ക്ഷമ ചോദിച്ച് രൺവീർ സിങ്: ‘കാന്താര’ വിവാദത്തിൽ താരത്തിന്റെ പ്രതികരണം

ബോളിവുഡ് താരം രൺവീർ സിങ് ‘കാന്താര’ സിനിമയിലെ ഒരു രംഗം അനുകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ക്ഷമ ചോദിച്ചു. ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFI) സമാപന ചടങ്ങിൽ വെച്ച്, ‘കാന്താര’യുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ രൺവീർ നടത്തിയ പരാമർശങ്ങളും അനുകരണവുമാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.

വേദിയിൽ വെച്ച് ‘കാന്താര’യിലെ ദൈവക്കോലം കെട്ടിയുള്ള രംഗം അനുകരിക്കുകയും, ചിത്രത്തിലെ ദൈവീക രൂപത്തെ ‘ഫീമെയിൽ ഗോസ്റ്റ്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതാണ് വലിയ വിവാദമായത്. തുളുനാട് സമൂഹത്തിലെ ആരാധനാമൂർത്തിയായ ദൈവ ചാമുണ്ഡിയെ അപമാനിച്ചു എന്ന് ആരോപിച്ച് ചില ഹൈന്ദവ സംഘടനകൾ രൺവീർ സിങ്ങിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

വിവാദങ്ങൾ ശക്തമായതോടെ രൺവീർ സിങ് സോഷ്യൽ മീഡിയയിലൂടെ ക്ഷമാപണം നടത്തി.

“എന്റെ ഉദ്ദേശ്യം ഋഷഭിന്റെ അവിശ്വസനീയമായ പ്രകടനത്തെ ഉയർത്തിക്കാട്ടുക എന്നതായിരുന്നു. ആ രംഗം അവതരിപ്പിക്കാൻ അദ്ദേഹം എത്രമാത്രം പ്രയത്‌നിച്ചിട്ടുണ്ടാകുമെന്ന് ഒരു നടനെന്ന നിലയിൽ എനിക്കറിയാം. അദ്ദേഹത്തോട് എനിക്ക് അങ്ങേയറ്റം ആദരവുണ്ട്. നമ്മുടെ രാജ്യത്തെ എല്ലാ സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും ഞാൻ എപ്പോഴും അഗാധമായി ബഹുമാനിക്കുന്നു. ഞാൻ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, നിരുപാധികം മാപ്പ് ചോദിക്കുന്നു,” രൺവീർ സിങ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

വിവാദങ്ങൾക്കിടയിലും രൺവീർ സിങ് നായകനാകുന്ന പുതിയ ചിത്രം ‘ധുരന്ധർ’ റിലീസിന് ഒരുങ്ങുകയാണ്.