
മലയാള സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത അനശ്വര നായകനാണ് അന്തരിച്ച നടൻ പ്രേം നസീർ. പതിറ്റാണ്ടുകൾക്കിപ്പുറവും പ്രേം നസീർ ഓർമ്മിക്കപ്പെടുന്നതിന് കാരണം ഓൺ സ്ക്രീനിനൊപ്പം ഓഫ് സ്ക്രീനിലും ഇദ്ദേഹത്തിനുണ്ടായിരുന്ന പ്രതിച്ഛായയാണ്.
ഏവരോടും സൗമ്യമായി പെരുമാറിയ നടനാണ് പ്രേം നസീർ. ഒരിക്കൽ പോലും താരമെന്ന ഭാവമോ അഹങ്കാരമോ പ്രേം നസീറിൽ കണ്ടിട്ടില്ലെന്നാണ് സഹപ്രവർത്തകർ പറയാറുള്ളത്. പ്രേം നസീറിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒപ്പം തന്നെ നടൻ സുരേഷ് ഗോപി പ്രേം നസീറിനെ കണ്ടു പഠിക്കണമെന്ന് കൂടി ശാന്തിവിള ദിനേശ് വിമർശനാത്മകമായി പറയുന്നു.
മകൻ ഷാനവാസിന്റെ വിവാഹ ദിനത്തിൽ നടന്ന സംഭവങ്ങളാണ് സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ കൂടി വിവരിച്ചത്. പ്രേം നസീറിന്റെ ഏക മകനായ ഷാനവാസ് പ്രേം നസീറിന്റെ സഹോദരിയുടെ മകളെയാണ് വിവാഹം ചെയ്തത്. 1980 ൽ ട്രിവാൻഡ്രം ക്ലബിലെ പി സുബ്രമണ്യം ഹാളിൽ വെച്ചായിരുന്നു ഷാനവാസിന്റെ വിവാഹം.
താര മാമാങ്കമായിരുന്നു അന്ന് എന്നും ശാന്തിവിള ദിനേശ് ഓർക്കുന്നു. മലയാള സിനിമ ഒന്നടങ്കം ഈ വിവാഹത്തിനായി ഉണ്ടായിരുന്നു. താരങ്ങളെ കാണാൻ കല്യാണം വിളിക്കാത്ത നൂറ് കണക്കിന് ആളുകളും വിവാഹ ഹാളിൽ ഇരച്ച് കയറി. അതുല്യ നടൻ ജയനടക്കമുള്ളവരെ ജനം പൊതിഞ്ഞു. ബിരിയാണിയാണ് കല്യാണത്തിന് വിളമ്പിയത്. വിളിക്കാതെ ഒരുപാട് പേർ വന്ന് ആഹാരം കഴിക്കുന്നു, തികയാതെ വരുമോ എന്ന് ആശങ്കപ്പെട്ടവരോട് പ്രേം നസീർ പറഞ്ഞത് അവരല്ലേ നമ്മുടെ ശക്തി, പറഞ്ഞതിലും ആയിരം ബിരിയാണി കൂടുതലുണ്ടാക്കാൻ താൻ ഏർപ്പാട് ചെയ്തിട്ടുണ്ട് എന്നും ഒരാളും ആഹാരം കഴിക്കാതെ ഇവിടെ നിന്നും പോകരുതെന്നായിരുന്നു പ്രേം നസീറിന്റെ നിലപട് എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

പ്രേം നസീറിന്റെ ഈയൊരു പെരുമാറ്റത്തെ പ്രകീർത്തിച്ച് സംസാരിക്കുന്നതിനൊപ്പം തന്നെ മലയാളത്തിലെ മറ്റൊരു നടന്റെ മകളുടെ വിവാഹ ചടങ്ങിൽ നടന്ന സംഭവങ്ങളെപ്പറ്റിയും ശാന്തിവിള ദിനേശ് ഈയൊരു വീഡിയോയിൽ കൂടി പറയുന്നുണ്ട്. ഈ അടുത്ത കാലത്ത് ഒരു താരത്തിന്റെ മകളുടെ വിവാഹം ഗുരുവായൂരിൽ നടന്നു. കല്യാണം വിളിക്കാതെ ഉണ്ണാൻ കയറുന്നവർ പുറത്ത് പോകണം എന്ന് പറഞ്ഞ് ആ താരത്തിന്റെ മകൻ അവിടെ വിവാഹ പന്തലിൽ കിടന്ന് ബഹളമുണ്ടാക്കി എന്നും ശാന്തിവിള ദിനേശ് പറയുന്നു.
