തൻറെ ലവ് സ്റ്റോറിയെ കുറിച്ച് പറഞ്ഞ് ശോഭിത ധൂലിപാല

തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കിയ താരവിവാഹങ്ങളിൽ ഒന്നായിരുന്നു ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. വിവാഹത്തിന് മുമ്പും ശേഷവും നടന്ന ആ​ഘോഷങ്ങളുടേയും ചടങ്ങുകളുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽ വെച്ചായിരുന്നു ആ​ഘോഷമായ വിവാഹം. അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം നടന്നത്. നാഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഏറെക്കാലം ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

രണ്ട് വർഷത്തോളം പ്രണയിച്ചശേഷമാണ് താരങ്ങൾ വിവാഹിതരായത്. എന്നാൽ ​നാ​ഗ ചൈതന്യയുമായി ശോഭിത പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ പുറത്ത് വന്നപ്പോൾ മുതൽ ഇരുവരും വലിയ രീതിയിൽ സൈബർ ബുള്ളിയിങിന് ഇരയായി. സാമന്തയെ ചതിച്ചിട്ടാണ് നാ​ഗ ചൈതന്യ ശോഭിതയുമായി പ്രണയത്തിലായതെന്ന തരത്തിലായിരുന്നു നടന് നേരിടേണ്ടി വന്ന ​ഗോസിപ്പുകൾ.

മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുത്ത സ്ത്രീയെന്ന ലേബലായിരുന്നു ശോഭിതയ്ക്ക് ലഭിച്ചത്. അതിന് കാരണം വിവാഹമോചനം കഴിഞ്ഞ് ഒരു വർഷം പിന്നിടും മുമ്പ് തന്നെ ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്ന ​ഗോസിപ്പുകൾ വന്നുവെന്നതാണ്. ആരാധകരുടെ ഊഹാപോഹങ്ങൾ മാത്രമല്ല സാമന്ത വിവാഹമോചനശേഷം നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞ ചില കാര്യങ്ങളും ശോഭിതയ്ക്കും നാ​ഗ ചൈതന്യയ്ക്കും സൈബർ ബുള്ളിയിങ് വർധിക്കാൻ കാരണമായിട്ടുണ്ട്.

മാണിക്യം പോലുള്ള ഭാര്യയെ ഉപേക്ഷിച്ച് മുക്കുപണ്ടം തേടി പോയ വ്യക്തിയാണ് നാ​ഗ ചൈതന്യ എന്ന രീതിയാലാണ് ഇരുവരുടെയും വിവാഹ ചിത്രങ്ങൾക്ക് പോലും ലഭിച്ച കമന്റുകൾ. കുടുംബം തകർത്ത് സാമന്തയുടെ ഭർത്താവിനെ തട്ടിയെടുത്ത സ്ത്രീയെന്ന രീതിയിൽ ശോഭിതയ്ക്ക് നേരെ നടത്തുന്ന കുറ്റപ്പെടുത്തലുകൾ ഇനി അവസാനിപ്പിക്കാം. കാരണം അടുത്തിടെ ന്യൂയോർക്ക് ടെെംസിന് നൽകിയ അഭിമുഖത്തിൽ പ്രണയ കഥ ശോഭിത വെളിപ്പെടുത്തി.

വിവാഹമോചനം കഴിഞ്ഞ തൊട്ടടുത്ത വർഷമാണ് നാ​ഗ ചൈതന്യയുടെ ജീവിതത്തിലേക്ക് ശോഭിത എത്തിയത്. അതുകൊണ്ട് തന്നെ സാമന്തയുമായുള്ള നാ​ഗ ചൈതന്യയുടെ വിവാഹ ജീവിതം തകരാൻ കാരണം ശോഭിതയാണെന്ന് ഇനി ആരാധകർക്ക് പറയാനാവില്ല. താൻ ലക്ഷ്യമില്ലാതെ പറക്കുന്ന പട്ടമാണെന്നും അതിന്റെ കടിഞ്ഞാണ്‍ ഭർത്താവ് നാ​ഗ ചൈതന്യയാണെന്നുമാണ് ശോഭിത പറഞ്ഞത്. തങ്ങള്‍ രണ്ടുപേരും തമ്മില്‍ ഒരുപാട് അന്തരങ്ങളുണ്ടെന്നും ആ പൊരുത്തക്കേടുകളിലെ കൗതുകമാണ് തമ്മില്‍ ബന്ധിപ്പിക്കുന്നതെന്നും ശോഭിത പറയുന്നു.