രഞ്ജി പണിക്കരുടെ വിലക്ക് നീക്കി!!! കുടിശ്ശിക തവണകളായി നല്‍കും

നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക് ). തിയേറ്ററുടമകള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തവണകളായി നല്‍കാമെന്ന് രഞ്ജി പണിക്കര്‍ ഉറപ്പുനല്‍കിയെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ അറിയിച്ചു.

രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനി തിയേറ്ററുടമകള്‍ക്ക് കുടിശ്ശിക നല്‍കാനുണ്ടെന്ന് പറഞ്ഞായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. ഏഴുവര്‍ഷം മുമ്പ് വിതരണം ചെയ്ത സിനിമയുടെ മുന്‍കൂര്‍തുകയായ 30 ലക്ഷമാണ് നല്‍കാനുണ്ടായിരുന്നത്. ഈ തുക തവണകളായി നല്‍കാമെന്ന് രഞ്ജി പണിക്കര്‍ ഉറപ്പുനല്‍കിയാതായി ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ വ്യക്തമാക്കി.

വിലക്ക് നീക്കിയതോടെ രഞ്ജി പണിക്കരുടെ പുതിയ ചിത്രം ‘എ രഞ്ജിത് സിനിമ’ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനമായി. ഡിസംബര്‍ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

വിലക്ക് ഏര്‍പ്പെടുത്തിയതോടെ ‘എ രഞ്ജിത് സിനിമ’ എന്ന പുതിയ ചിത്രം റിലീസ് ചെയ്യേണ്ടെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് തീരുമാനിച്ചിരുന്നു. കൂടാതെ രഞ്ജി പണിക്കര്‍ അഭിനയിച്ചതോ നിര്‍മ്മിച്ചതോ സഹകരിച്ചതോ ആയ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും തിയേറ്ററുടമകള്‍ തീരുമാനിച്ചിരുന്നു.

ഈ വര്‍ഷം ഏപ്രിലിലും രഞ്ജി പണിക്കര്‍ക്ക് ഫിയോക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു അദ്ദേഹത്തിന്റെ കമ്പനി തിയേറ്റര്‍ ഉടമകള്‍ക്ക് 70 ലക്ഷം രൂപ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.