ശാന്തിവിള ദിനേശ് പറയുന്നത് നടൻ സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യയുടെ വിവാഹത്തെപ്പറ്റിയാണ് എന്നാണ് സൂചന. പരാമർശിക്കുന്നത് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനെപ്പറ്റിയും എന്ന് അനുമാനിക്കാം. ഇത്തരത്തിൽ ഇതിനു സമാനമായ വിധത്തിൽ ഒരു സംഭവം ഭാഗ്യയുടെ വിവാഹ ചടങ്ങിനിടെ ഉണ്ടായി എന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. വിവാഹത്തിനിടെ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് ഒരു യുട്യൂബർക്കെതിരെ മോശമായി പെരുമാറിയെന്നുള്ള ആരോപണങ്ങളെ കുറിച്ചും ശാന്തിവിള ദിനേശ് അന്നും പ്രതികരിച്ചിരുന്നു.
സുരേഷ് ഗോപി ചേട്ടനും ഭാര്യയും ഇളയ മകനും വളരെ മാന്യമായി പെരുമാറിയപ്പോൾ നടൻ കൂടിയായ ഗോകുൽ സുരേഷ് ആഹാരം വിളമ്പുന്നിടത്ത് സഭ്യമല്ലാത്ത ഭാഷയിൽ പെരുമാറിയെന്ന് ഒരാൾ പറഞ്ഞു. ഉള്ളതാണോയെന്ന് അറിയില്ല എന്നും ശാന്തിവിള ദിനേശ് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വിളിക്കാത്തവൻമാർ ആരെങ്കിലും ഇതിനകത്ത് കയറിയാൽ വിവരമറിയും എന്ന് ഗോകുൽ സുരേഷ് പറഞ്ഞത്രേ. വിളിക്കാത്തവർ വരില്ലെന്ന് ആൾക്കൂട്ടത്തിനിടയിൽ ഒരാൾ പറഞ്ഞപ്പോൾ തന്തയ്ക്ക് പിറന്നവനാണെങ്കിൽ വാടാ, എന്റെ മുന്നിൽ നിന്ന് പറ എന്ന് ഗോകുൽ പറഞ്ഞൂവെന്നാണ് യുട്യൂബർ പറഞ്ഞത് എന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.
ഗോകുൽ അങ്ങനെ പറഞ്ഞോ എന്ന് തനിക്കറിയില്ല. ചിലപ്പോൾ ഗോകുൽ പറയാൻ സാധ്യതയുണ്ട്. കാരണം കുട്ടിക്കാലം മുതൽ സുരേഷ് ഗോപിയുടെ വീട്ടിൽ ആരെങ്കിലും ചെല്ലുകയാണെങ്കിൽ ഈ പയ്യൻ സുരേഷ് ഗോപി അഭിനയിച്ച കമ്മീഷ്ണർ സിനിമയിലെ സുരേഷ് ഗോപിയുടെ തെറി ഡയലോഗ് പറയുമായിരുന്നു. അതിഥികളെ അങ്ങനെ വിളിക്കുമ്പോൾ അത് ആസ്വദിച്ച് സുരേഷ് ഗോപി ചിരിക്കുന്നതും കാണാം എന്നും ശാന്തിവിള ദിനേശ് ആരോപിച്ചു. എന്തായാലും ചടങ്ങിൽ വന്നവരോട് ഗോകുൽ അങ്ങനെ പറഞ്ഞെങ്കിൽ അത് മോശമാണ്. ഏത് കൊടി കെട്ടിയവന്റെ കല്ല്യാണമാണെങ്കിലും വിളിക്കാതെ പോകരുത് എന്നതും പ്രധാനമാണ്.
