അലിവ് തോന്നി വഴിയിൽ കണ്ട അമ്മയെയും മകനെയും സഹായിച്ചു, പക്ഷെ തിരിച്ചു കിട്ടിയത് എട്ടിന്റെ പണിയാണ് ; സാജു നവോദയ

ആർക്കും മാതൃകയാക്കാൻ സാധിക്കുന്ന ദമ്പതികളാണ് പാഷാണം ഷാജിയെന്ന് അറിയപ്പെടുന്ന നടൻ സാജു നവോദയയും ഭാര്യയും. കാര്യമായ സമ്പാദ്യം ഒന്നും കയ്യിൽ ഇല്ലാതിരുന്നിട്ടുപോലും തങ്ങളോട് സഹായം അഭ്യർത്ഥിച്ച് എത്തുന്നവരെ ഇരുവരും ഉപേക്ഷിക്കാറില്ല. തനിക്കുള്ള സമ്പാദ്യങ്ങൾ വിറ്റ് വരെയാണ് പല നിർധനരേയും രോ​ഗികളേയും സാജുവും ഭാര്യയും സഹായിച്ചിട്ടുള്ളത്. കാൻസർ രോ​ഗിയുടെ കുടുംബത്തിന് സ്വന്തം വീട് വിറ്റാണ് സാജു പുതിയ വീട് പണിത് കൊടുത്തത്. അടുത്തിടെ സാജു ഇത് വെളിപ്പെടുത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

എന്നാൽ മനസ്സലിവ് തോന്നി സഹായം ചെയ്തപ്പോൾ തിരികെ പണി കിട്ടിയ കഥകളും ജീവിതാനുഭവങ്ങളിൽ നിന്ന് പാഷാണം ഷാജിയെന്ന് അറിയപ്പെടുന്ന നടൻ സാജുവിന് പറയാനുണ്ട്. അത്തരത്തിൽ ഒരു അനുഭവം കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാജു പങ്കിടുകയുണ്ടായി.

സഹായം ചെയ്തതിന്റെ പേരിൽ തനിക്ക് പണി കിട്ടിയിട്ടുമുണ്ട്. ഒരു ദിവസം താനും അനീസും കൂടി പാലാരിവട്ടത്ത് കൂടി പോയപ്പോൾ വഴിയിൽ വെച്ച് ഒരു അമ്മയേയും മോനെയും കണ്ടു. വൈറ്റിലയിൽ ഇറക്കി വിടാമോയെന്ന് അവർ ചോദിച്ചപ്പോൾ അവരെ തങ്ങൾ വണ്ടിയിൽ കയറ്റി. യാത്രയ്ക്കിടെ അവരുടെ വിവരങ്ങളെല്ലാം താൻ തിരക്കി. എറണാകുളത്ത് ഒരു ഹോസ്റ്റലിലാണ് താമസിക്കുന്നതെന്നും വാടക പൈസ കൊടുക്കാൻ സാധിക്കാത്തതിനാൽ ഇറക്കി വിട്ടുവെന്നും അവർ പറഞ്ഞു. അങ്ങനെ വൈറ്റിലയിൽ ഇറങ്ങി അവർ പോകാൻ തുടങ്ങിയപ്പോൾ വാടക പൈസയും ഓട്ടോ കൂലിയും ഭക്ഷണത്തിനുള്ള പൈസയുമെല്ലാം താൻ കൊടുത്തു. തനിക്ക് ഇവരെ തന്റെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്കാമെന്നാണ് ആദ്യം തോന്നിയത്. എന്നാൽ അനീസ് തന്നെ വിലക്കി.

അങ്ങനെ അത്യാവശ്യ കാര്യങ്ങൾക്കുള്ള പണം കൊടുത്ത് അവരെ തങ്ങൾ പറഞ്ഞയച്ചു. ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ ഫോൺ നമ്പറും കൊടുത്തു. പിറ്റേദിവസം ആ അമ്മയുടെ ഫോൺ വന്നു. മോന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞാണ് വിളിച്ചത്. മോന് സിനിമയിൽ അവസരം വാങ്ങികൊടുക്കാനാണ് ആ സ്ത്രീ തന്നോട് ആവശ്യപ്പെട്ടത്. സിനിമയിൽ സ്ഥിരമായി ജോലിയുണ്ടാകില്ലെന്നും മറ്റെന്തെങ്കിലും ജോലിക്ക് നമുക്ക് അവനെ അയക്കാമെന്നും താൻ മറുപടി പറഞ്ഞപ്പോൾ ആ സ്ത്രീ ദേഷ്യപ്പെട്ടു. തന്റെ മോൻ അങ്ങനെ പണിക്ക് പോകേണ്ടവനല്ല… നീ ആരാടാ പട്ടിയെന്ന് ചോദിച്ചു കൊണ്ടായിരുന്നു ആ സ്ത്രീ ദേഷ്യപ്പെട്ടത്.

