
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് നടൻ സെയ്ഫ് അലി ഖാനും നടി കരീന കപൂറും. കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്താണ് കരീന സെയ്ഫിനെ വിവാഹം ചെയ്യുന്നത്. 2012 ലായിരുന്നു കരീന-സെയ്ഫ് വിവാഹം.
‘തഷാൻ’ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. കുറച്ച് വർഷങ്ങൾ അടുത്തറിഞ്ഞ ശേഷം ഇവർ വിവാഹത്തിലേക്ക് കടന്നു. തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നിവരാണ് മക്കൾ. സെയ്ഫ് അലി ഖാന്റെ രണ്ടാം വിവാഹമാണിത്. നടി അമൃത സിംഗാണ് സെയ്ഫിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കളുമുണ്ട്. നാല് മക്കളുടെയും കാര്യത്തിൽ സെയ്ഫ് ശ്രദ്ധ നൽകുന്നുമുണ്ട്.
കോടികളുടെ ആസ്തിയുള്ള നടനാണ് സെയ്ഫ് അലി ഖാൻ. നടന്റെ കുടുംബത്തിലെ മുൻ തലമുറക്കാർ പ്രബലരായിരുന്നു. സെയ്ഫ് അലി ഖാന്റെ പിതാവ് മൻസൂർ അലി ഖാൻ ബ്രിട്ടീഷ് രാജ് കാലത്ത് പട്ടൗഡി നാട്ടുരാജ്യത്തിന്റെ ഭരണം നടത്തിയ അവസാനത്തെ നവാബിന്റെ മകനാണ്. 5000 കോടിയുടെ ആസ്തി സെയ്ഫിന്റെ കുടുംബത്തിനുണ്ട്. എന്നാൽ ഈ സ്വത്തുക്കളുടെ അടുത്ത അവകാശികൾ സെയ്ഫിന്റെ നാല് മക്കളായിരിക്കും എന്നതിന് ഉറപ്പില്ല. ഇതിന് കാരണമുണ്ട്.
സെയ്ഫ് അലി ഖാന്റെ മുത്തശ്ശന്റെ അച്ഛൻ നവാബ് ഹമിദുള്ള ഖാൻ തന്റെ സ്വത്തുക്കളെല്ലാം പിൻതലമുറയ്ക്കായി എഴുതി വെച്ചിരുന്നില്ല. സെയ്ഫിന്റെ ബന്ധുക്കൾ പാകിസാതാനിലുണ്ട്. സ്വത്തുക്കളിൽ ചിലതിൽ ഇവർ അവകാശ വാദം ഉന്നയിച്ചാൽ താരത്തിന് തടുക്കാനാവില്ല. ഇതിന് പുറമെ പ്രധാനപ്പെട്ട പട്ടൗഡി സ്വത്തുക്കൾ സെയ്ഫിന്റെ പിൻതലമുറയ്ക്ക് ലഭിക്കാതിരിക്കാൻ മറ്റൊരു കാരണവുമുണ്ട്.

പട്ടൗഡി നവാബിന്റെ സ്വത്തുക്കൾ നിലവിൽ ഇന്ത്യയിലെ എനിമി ഡിസ്പ്യൂട്ട് ആക്ടിന്റെ പരിധിയിലുള്ളതാണ്. പാക്കിസ്ഥാന്‍ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ സ്വത്തുക്കള്‍ വിനിയോഗിക്കുന്നതിനും ഏറ്റെടുക്കുന്നതിനും ഇന്ത്യന്‍ പാര്‍ലമെന്റ് 1968ല്‍ പാസാക്കിയ നിയമമാണ് എനിമി ഡിസ്പ്യൂട്ട് ആക്ട്. 1965-ലെ ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തെ തുടര്‍ന്നാണ് ഈ നിയമം പാസാക്കിയത്. നിയമ പ്രകാരം ഇത്തരം ആസ്തികളുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന വിഭാഗത്തിനായിരിക്കും. ശത്രു സ്വത്തുക്കളായി തരംതിരിക്കപ്പെട്ട ജംഗമ ആസ്തികളും ഇതില്‍പ്പെടും. പട്ടൗഡി രാജകുടുംബാംഗങ്ങളില്‍ ഉള്‍പ്പെടുന്ന ചിലര്‍ ഇപ്പോഴും പാകിസഥാനിലുണ്ട്. ഇന്ത്യയിലുള്ള അവകാശികള്‍ നേരിടുന്ന വെല്ലുവിളിയും ഇതാണ്. അപ്പോൾ ആർക്കും ഈ സ്വത്തിൽ അവകാശ വാദം ഉന്നയിക്കാൻ പറ്റില്ല. സ്വത്തുക്കളിൽ അവകാശ വാദമുന്നയിക്കുന്നവർക്ക് കോടതിയെ സമീപിക്കേണ്ടി വരും.