വിളിക്കാത്തിടത്ത് പോയാൽ ഗോകുലിനെ പോലുള്ളവർ ചീത്തവിളിക്കും എന്നും ശാന്തിവിള ദിനേശ് അന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ആ താരം അതായത് സുരേഷ് ഗോപി ഈ നസീർ സാറിനെ കണ്ട് പഠിക്കണം എന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു. തന്നെയും മറ്റ് താരങ്ങളെയും ആരാധിക്കുന്ന പരിചയമില്ലാത്ത കുറേ പേരെങ്കിലും കല്യാണത്തിന് വരാൻ സാധ്യതയുണ്ടെന്ന് പ്രേം നസീർ മുൻകൂട്ടി കണ്ടു. കാശ് കണ്ട് കണ്ണ് നിറഞ്ഞ ആളിനേ അത് കഴിയൂ. പുത്തൻ പണക്കാരാണ് കല്യാണത്തിന് ബഹളം വെച്ച താരപുത്രനുൾപ്പെടെ എന്നും ശാന്തിവിള ദിനേശ് വിമർശിക്കുന്നു. അതേസമയം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് വൻ താരനിരയായിരുന്നു അണിനിരന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രാധനമന്ത്രിയടക്കം അതിഥിയായി പങ്കെടുത്തിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെയായി സിനിമ സാംസ്കാരിക മേഖലയിൽനിന്നുള്ളവർക്ക് പ്രത്യേക പാർട്ടിയും സംഘടിപ്പിച്ചിരുന്നു.
വിവാഹ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് മുൻപ് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. ഒരുപക്ഷേ സുരേഷ് ഗോപിയെ കുറിച്ച് മോശം പറഞ്ഞത് കൂടി കൊണ്ടാകാം തന്നെ ക്ഷണിക്കാതിരുന്നതെന്ന് ശാന്തിവിള ദിനേശ് അന്ന് പറഞ്ഞിരുന്നു. ലൈറ്റ്സ് ആക്ഷൻ ക്യാമറ എന്ന തന്റെ യൂട്യൂബ് ചാനലിലാണ് സംവിധായകൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
പ്രേം നസീറിനുണ്ടായിരുന്ന സ്വഭാവ ഗുണങ്ങളെക്കുറിച്ച് ഇദ്ദേഹം സംസാരിക്കുന്നുണ്ട്. തന്റെ പ്രിയ താരം എന്നും പ്രേം നസീറാണെന്നാണ് ശാന്തിവിള ദിനേശ് പറയാറ്. 1989 ജനുവരി 16 നാണ് പ്രേം നസീർ മരിച്ചത്. 62 ആം വയസിലായിരുന്നു വിയോഗം. മകൻ ഷാനവാസ് സിനിമകളിൽ അഭിനയിച്ചെങ്കിലും കരിയറിൽ സജീവമായില്ല. ഷമീർ ഖാൻ, അജിത്ത് ഖാൻ എന്നിവരാണ് ഷാനവാസിന്റെ മക്കൾ. ഇരുവരും വിദേശത്താണെന്നാണ് വിവരം. പ്രേം നസീറിന്റെ കുടുംബാംഗങ്ങളെയൊന്നും ലൈം ലൈറ്റിൽ കാണാറില്ല. ഷാനവാസുൾപ്പെടെ നാല് മക്കളായിരുന്നു പ്രേം നസീറിന്. നിത്യഹരിത നായകനെക്കുറിച്ചുള്ള ഓർമകൾ, ഒപ്പം പ്രവർത്തിച്ച അഭിനേതാക്കളും സംവിധായകരും നിർമാതാക്കളുമെല്ലാം അഭിമുഖങ്ങളിൽ പങ്കുവെക്കാറുണ്ട്.











