അച്ഛന്‍ എത്രമാത്രം വേദന സഹിച്ചിട്ടുണ്ടെന്ന് എനിക്കറിയാം; അര്‍ഹിക്കുന്ന അംഗീകാരം വിജയരാഘവന്റെ മകൻ

54 മത് സംസഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്ക്കാരം സ്വന്തമാക്കിയ നടനാണ്  വിജയരാഘവൻ. ‘പൂക്കാലം’ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു നടൻ  അവാർഡ് സ്വന്തമാക്കിയത്.
ചിത്രത്തില്‍ ഇട്ടൂപ്പ് എന്ന വൃദ്ധന്റെ വേഷത്തിലാണ് വിജയരാഘവന്‍ അഭിനയിച്ചിരുന്നത്. കഥാപാത്രമായുള്ള വിജയരാഘവന്റെ മേക്കോവറും പ്രകടനവും സിനിമ പുറത്തിറങ്ങിയ സമയത്തു തന്നെ കയ്യടി നേടിയിരുന്നു. ഏറെ സങ്കീര്‍ണമായൊരു കഥാപാത്രമായിരുന്നു പൂക്കാലത്തിലെ ഇട്ടൂപ്പ്. വളരെ പ്രായം ചെന്ന കഥാപാത്രമായി മാറാന്‍ വിജയരാഘവന്‍ കാണിച്ച അര്‍പ്പണബോധം കൂടിയാണ് പുരസ്‌കാരത്തിലൂടെ അംഗീകരിക്കപ്പെട്ടത്.

ഇപ്പോഴിതാ വിജയരാഘവന്റെ അവാര്‍ഡ് നേട്ടത്തെക്കുറിച്ചുള്ള മകന്റെ പ്രതികരണം ശ്രദ്ധിക്കപ്പെടുകയാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ്  നടന്റെ മകന്റെ   പ്രതികരണം.  ആശംസകള്‍ അച്ഛാ. ഇച്ചോയ്ക്ക് വേണ്ടി എത്രമാത്രം വേദന അച്ഛന്‍ സഹിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ശാരീരികമായ മാറ്റത്തിന് വേണ്ടിയും കഥാപാത്രമാകാനുള്ള മാനസികമായ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയും അച്ഛന്‍ മാറ്റിവച്ചത് ആറ് മാസമായിരുന്നു. അര്‍ഹിക്കുന്ന അംഗീകാരം” എന്നായിരുന്നു വിജയരാഘവന്റെ മകന്റെ പ്രതികരണം.

ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് വിജയരാഘവന് ആശംസകൾ അറിയിച്ച് എത്തുന്നത്. കൂടാതെ  തന്റെ നേട്ടത്തില്‍ പ്രതികരണവുമായി വിജയരാഘവനും എത്തി, കഴിഞ്ഞ 50 വര്‍ഷമായി മലയാള സിനിമാ പ്രേക്ഷകരുടെ അവരുടെ സ്‌നേഹം എന്നില്‍ വര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും പ്രതിഫലനമാണ് ഈ പുരസ്‌കാരം. എല്ലാവര്‍ക്കും നന്ദി. പൂക്കാലത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി. സംവിധായകന്‍ ഗണേഷ് രാജിനേയും നിര്‍മ്മാതാക്കളായ വിനോദ് ഷൊര്‍ണൂരിനേയും തോമസ് തിരുവല്ലയേയും, ഡിഒപി ആനന്ദിനേയും പ്രത്യേകം പരാമര്‍ശിക്കുന്നു  എന്നാണ് വിജയരാഘവന്‍ പ്രതികരിച്ചത്.