‘ഇരട്ടത്താപ്പിന്റെ രാജ്ഞിമാർ’ ; റിമയെയും ഗീതുവിനെയും വിമർശിച്ച് വിജയ് ബാബു

ടോക്സിക്’ മൂവി ടീസറിലെ ദൃശ്യങ്ങളെ ന്യായീകരിച്ച സംവിധായിക ഗീതു മോഹൻദാസിനും അവർക്ക് പിന്തുണയുമായെത്തിയ റിമ കല്ലിങ്കലിനുമെതിരെ നടനും നിർമാതാവുമായ വിജയ് ബാബു. ‘ഇരട്ടത്താപ്പിന്റെ രാജ്ഞിമാർ’ എന്ന് ഇവരെ വിശേഷിപ്പിച്ച വിജയ് ബാബു സ്വന്തം സൗകര്യത്തിനനുസരിച്ച് നിലപാടുകൾ മാറ്റുന്നവരാണ് ഇവരെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ആരോപിച്ചു.

സിനിമയിലെ സ്ത്രീക്കൂട്ടായ്മകളെയും അവരുടെ നിലപാടുകളിലെ വൈരുദ്ധ്യങ്ങളെയും ലക്ഷ്യം വച്ചായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം. ഒരു പുരുഷനെയോ പുരുഷന്മാരെയോ ആക്രമിക്കണം എന്ന് തോന്നുമ്പോൾ മാത്രം ‘സ്ത്രീരത്നങ്ങൾ’ എന്ന നിലയിൽ അവർ ന്നിച്ചു ചേരും. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനായി കൂട്ടമായി ആക്രമിച്ച ശേഷം, അടുത്ത ഇര വരുന്നത് വരെ അവർ പിരിഞ്ഞു പോകും. എന്നാൽ സ്വന്തം കാര്യത്തിൽ ഇവർക്ക് യാതൊരു നിലപാടുകളോ ചിട്ടവട്ടങ്ങളോ ഇല്ല. ഇവർക്ക് കൃത്യമായ നയങ്ങളോ നിയമങ്ങളോ ഒന്നുമില്ല. അതാത് സമയത്തെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ വെറുമൊരു വാട്സാപ്പ് ഗ്രൂപ്പ് മാത്രമാണത് എന്നാണ് വിജയ ബാബു പറയുന്നത്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസറിലെ ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വിമർശിച്ചതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്. മുൻപ് ‘കസബ’ പോലുള്ള സിനിമകളിലെ സ്ത്രീവിരുദ്ധതയെ നഖശിഖാന്തം എതിർത്ത ഗീതു, സ്വന്തം സിനിമയിൽ പൗരുഷാഘോഷങ്ങൾക്കും മാസ്സ് എലമെന്റുകൾക്കും വേണ്ടി സ്ത്രീശരീരത്തെ ഉപയോഗിക്കുന്നു എന്നതായിരുന്നു പ്രധാന വിമർശനം.

‘കസബ’യിലെ സ്ത്രീവിരുദ്ധതയെ പാർവതി തിരുവോത്ത് വിമർശിച്ചപ്പോൾ “സേ ഇറ്റ്, സേ ഇറ്റ്” എന്ന് വിളിച്ച് പ്രോത്സാഹിപ്പിച്ച ഗീതു മോഹൻദാസ്, ഇപ്പോൾ യഷിനെപ്പോലൊരു സൂപ്പർ താരത്തിന് ഹൈപ്പ് നൽകാൻ സമാനമായ രീതിയിലുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് വിരോധാഭാസമാണെന്ന് നിതിൻ രൺജി പണിക്കരും ചൂണ്ടിക്കാട്ടിയിരുന്നു. റിമ കല്ലിങ്കൽ ഗീതുവിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ വാക്പോര് മുറുകി. ഇതിനിടയിലാണ് വിജയ് ബാബുവും നിഥിൻ രൺജി പണിക്കരും അടക്കമുള്ളവർ ഗീതുവിന്റെയും കൂട്ടരുടെയും പഴയകാല നിലപാടുകളെ ഓർമ്മിപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്….