
‘സുമതി വളവ്’ എന്ന സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ട് നിർമ്മാതാവ് മുരളി കുന്നുംപുറം ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. 11 കോടി രൂപ ബജറ്റ് നിശ്ചയിച്ച ഒരു സിനിമയുടെ ചിത്രീകരണം തുടങ്ങുന്ന ആദ്യദിവസം നിർമ്മാതാവിന്റെ കൈവശം വെറും 25 ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അഭിലാഷ് വെളിപ്പെടുത്തി. ബാക്കി തുക കണ്ടെത്താൻ അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരുന്നതായും എന്നാൽ അതിന്റെ പഴി മറ്റുള്ളവരുടെ മേൽ ചാരുന്നത് ശരിയല്ലെന്നും അഭിലാഷ് ചൂണ്ടിക്കാട്ടി.
സിനിമയുടെ ബജറ്റ് കൃത്യമായി പ്ലാൻ ചെയ്തിരുന്നതാണെന്നും ഷൂട്ടിംഗ് മുടങ്ങാതിരിക്കാൻ പലപ്പോഴും സാങ്കേതിക പ്രവർത്തകർ വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ടെന്നും അഭിലാഷ് പറയുന്നു. പണം തിരിമറി നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കൃത്യമായ പ്ലാനിംഗോടെയാണ് മുന്നോട്ട് പോയത്. നിർമ്മാതാവ് പറയുന്ന രീതിയിലുള്ള ഒരു തട്ടിപ്പും നടന്നിട്ടില്ലെന്നും, ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് വസ്തുതകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ കരിയറിലെ വലിയൊരു പ്രൊജക്റ്റായ സുമതി വളവിനെ തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും അഭിലാഷ് കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ സിനിമാ സംഘടനകൾക്ക് പരാതി നൽകാനും ഏത് തരത്തിലുള്ള അന്വേഷണത്തെയും നേരിടാനും താൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിർമ്മാതാവിന്റെ ആരോപണങ്ങൾ സിനിമയുടെ റിലീസിനെ ബാധിക്കരുതെന്ന ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു.











