
മലയാളികള്‍ക്ക് സുപരിചിതയാണ് ശാലു മേനോന്. സിനിമയിലും സീരിയലുകളിലുമെല്ലാം സാന്നിധ്യം അറിയിച്ച. നൃത്ത വിദ്യാലയവുമായി നൃത്ത രംഗത്തേയും നിറ സാന്നിധ്യമാണ് ശാലു മേനോന്. ഒരിടവേളയ്ക്ക് ശേഷം ടെലിവിഷനില്‍ സജീവമായി മാറിയ ശാലു മേനോന് ഇപ്പോള്‍ മിനി സ്ക്രീനിലെ മിന്നും താരമാണ്. തന്റെ വ്യക്തി ജീവിതത്തില്‍ ശാലു മേനോന് നേരിടേണ്ടി വന്ന പ്രതിസന്ധികളും വെല്ലുവിളികളും സമാനതകളില്ലാത്തതാണ്. കേരളം ചര്‍ച്ച ചെയ്ത ഏറ്റവും വലിയ വിവാദങ്ങളിലൊന്നിലാണ് ശാലുവിന്റെ പേരുയര്‍ന്നു വന്നത്. കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച കേസില്‍ നടി ശാലു മേനോന് അടക്കമുള്ളവര്‍ക്ക് ജയിലില്‍ പോവേണ്ടതായിട്ടും വന്നിരുന്നു. നാല്പത്തിയൊന്പത് ദിവസങ്ങളോളം ജയിലില്‍ കിടന്നതിന് ശേഷമാണ് നടി ജയിൽ മോചിതയാകുന്നത്. ഇപ്പോഴിതാ തന്റെ ജയില്‍ വാസത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാലു മേനോന്. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ശാലു മേനോന് തന്റെ മനസ് തുറന്നത്. സിനിമയില്‍ കാണുന്നതൊക്കെ പോലെയാണ് ആദ്യം ജയിലില്‍ എത്തിയപ്പോള്‍ തോന്നിയതെന്നാണ് ശാലു മേനോൻ പറയുന്നത്.

ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ശാലു മേനോൻ. താന്‍ ആത്മഹത്യ ചെയ്യുമെന്ന് പലരും വിചാരിച്ചു എന്നാണ് ശാലു മേനോൻ പറയുന്നത്. ജയിലിൽ കിടന്നു തന്നെ ആത്മഹത്യ ചെയ്യുമെന്നാണ് കരുതിയത്. ഇതുപോലൊരു കാര്യം സംഭവിക്കുമ്പോള്‍ പിടിച്ചു നില്ക്കാന് പറ്റില്ല. ഇത്രയും ഹൈപ്പില്‍ നില്ക്കുന്ന സമയത്താണ് ജയിലില്‍ പോകുന്നത്. തന്റെ സ്വഭാവം അറിയുന്നതിനാല്‍ അവരൊക്കെ അങ്ങനെ ചിന്തിച്ചിട്ടുണ്ട്. താന്‍ ഇമോഷണലായൊരു ആളാണ്. ജയിലില്‍ നിന്നും വന്നപ്പോള്‍ തന്നോടത് പലരും ചോദിക്കുകയും ചെയ്തു എന്നും ശാലു മേനോന് പറയുന്നു. പക്ഷെ അപ്പോഴും ഒരു ശക്തിയുണ്ടായിരുന്നു. അതിനാല്‍ ഒരിക്കലും അങ്ങനൊരു കാര്യം ചെയ്യാന്‍ തനിക്ക് തോന്നിയിട്ടില്ല. തനിക്ക് തന്നെ സ്വയം തോന്നിയിട്ടുണ്ട് താന്‍ എങ്ങനെ പിടിച്ചു നിന്നു എന്നത്. ആത്മഹത്യയെക്കുറിച്ച് താൻ ചിന്തിച്ചിട്ടേയില്ല. പക്ഷെ പുറത്ത് വന്ന ശേഷം താന്‍ സ്വയം ചിന്തിച്ചിട്ടുണ്ട് എങ്ങനെ പിടിച്ചു നില്ക്കാന് സാധിച്ചുവെന്ന്. വളരെ പെട്ടെന്ന് ഫീല്‍ ആകുന്ന, ഇമോഷണലായ ആളാണ് താന്‍. ആ താന്‍ അത്രയും ദിവസം എങ്ങനെ അവിടെ നിന്നു? ദൈവത്തിന്റെ ശക്തി കൂടെ ഉണ്ടായിരുന്നുവെന്ന് വേണം കരുതാന്‍ എന്നും ശാലു മേനോന് പറയുന്നു. ജയിലില്‍ പോകുന്ന സമയത്ത് ഭയങ്കര ട്രോമയായിരുന്നു. നമ്മുടെ സാഹചര്യം അങ്ങനെയായിരുന്നില്ലല്ലോ.

