നിതീഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ ലെ സായ് പല്ലവിയുടെ ആക്ഷൻ രംഗങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുതിർന്ന ബോളിവുഡ് നടൻ മുകേഷ് ഖന്ന. ചിത്രത്തിൽ സീതാദേവിയായി എത്തുന്ന സായ് പല്ലവി അസുരന്മാരുമായി യുദ്ധം ചെയ്യുന്ന തരത്തിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതിനെയാണ് താരം ചോദ്യം ചെയ്യുന്നത്. ബോക്സ് ഓഫീസ് വിജയത്തിന് വേണ്ടി പുരാണകഥകളിൽ ഇത്തരത്തിൽ വെള്ളം ചേർക്കുന്നതും ആധുനികവൽക്കരിക്കാൻ ശ്രമിക്കുന്നതും ശുദ്ധ അസംബന്ധമാണെന്ന് തന്റെ യൂട്യൂബ് വ്ലോഗിലൂടെ മുകേഷ് ഖന്ന തുറന്നടിച്ചു.
വാൽമീകി രാമായണത്തിൽ എവിടെയും സീതയെ ഒരു പോരാളിയായി ചിത്രീകരിച്ചിട്ടില്ലെന്ന് മുകേഷ് ഖന്ന ചൂണ്ടിക്കാണിക്കുന്നു. ഝാൻസി റാണിയെപ്പോലെ സീത യുദ്ധം ചെയ്യുകയും അസുരന്മാരെ കൊല്ലുകയും ചെയ്യുന്ന രംഗങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പോരാളിയായിരുന്നുവെങ്കിൽ രാവണൻ തട്ടിക്കൊണ്ടുപോകുമ്പോൾ സീത തിരിഞ്ഞു പോരാടുമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. നിർമാതാവ് നമിത് മൽഹോത്രയുടെ വിശദീകരണങ്ങളെ തള്ളിക്കളഞ്ഞ മുകേഷ് ഖന്ന, ബിഗ് ബജറ്റ് ചിത്രത്തിന്റെ മുടക്കുമുതൽ തിരിച്ചുപിടിക്കാൻ ഹിന്ദു പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ മൂല്യങ്ങൾ മാറ്റിയെഴുതരുതെന്നും കൂട്ടിച്ചേർത്തു.
