
യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘ദൃഢം’ മെയ് 8-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഷെയ്ൻ നിഗം പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കുഴിനിലം എന്ന ഗ്രാമീണ പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടറായി വിജയ് രാധാകൃഷ്ണൻ ചാർജെടുക്കുന്നതും തുടർന്നുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിലെ വെല്ലുവിളികളും അന്വേഷണ രീതികളും വളരെ റിയലിസ്റ്റിക് ആയിട്ടാണ് സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ഈ ചിത്രം ഇ ഫോർ എക്സ്പിരിമെന്റ്സും ബെഡ് ടൈം സ്റ്റോറീസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജോമോൻ ജോൺ, ലിന്റോ ദേവസിയ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷെയ്ൻ നിഗത്തെ കൂടാതെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മെയ് രണ്ടാം വാരത്തോടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതോടെ വലിയൊരു വിജയമാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.











