
മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘അനന്തൻ കാട്’ എന്ന ചിത്രത്തിന്റെ ദീപാവലി സ്പെഷൽ പോസ്റ്റർ പുറത്തിറങ്ങി. ആളിപ്പടരുന്ന തീപ്പൊരികൾക്ക് നടുവിൽ മുഖമാകെ രക്തവും തീപോലെ കത്തുന്ന കണ്ണുകളുമായി ആര്യയെ പ്രത്യക്ഷപ്പെടുത്തുന്ന ഈ പോസ്റ്റർ ഏറെ കൗതുകമുണർത്തിയിരിക്കുന്നു.
പോസ്റ്ററിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റും അതിന് മുന്നിലെ ധീരദേശാഭിമാനി വേലുത്തമ്പി ദളവിന്റെ പ്രതിമയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ചിത്രം കേരള രാഷ്ട്രീയ പശ്ചാത്തലത്തിൽ ആധാരിതമായിരിക്കാമെന്ന് സൂചന നൽകുന്നു.
‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയും സംവിധായകൻ ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം വമ്പൻ താരനിരയുമായി എത്തുകയാണ്. മാർക്ക് ആൻറണിയുടെ വൻവിജയത്തിന് ശേഷം മിനി സ്റ്റുഡിയോ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണ് ‘അനന്തൻ കാട്’.
‘കാന്താര’യുടെ ഇരുപ്രധാന ഭാഗങ്ങൾക്കും സംഗീതം നൽകിയ അജനീഷ് ലോക്നാഥ് മലയാള സിനിമയിലെത്തുന്ന ആദ്യ പ്രോജക്ട് കൂടിയാണിത്.











