
ഇന്നും മടുപ്പിക്കാത്ത ഒരുപാട് ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകൻ ആണ് എസ് പി വെങ്കിടേഷ്.
നിത്യഹരിത ഗാനങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ എസ്.പി. വെങ്കടേഷ് എന്ന ആ മഹാപ്രതിഭ ഇനിയില്ല. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസ്തയിൽ വെച്ച് ഇന്ന് അദ്ദേഹം അന്തരിച്ചു.
അതേസമയം 1955 മാർച്ച് 5-ന് തമിഴ്നാട്ടിൽ ജനിച്ച വെങ്കിടേഷിന്റെ അച്ഛൻ പഴനി ഒരു മാൻഡലിൻ വാദകനായിരുന്നു. അച്ഛന്റെ ശിഷ്യത്വം സ്വീകരിച്ച് മൂന്നുവയസ്സുമുതൽക്കുതന്നെ വെങ്കിടേഷ് മാന്റലിൽ വായിക്കാൻ തുടങ്ങി ശേഷം ഗിറ്റാറും മറ്റ് സംഗീതോപകരണങ്ങളും പഠിച്ചെടുത്തു. ഗിറ്റാറിന്റെ രാജകുമാരനാണ് വെങ്കിടേഷ്. സിത്താറിന്റെയും വീണയുടെയും ശബ്ദം വരെ ആ ഉപകരണത്തിൽ അദ്ദേഹം സൃഷ്ടിച്ചു കേട്ടിട്ടുണ്ടെന്നും ഒരു ഗിറ്റാറും പത്ത് മിനിറ്റും കൈവശമുണ്ടെങ്കിൽ എവിടെവെച്ചും ഏതു നേരവും എസ് പി വെങ്കിടേഷ് ഈണമുണ്ടാക്കുമെന്നും അദ്ദേഹത്തിന്റെ സംഗീത മാന്ത്രികതയെപ്പറ്റി പ്രശംസിച്ചു പറയാറുണ്ട്. രവീന്ദ്രൻ, എ.ടി ഉമ്മർ എന്നിവരുടെ സംഗീത സഹായിയായി കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹം പ്രവർത്തിച്ചിരുന്നു.
വിട ചൊല്ലുമ്പോഴും, ചെയ്തുവെച്ച സംഗീത വിസ്മയങ്ങളിലൂടെ അദ്ദേഹം ഇവിടെ ജീവിക്കുമെന്ന് തീർച്ച. സംഗീതരാജൻ’ എന്നുകൂടി പേരുള്ള എസ്.പി. വെങ്കടേഷ് 1981ൽ പുറത്തിറങ്ങിയ ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നത് 1985ൽ ജനകീയകോടതി എന്ന സിനിമയിലൂടെയായിരുന്നു. പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം രാജാവിന്റെ മകനിലൂടെ എസ്.പി. വെങ്കടേഷിന്റെ പേര് ശ്രദ്ധ നേടി.
മോഹൻലാൽ എന്ന നടന് അഭിനയലോകത്തിന്റെ ഉന്നതതലങ്ങളിലേക്കുള്ള വാതായനം തുറന്നുനൽകിയ സിനിമയായിരുന്നു രാജാവിന്റെ മകൻ. സിനിമയോടൊപ്പം സിനിമയുടെ പാശ്ചാത്തലസംഗീതവും ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പുറത്തിറങ്ങിയ പല ഹിറ്റ് സിനിമകൾക്കും പശ്ചാത്തലസംഗീതവും ഗാനങ്ങളുമൊരുക്കി സൂപ്പർഹിറ്റ് സംഗീതസംവിധായകൻ എന്ന പേരും എസ്.പി. വെങ്കടേഷ് സ്വന്തമാക്കി. രാജാവിന്റെ മകൻ എന്ന സിനിമയിൽ തുടങ്ങിയ തമ്പി കണ്ണന്താനം-എസ്.പി. വെങ്കടേഷ് കൂട്ടുകെട്ട് പിന്നീട് പല സിനിമകളിലും ആവർത്തിച്ചു. മലയാളത്തിൽ ഇതു വരെ 150 മലയാളം ചിത്രങ്ങൾക്ക് ഈണം നൽകിയ എസ്.പി വെങ്കിടേഷ് തമിഴ്, കന്നഡ, ബംഗാളി, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം ഗാനങ്ങൾക്കാണ് തന്റെ കരിയറിൽ ഈണമിട്ടത്.
തമ്പി കണ്ണന്താനത്തിന്റെ സിനിമകളിലാണ് സംഗീത സംവിധായകനായി ഏറ്റവും കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. ഗിരീഷ് പുത്തഞ്ചേരിയാണ് ഏറ്റവും കൂടുതൽ തവണ എസ്.പി വെങ്കിടേഷിന് വേണ്ടി വരികളെഴുതിയിട്ടുള്ളത്. എസ്.പി വെങ്കിടേഷിന്റെ ഗാനങ്ങൾ ഏറ്റവും കൂടുതൽ ആലപിച്ചത് കെ.എസ് ചിത്രയായിരുന്നു. വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ പട്ടിക നീളുന്നു. ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണിവാക്കർ തീരുന്നില്ല എസ്.പി. വെങ്കടേഷിന്റെ സംഗീതപ്രാഗത്ഭ്യം.
തമിഴ്, കന്നട, ബംഗാളി, ഹിന്ദി സിനിമകളിലും പ്രവർത്തിച്ച അദ്ദേഹം 1999 ൽ ഇതു മുടിവിതില്ലൈ എന്ന തമിഴ് സിനിമയ്ക്ക് വേണ്ടി ഒൻപത് ഗാനങ്ങളാണ് ഒറ്റ ദിവസം ചിട്ടപ്പെടുത്തിയത്. മടുപ്പിക്കാത്ത സംഗീതസൃഷ്ടികളാണ് എസ്.പി. വെങ്കടേഷിന്റേത്. അതുകൊണ്ട് തന്നെയാണ് അതിന് പുതുമ ചോരാത്തതും. 1993 ൽ പൈതൃകം, ജനം എന്നീ സിനിമകളിലെ സംഗീതസംവിധാനത്തിന് കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എസ്. പി. വെങ്കടേഷിന് ലഭിച്ചു. സംഗീത പ്രേമികൾ എല്ലാക്കാലവും ഓർത്തിരിക്കുന്ന എവർഗ്രീൻ ഹിറ്റുകൾ നൽകിക്കൊണ്ടാണ് എസ്.പി വെങ്കിടേഷ് വിട പറയുന്നത്.