സഹായിക്കാൻ പോയിട്ട് ഇങ്ങനെയുള്ള അനുഭവങ്ങളും തനിക്ക് ഉണ്ടായിട്ടുണ്ട്. തുടക്കത്തിൽ അവർ പറഞ്ഞത് മാത്രമാണ് താൻ പറഞ്ഞത്. പിന്നീട് പുറത്ത് പറയാൻ പറ്റാത്ത തെറിയായിരുന്നു അവർ വിളിച്ചത് മുഴുവൻ എന്നും സാജു പറയുന്നു. പിന്നെ അവരെ ഒരിക്കൽ ഒരു ഹോട്ടലിൽ വെച്ചും കണ്ടിരുന്നു എന്നും സാജു പറയുന്നു. ആളുകളുടെ അവസ്ഥ കാണുമ്പോഴാണ് താൻ സഹായിക്കുന്നത്. ഉള്ളറകളിൽ പോയി അർഹരാണോ അല്ലയോയെന്ന് അന്വേഷിക്കാൻ പലപ്പോഴും ‌കഴിയാറില്ലെന്നും സാജു പറയുന്നു.വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയരുതെന്നത് അക്ഷരം പ്രതി അനുസരിച്ചാണ് സാജുവിന്റെയും ഭാര്യയുടേയും ജീവകാരുണ്യപ്രവർത്തനം.

ഒരിക്കൽ നടൻ അസുഖ ബാധിതനായ കുട്ടിയുടെ ഓപ്പറേഷന് തനിക്ക് പരിചയമുള്ള ആർട്ടിസ്റ്റുകളെ കൂടി ഉൾപ്പെടുത്തി ഷോ നടത്തി പണം കണ്ടെത്തി കൊടുത്തിരുന്നു . ആർട്ടിസ്റ്റ് സുമേഷ് ചന്ദ്രന്റെ ചേട്ടൻ പറഞ്ഞിട്ട് വയ്യാത്തൊരു കുട്ടിയുടെ ഓപ്പറേഷന് ഷോ നടത്തി പണം കണ്ടെത്തി കൊടുത്തിരുന്നു ഞങ്ങൾ. അന്ന് വലിയൊരു ഷോയാണ് ഞങ്ങൾ കലാകാരന്മാർ എല്ലാവരും കൂടി ചെയ്തതെന്നും ഷോയിലേക്ക് പരിപാടി അവതരിപ്പിക്കാൻ വിളിച്ചപ്പോൾ ആർട്ടിസ്റ്റുകൾ നല്ല മനസോടെ ഓടി വരികയും ചെയ്തു.

ഇന്റർവെല്ലായപ്പോൾ സംഘാടകർ ഏഴ് ലക്ഷത്തോളം രൂപ തന്റെ കയ്യിൽ കൊണ്ട് തന്നു. തങ്ങൾ അത് കുട്ടിയുടെ അച്ഛന് കൈമാറി. ശേഷം മൂന്ന് ദിവസം കഴിഞ്ഞ് അതേ സംഘാടകർ വീണ്ടും വിളിച്ചു. മൂന്ന് ലക്ഷം രൂപ കൂടി കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞു. അത് അവരെ കൊണ്ട് തന്നെ കുട്ടിയുടെ അച്ഛന് കൊടുപ്പിച്ചു. ശേഷം ഭം​ഗിയായി കുട്ടിയുടെ ഓപ്പറേഷൻ നടന്നു. കുട്ടി രക്ഷപ്പെട്ടു. പിന്നീട് ആ കുട്ടിയുടെ പിറന്നാളിന് താനും ഭാര്യയും കാണാൻ പോയിരുന്നുവെന്നാണ് അനുഭവം വെളിപ്പെടുത്തി കൊണ്ട് സാജു പറഞ്ഞത്.‍