
27 വർഷങ്ങൾക്ക് ശേഷം സൂപ്പർഹിറ്റ് ചിത്രം ‘സമ്മർ ഇൻ ബത്ലഹേം’ വീണ്ടും തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്ന ഈ വേളയിൽ, സിനിമയിലെ മോഹൻലാലിന്റെ എക്കാലത്തെയും മികച്ച അതിഥി വേഷത്തെക്കുറിച്ച് സംവിധായകൻ സിബി മലയിൽ വെളിപ്പെടുത്തലുകൾ നടത്തി. സിനിമയുടെ റീ-റിലീസ് ട്രെയിലർ ലോഞ്ച് ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
ചിത്രത്തിലെ ക്ലൈമാക്സിൽ വരുന്ന നിർണായകമായ അതിഥി കഥാപാത്രത്തിനായി തമിഴകത്തെ സൂപ്പർ താരങ്ങളായ രജനികാന്തിനെയും കമൽഹാസനെയും അടക്കം പരിഗണിച്ചിരുന്നതായി സിബി മലയിൽ പറഞ്ഞു. സുരേഷ് ഗോപിക്കും മഞ്ജു വാര്യർക്കും ഒരുപടി മുകളിൽ നിൽക്കുന്ന ഒരു നടൻ ആ വേഷം ചെയ്താൽ മാത്രമേ കഥാപാത്രത്തിന് തിയേറ്ററുകളിൽ വലിയ സ്വീകാര്യത ലഭിക്കൂ എന്ന് തിരക്കഥാകൃത്ത് രഞ്ജിത്ത് അഭിപ്രായപ്പെട്ടിരുന്നു.
ഒടുവിൽ , “സ്വർണം വീട്ടിൽ വച്ചിട്ടെന്തിനാണ്, ലാൽ ഇവിടെ ഉള്ളപ്പോൾ എന്തിന് വേറെൊരാൾ” എന്ന ചിന്തയിൽ നിന്നാണ് മോഹൻലാലിനെ സമീപിക്കാൻ തീരുമാനിച്ചത്. ആ സമയത്ത് ഒരു മാസത്തെ സുഖചികിത്സയ്ക്കായി മോഹൻലാൽ ബാംഗ്ലൂരിൽ ആയിരുന്നു. താനും രഞ്ജിത്തും നേരിട്ട് പോയി കാര്യം പറഞ്ഞപ്പോൾ, “നിങ്ങളുടെ സിനിമയല്ലേ, ചെയ്യാം” എന്നായിരുന്നു മറുപടി. ചികിത്സയുടെ ഭാഗമായി ലാൽ താടി വളർത്തി വളരെ ശാന്തമായ ലുക്കിലായിരുന്നു. ആ രൂപം കഥാപാത്രത്തിന് കൂടുതൽ അനുയോജ്യമായി മാറുകയും ചെയ്തുവെന്ന് സിബി മലയിൽ കൂട്ടിച്ചേർത്തു. മോഹൻലാലിന് വേണ്ടി വെറും രണ്ട് ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് വേണ്ടി വന്നത്.
രഹസ്യമായി സൂക്ഷിച്ച സർപ്രൈസ്: മോഹൻലാൽ സിനിമയിൽ ഉണ്ടെന്ന കാര്യം തിയേറ്ററിൽ എത്തുംവരെ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു. ഈ സർപ്രൈസ് എൻട്രിക്ക് അന്ന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. റീ-റിലീസിൽ ഉൾപ്പെടുത്താനായി ചിത്രീകരിച്ച രണ്ട് രംഗങ്ങൾ കൂടി ആലോചിച്ചിരുന്നുവെങ്കിലും നെഗറ്റീവുകൾ ലഭ്യമാകാത്തതിനാൽ അത് സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു











