അവസാന ചിത്രം ആയിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല: ഷഹനയുമായുള്ള ചിത്രം പങ്കുവെച്ച് നടന്‍ മുന്ന

അന്തരിച്ച നടിയും മോഡലുമായ ഷഹനയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ മുന്ന. അവസാനമായി തനിക്കൊപ്പം ഷഹാന അഭിനയിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് സഹപ്രവര്‍ത്തകയുടെ വിടവാങ്ങല്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ല എന്ന് മുന്ന പങ്കുവെച്ചു.

നീ ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. ഞങ്ങള്‍ ഒന്നിച്ചെടുത്ത ആദ്യ ചിത്രം. പ്രതീക്ഷയുള്ള നടിയാണ്. പ്രിയപ്പെട്ടവള്‍ക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായത് നല്ല ഓര്‍മകളാണ്. നിന്നെ വളരെയധികം മിസ് ചെയ്യും. വളരെ സങ്കടകരമാണ്. കുടുംബത്തിന് എന്റെ പ്രാര്‍ത്ഥനകള്‍…’ മുന്ന ഇന്‍സ്റ്റാഗ്രാമില്‍ ഷഹനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സഹിതം കുറിച്ചു.

നടിയും മോഡലുമായ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ ഷഹാനയെ കോഴിക്കോടുള്ള വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജനലഴിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. മാതാപിതാക്കളുടെ പരാതിയില്‍ യുവതിയുടെ ഭര്‍ത്താവ് ചേവായൂര്‍ പറമ്പില്‍ ബസാര്‍ സ്വദേശി സജാദിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഒന്നര വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. സജാദും ഷഹനയും പിന്നീട് പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആര്‍. ഡി. ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആണ് പോലീസ് നീക്കം.

ഭര്‍ത്താവും യുവതിയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായതായാണ് സൂചന. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായി അടുത്ത വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. അയല്‍ക്കാരുടെ പരാതിയില്‍ പോലീസ് എത്തുമ്പോള്‍ യുവതി ഭര്‍ത്താവിന്റെ മടിയില്‍ ബോധ രഹിതയായി കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു.

ഇതിനിടെ, കോഴിക്കോട് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടി ഷഹനയുടെ വീട്ടില്‍ നിന്നും ലഹരി വസ്തുക്കളായ കഞ്ചാവ്, എം ഡി എം എ, എല്‍ എസ് ഡി സ്റ്റാമ്പ് തുടങ്ങിയവ പോലീസ് കണ്ടെത്തി. ലഹരി വസ്തുക്കള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ ഷഹനയുടെ ശരീരത്തില്‍ വിഷാംശമോ ക്ഷതമോ ഏറ്റിട്ടുണ്ടോ എന്നറിയാന്‍ ആന്തരിവ അവയവങ്ങള്‍ രാസ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.