ഹരിയാനയിലെ പട്ടൗഡി കൊട്ടാരവും ഭോപ്പാലിലെ സ്വത്തുക്കളുമെല്ലാം ഈ നിയമപരിധിക്കുള്ളിൽ വരുന്നതാണെന്നാണ് റിപ്പോർട്ടുകൾ. സ്വത്തില്‍ അവകാശം സ്ഥാപിക്കണമെങ്കില്‍ നിയമത്തിന്റെ വഴി മാത്രമാണ് സെയ്ഫിനു മുന്നിലുള്ളത്. ആദ്യം ഹൈക്കോടതിയെ സമീപിക്കാം. അനുകൂല വിധി അല്ലെങ്കില്‍ സുപ്രീം കോടിതിയില്‍ പോകാം. ഇവിടെയും തിരിച്ചടി നേരിട്ടാല്‍ സാക്ഷാല്‍ രാഷ്ട്രപതിയെ തന്നെ സമീപിക്കേണ്ടിവരും.
ബ്രിട്ടീഷ് ഭരണകാലത്തെ നവാബായിരുന്ന സെയ്ഫ് അലി ഖാന്റെ മുതുമുത്തച്ഛന്‍ ഹമീദുള്ള ഖാന്‍ സ്വത്തുക്കള്‍ എങ്ങനെ ഭാഗിക്കണമെന്നു വ്യക്തമാക്കി വില്‍പ്പത്രം തയാറാക്കിയിട്ടില്ലെന്നതും തിരിച്ചടിയാണ്. കേസ് കോടതിയില്‍ എത്തിയാല്‍ അവകാശം ഉന്നയിച്ച് പാകിസ്താനില്‍നിന്നു വരെ പിന്‍തലമുറക്കാര്‍ എത്താനും സാധ്യതയുണ്ട്.
അതേസമയം പാരമ്പര്യമായുള്ളതല്ലാതെ സിനിമയിൽ നിന്ന് വലിയ സമ്പാദ്യം സെയ്ഫ് അലി ഖാനുണ്ട്. നടന്റെ ഭാര്യ കരീന കപൂറും ധനികയാണ്. ആദ്യ വിവാഹത്തിലെ മകൾ സാറ അലി ഖാൻ ഇന്ന് ബി ടൗണിലെ യുവ നായികമാരിൽ ഒരാളാണ് . മകൻ ഇബ്രാഹിം അലി ഖാനും സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്.
ഒപ്പം സെയ്ഫ് അലി ഖാനും കരീനയും സിനിമയിൽ സജീവമാണ് . കരിയറിൽ സെയ്ഫിനേക്കാൾ തിരക്കിലാണ് കരീന. നടിയുടെ ഒന്നിലേറെ സിനിമകൾ അടുത്തിടെ പുറത്തിറങ്ങി. രണ്ടാനമ്മയാണെങ്കിലും സാറക്കും ഇബ്രാഹിമിനും കരീനയുമായി നല്ല ബന്ധമാണുള്ളത് . താനവരുടെ സുഹൃത്തിനെ പോലെയാണെന്നാണ് കരീന പറയുന്നത്.
അതേസമയം ഏറെ വിവാദങ്ങൾക്ക് ശേഷം 2004 ലാണ് സെയ്ഫ് അലി ഖാൻ ആദ്യ ഭാര്യ അമൃത സിംഗിനെ വിവാഹമോചനം ചെയ്തത്. വിവാഹമോചനത്തിന് ശേഷം ജീവനാംശമായി ഭീമമായ തുക സെയ്ഫ് അലിഖാന് നൽകേണ്ടി വന്നു. ഇതിന് ശേഷം സെയ്ഫ് അലി ഖാൻ ഏറെ കാലം അവിവാഹിതനായിരുന്നു. കരീന കപൂറുമായി സൗഹൃദം സ്ഥാപിക്കുന്നത് വരെ ആ ഏകാന്തവാസം സെയ്ഫ് തുടർന്നു. ആ ബന്ധം വളർന്ന് 2012 ഒക്ടോബർ 16 ന് വിവാഹിതരാകുകയും ചെയ്തു . കരിയറിൽ മികച്ച അവസരങ്ങൾ കിട്ടിക്കൊണ്ടിരുന്ന സമയത്താണ് കരീന സെയ്ഫിനെ വിവാഹം ചെയ്യുന്നത് . ഇതുമൂലം തന്റെ സിനിമ ജീവിതം തകരുമെന്ന് പലരും കരീനയെ അന്ന് ഉപദേശിച്ചിരുന്നു . എന്നാൽ സൈഫ് അലി ഖാനെ വിവാഹം കഴിക്കുക എന്ന തന്റെ തീരുമാനവുമായി കരീന മുന്നോട്ട് പോകുകയായിരുന്നു.











