‘രഞ്ജിത്ത് ഇതിഹാസതുല്യനായ കലാകാരൻ, മുൻപുയർന്ന പരാതി വ്യാജം’; പിന്തുണയുമായി രാഹുൽ ഈശ്വർ

യുവനടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പിന്തുണച്ച് സാമൂഹ്യനിരീക്ഷകൻ രാഹുൽ ഈശ്വർ രംഗത്ത്. രഞ്ജിത്ത് ഇതിഹാസതുല്യനായ കലാകാരനാണെന്നും അദ്ദേഹത്തിനെതിരെ മുൻപ് ഉയർന്ന പരാതികൾ വ്യാജമായിരുന്നുവെന്നും രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത വ്യക്തിയാണെന്ന് പറഞ്ഞ് അദ്ദേഹത്തെ രാഷ്ട്രീയമായി ആക്രമിക്കരുതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. സത്യം അറിയുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിനിമാരംഗത്ത് ശത്രുക്കളും തർക്കങ്ങളും സ്വാഭാവികമാണെന്നും പ്രതികാരത്തിനായി കള്ളക്കേസുകൾ വ്യാപകമായി ഉയരുന്ന മേഖലയാണിതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. മുൻപത്തെ ഒരു കേസിൽ രഞ്ജിത്തിനെതിരെയുള്ള ആരോപണം ‘വ്യാജക്കേസിന് ഉത്തമ ഉദാഹരണം’ (Classic example of fake case) എന്നാണ് കോടതി വിശേഷിപ്പിച്ചത്. പരാതിക്കാരി ഐസിസിക്ക് (Internal Complaints Committee) പരാതി നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസിന്റെ നിലപാടിനെക്കുറിച്ചും രാഹുൽ വിമർശനം ഉന്നയിച്ചു. പെൺകുട്ടിയുടെ നിലപാടിനൊപ്പം നിൽക്കുക എന്നത് പോലീസിന്റെ ജോലിയുടെ ഭാഗമായുള്ള പരിമിതിയാണെന്നും അതിനാൽ പോലീസ് പറയുന്നതിന് ഒരു പരിധിക്കപ്പുറം ഗൗരവമില്ലെന്നും അദ്ദേഹം പറഞ്ഞു. “അദ്ദേഹവും ഒരു പുരുഷനാണ്, മനുഷ്യനാണ്. തെറ്റ് ചെയ്താൽ മാത്രമേ ശിക്ഷിക്കാവൂ. നമ്മുടെ മകൻ, അച്ഛൻ, സഹോദരൻ എന്നിവരൊക്കെ ജയിലിലാകാൻ ഒരു വ്യാജ പരാതിയുടെ അകലം മാത്രമേയുള്ളൂ,” രാഹുൽ ഈശ്വർ കുറിച്ചു.

അതേസമയം, രഞ്ജിത്തിനെ ഫെഫ്ക (FEFKA) ഡയറക്ടേഴ്സ് യൂണിയൻ, റൈറ്റേഴ്സ് യൂണിയൻ എന്നിവയുടെ അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. യുവനടി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്ത് വെച്ചാണ് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.