പായിലാണ് കിടക്കുന്നത്. കൊതുക് കടി. അവിടെ കൊതുകു തിരിയൊന്നും ഉപയോഗിക്കാനാകില്ല. മുഖത്തൊക്കെ കൊതുക് കടിച്ച് നീരു വന്നു. കണ്ടാല്‍ മനസിലാകാത്ത അവസ്ഥയായിരുന്നു തന്റേത്. രണ്ട് ദിവസം കഴിഞ്ഞ് കാണാന്‍ വന്നപ്പോള്‍ അമ്മയ്ക്കൊന്നും തന്നെ മനസിലാക്കാന്‍ പറ്റാത്ത അത്ര അവസ്ഥയായിരുന്നു. തന്നെ കണ്ടപ്പോള്‍ തന്നെ അമ്മ കരഞ്ഞുവെന്നും ശാലു മേനോൻ പറയുന്നു. ആ സമയത്തൊക്കെ ഒറ്റയ്ക്കിരുന്ന് താൻ കരഞ്ഞിരുന്നു. ഇതൊക്കെ സ്വപ്നമാണോ എന്നൊക്കെ തോന്നിയിട്ടുണ്ട്. ഓരോരുത്തര് വരുന്നു, എന്തൊക്കയോ തന്നോട് സംസാരിക്കുന്നു. ഒരാഴ്ച തനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പതുക്കെ പതുക്കെ ഞാന്‍ മാറി പിന്നെ ജയിലില്‍ ദൈവികമായ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. ബൈബിള്‍ പ്രാര്‍ത്ഥനയുണ്ടായിരുന്നു. അവരുടെ പ്രാര്‍ത്ഥനകളിലൊക്കെ താന്‍ പങ്കെടുക്കുമായിരുന്നു. പള്ളീലച്ചന്മാര് വരുമായിരുന്നു. യോഗാ ക്ലാസിലും പങ്കെടുക്കുമായിരുന്നു. പോകാന്‍ നേരം അച്ചന് തനിക്ക് ഒരു ബൈബിള്‍ തന്നിരുന്നു. അതിപ്പോഴും തന്റെ കയ്യിലുണ്ട്. അങ്ങനെയാണ് മനസൊക്കെ മാറാന്‍ തുടങ്ങിയതെന്നും ശാലു മേനോൻ പറയുന്നു. അമ്മയും അമ്മൂമ്മയും താനും അടങ്ങുന്ന കുടുംബമായിരുന്നു തന്റേത്. പരിപാടികള്‍ക്ക് പോകുമ്പോഴും ഒരു ഷോപ്പിങ്ങിന് പോകുമ്പോള്‍ പോലും അമ്മ തന്റെ കൂടെ ഉണ്ടാവും. ഒറ്റയ്ക്ക് എവിടെയും പോയിട്ടില്ല. അങ്ങനെയുള്ളപ്പോഴാണ് നാല്പത്തിയൊന്പത് ദിവസം ഒറ്റയ്ക്ക് നില്‍ക്കേണ്ടതായി വന്നത്. അമ്മയും താനും ആദ്യമായി മാറി നില്‍ക്കുന്നത് ഈ സമയത്താണ് എന്നും ശാലു മേനോൻ പറയുന്നു.











