടെ താരങ്ങളുടെ ഡേറ്റ് അടക്കം ഇനി പ്രശ്നത്തിലാകും. ഇതോടെ ചിത്രം കൂടുതൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.