
സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് എത്തിയിരിക്കുകയാണ് നടി രേവതി. കഴിഞ്ഞ ദിവസങ്ങളിൽ നടി രേവതിക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉയർന്നത്. സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചെത്തിയ ഒരു യുവാവാണ് രേവതിയുടെ പേര് കൂടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ച് പറഞ്ഞത്.
തന്റെ നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് നടി രേവതിയ്ക്ക് അയച്ച് കൊടുത്തു എന്നായിരുന്നു യുവാവിന്റെ ആരോപണം. എന്നാല്‍ തന്റെ പേരില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ പാടെ തള്ളി കളഞ്ഞിരിക്കുകയാണ് നടി രേവതി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ കുറിച്ച് വന്ന വാര്‍ത്തകളെകുറിച്ചും യുവാവിന്റെ ആരോപണത്തിനുമുള്ള മറുപടി നടി നല്‍കിയത്.

രഞ്ജിത്തിനെയും തന്നെയും ഉള്‍പ്പെടുത്തി മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തനിക്ക് അറിയാമെന്നും എന്നാല്‍ ഇത്തരത്തില്‍ ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോയും തനിക്ക് ലഭിച്ചിട്ടില്ലയെന്നും അതുകൊണ്ട് തന്നെ അതേ കുറിച്ച് കൂടുതല്‍ പ്രതികരിക്കേണ്ട ആവശ്യവുമില്ലയെന്നുമാണ് രേവതി പറഞ്ഞത്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന ആദ്യ ദിവസങ്ങളില്‍ തന്നെ സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉയര്‍ന്നു വന്നത്.
ആദ്യം ബംഗാളി നടി ശ്രീലേഖ മിത്രയാണ് പരാതിയുമായി എത്തിയത്. പിന്നാലെ കോഴിക്കോട് സ്വദേശിയായ ഒരു യുവാവും രഞ്ജിത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ഹോട്ടല്‍ മുറിയില്‍വെച്ച് തന്നെ രഞ്ജിത്ത് പീഡിപ്പിച്ചെന്നും ചിത്രങ്ങള്‍ നടി രേവതിക്ക് അയച്ചെന്നുമായിരുന്നു യുവാവിന്റെ പരാതി. 2012-ല്‍ ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് സംവിധായകന്‍ രഞ്ജിത്തിനെ പരിചയപ്പെട്ടതെന്നും അന്ന് താന്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു എന്നും യുവാവ് പറഞ്ഞിരുന്നു.
പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യുകയും മദ്യം നല്‍കിയ ശേഷം ക്രൂരമായി പീഡിപ്പിച്ചുവെന്നുമാണ് യുവാവ് വെളിപ്പെടുത്തിയത്. മാത്രമല്ല തന്റെ നഗ്‌ന ചിത്രം പകര്‍ത്തി പലര്‍ക്കും അയച്ചു കൊടുക്കുകയും അതിലൊരാള്‍ രേവതിയാണെന്നും യുവാവ് ആരോപിച്ചിരുന്നു. ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നെന്നും കൈയ്യിലുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് അറിയിച്ചിരുന്നു.
കേസ് പിൻവലിക്കാൻ സമ്മർദവും ഭീഷണിയും ഉണ്ട്. സ്വാധീനിക്കാൻ പലരും ശ്രമിക്കുന്നുവെന്നും തനിക്ക് നീതിയാണ് ആവശ്യമെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഉണ്ടെന്നും യുവാവ് പറഞ്ഞിരുന്നു. യുവാവിന്റെ പ്രതികരണം പുറത്ത് വന്നതോടെ രേവതിയ്‌ക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ ചെയ്യുന്ന തലത്തിലേക്കും കാര്യങ്ങള്‍ എത്തി.
ഇതിന് പിന്നാലെയാണ് വാര്‍ത്തയില്‍ വിശാദംശവുമായി നടി രേവതി തന്നെയിപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സമയം മുതല്‍ മലയാള സിനിമയിലെ നടിമാര്‍ക്ക് വേണ്ടി നിലകൊണ്ട നടിയാണ് രേവതി. രേവതിയുടെ നേതൃത്വത്തില്‍ പ്രമുഖ നടിമാരും ചേര്‍ന്നാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയും തുടങ്ങിയത്.
അന്ന് മുതലുള്ള പോരാട്ടത്തിനൊടുവിലാണ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പുറത്ത് വരുന്നത്. റിപ്പോര്‍ട്ടിലെ പകുതി താരങ്ങള്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളാണെങ്കില്‍ ബാക്കി പകുതി ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന മറ്റ് പ്രശ്‌നങ്ങളാണെന്നാണ് രേവതി പറഞ്ഞത്. അതും വലിയ രീതിയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടണമെന്നും വാര്‍ത്ത പ്രധാന്യം കുറയുന്നതിന് അനുസരിച്ച് അത് തിരസ്കരിക്കപ്പെടരുതെന്നുമാണ് മറ്റൊരു അഭിമുഖത്തില്‍ രേവതി പറഞ്ഞത്











