
നടനും എംഎല്‍എയുമായ മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി ബന്ധുവായ യുവതി. മൂവാറ്റുപുഴ സ്വദേശിനിയാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
കേരള-തമിഴ്‌നാട് ഡിജിപിമാര്‍ക്ക് യുവതി പരാതി നല്‍കി. നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നും, പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് യുവതിയെ ചെന്നൈയിലെ ഒരു സംഘത്തിന് കാഴ്ചവെച്ചു എന്നുമാണ് ആരോപണം.
മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ ഏഴോളം പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെയാണ് ആരോപണങ്ങളുമായി ബന്ധുവായ യുവതി ഇപ്പോൾ രംഗത്തെത്തിയത് . ഓഡിഷനായി ചെന്നൈയില്‍ ചെന്നപ്പോൾ ഒരു സംഘം ആളുകള്‍ക്ക് കാഴ്ചവച്ചുവെന്നുമാണ് പരാതി നൽകിയത് .

നടിക്കെതിരെ ബന്ധുവായ യുവതി പറഞ്ഞ ആരോപണങ്ങൾ ഇങ്ങനെയാണ് ;… 2014ല്‍ സംഭവം നടക്കുന്ന സമയത്ത് തനിക്ക് 16 വയസ്സ് മാത്രമാണുണ്ടായിരുന്നത്. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത്, സിനിമ ഓഡിഷനെന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. അവിടെ അഞ്ചാറു പുരുഷന്മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ യുവതി നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ മോശമായ രീതിയില്‍ രോഷത്തോടെ പെരുമാറി. ഒരുപാട് ബഹളം വെച്ചും കരഞ്ഞുമാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും യുവതി പറയുന്നു. ഒരുപാട് പെണ്‍കുട്ടികളെ ഇങ്ങനെ കൊണ്ടുവന്നിട്ടുണ്ടെന്നും, അവരൊക്കെ ഇപ്പോള്‍ ഹാപ്പിയാണെന്നും, നീയൊന്ന് കണ്ണടച്ചാല്‍ നമുക്കെല്ലാവര്‍ക്കും നല്ല രീതിയില്‍ സെറ്റിലാകാന്‍ പറ്റുമെന്നും നടി പറഞ്ഞു. എന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലടക്കം കൊണ്ടുപോയിട്ടുണ്ടെന്ന് നടി പറഞ്ഞതായും യുവതി വ്യക്തമാക്കുന്നു.
യുവതിയുടെ പരാതി ഡിജിപി മൂവാറ്റുപുഴ പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം ബന്ധുവായ യുവതിയുടേത് വ്യാജ പരാതിയെന്ന് നടി പ്രതികരിച്ചു. വ്യക്തി വൈരാഗ്യം ആണ് പരാതിക്ക് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തതില്‍ വിരോധം തീര്‍ക്കുകയാണ് ഇവരെന്നും നടി വ്യക്തമാക്കി. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു. പരാതിക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കണമെന്നും നടി ആവശ്യപ്പെട്ടു.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവര്‍ക്കെതിരെയാണ് നടി പരാതിയുമായി രംഗത്തെത്തിയിരുന്നത്.











