കാല് വയ്യാത്തതിനാൽ ആംബുലൻസിൽ കയറി; 20 ദിവസത്തോളം ഒരു കാലില്‍ ഇഴഞ്ഞാണ് ഞാന്‍ പ്രവര്‍ത്തനം നടത്തിയത്; സുരേഷ് ഗോപി

തൃശൂര്‍ പൂരം നടക്കുമ്പോള്‍ ആംബുലന്‍സില്‍ വന്നില്ലെന്ന പരാമര്‍ശം തിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ട് ആംബുലന്‍സില്‍ ആണ് പൂരനഗരിയിലേക്ക് എത്തിയത് എന്ന് സുരേഷ് ഗോപി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തൃശൂർ പൂരസ്ഥലത്ത്‌ ആംബുലൻസിൽ പോയിട്ടില്ലെന്നായിരുന്നു സുരേഷ്‌ ഗോപി നേരത്തെ പറഞ്ഞിരുന്നത്. ഈ വാദത്തിൽ നിന്നാണ് അദ്ദേഹം മലക്കംമറിഞ്ഞത്. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നാലെ സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങിയത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ആംബുലൻസിൽ പോയിട്ടില്ലെന്നുംബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ കാറിലാണ്‌ പോയതെന്നും എന്നാല്‍ താന്‍ ആംബുലന്‍സില്‍ വന്നിറങ്ങിയത് മായക്കാഴ്ച എന്നായിരുന്നു സുരേഷ് ഗാപി നേരത്തെ  പറഞ്ഞിരുന്നത്. ഇതിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം വന്നത്.

പൂരം കലക്കലില്‍ സിബി ഐ അന്വേഷണം വേണം എന്നും അദ്ദേഹം പറഞ്ഞു. കാലിന് വയ്യാത്തതിനാലാണ് ആംബുലൻസിൽ കയറിയതെന്ന് പറഞ്ഞ സുരേഷ് ഗോപി രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാർ എടുത്താണ് ആംബുലൻസിൽ കയറ്റിയതെന്നും പറഞ്ഞു. 15 ദിവസം കാൽ ഇഴച്ചാണ് നടന്നത്. കാന കടക്കാൻ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത യുവാക്കൾ ആയിരുന്നുവെന്നും അഞ്ച് കിലോമീറ്റര്‍ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു. ആരുടേയും അച്ഛനു വിളിച്ചിട്ടില്ലയെന്നും വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. പൂരം കലക്കലിൽ ചങ്കൂറ്റം ഉണ്ടോ സിബിഐയെ വിളിക്കാനെന്നും സുരേഷ് ഗോപി ചോദിച്ചു.

സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘നിങ്ങളിപ്പോഴും ആംബുലന്‍സ് എന്ന് പറഞ്ഞ് ഇട്ട് കളിക്കുകയാണ്. ഞാന്‍ ആംബുലന്‍സില്‍ വന്നിറങ്ങി എന്ന് പറഞ്ഞ് കേസ് കൊടുത്തയാളുടെ മൊഴിയില്‍ എന്താ പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് അത് പ്രകാരം കേസെടുക്കാത്തത്. ആ ആംബുലന്‍സ് എവിടെയാണ് ഉണ്ടായിരുന്നത്. റിങ്ങിനകത്ത്, വെടിക്കെട്ടിനകത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാലോ പൂരത്തിനെത്തിയവര്‍ക്ക് അസ്വസ്ഥതയുണ്ടായാലോ കൊണ്ടുപോകാനുള്ള സംവിധാനമാണ് അത്.

20 ദിവസത്തോളം ഒരു കാലില്‍ ഇഴഞ്ഞാണ് ഞാന്‍ പ്രവര്‍ത്തനം നടത്തിയത്. ആ കണ്ടീഷനില്‍ എനിക്ക് അത്രയും ആളുകളുടെ ഇടക്ക് എനിക്ക് പോകാന്‍ കഴിയുമായിരുന്നില്ല. അതിന് മുമ്പ് ഏതാണ്ട് നാലര, അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ച് എത്തിയപ്പോള്‍ ഈ പറഞ്ഞ രാഷ്ട്രീയക്കാരുടെയെല്ലാം കിങ്കരന്മാര്‍, ഗുണ്ടകള്‍ എന്റെ വണ്ടി ആക്രമിച്ചു. അത് എങ്ങനെയെന്ന് നിങ്ങളുടെ കയ്യില്‍ റെക്കോഡുണ്ടോ? ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ് അവിടുന്ന് എന്നെ രക്ഷപ്പെടുത്തിയത്. അവരാണ് കാന കടക്കാന്‍ കഴിയാത്തത് കാരണം എന്നെ പൊക്കിയെടുത്ത് ഇവിടെ എത്തിച്ചത്. അവിടെ നിന്നാണ് ആംബുലന്‍സില്‍ കയറിയത്. ഇത് ഞാന്‍ വിശദീകരിക്കേണ്ട ഒരു ആവശ്യവുമില്ല. സിബിഐ വരുമ്പോള്‍ അവരോട് പറഞ്ഞാല്‍ മതി. സി ബി ഐയെ വിളിച്ചാല്‍ അവരുടെ രാഷ്ട്രീയം മുഴുവന്‍ കത്തി നശിച്ചുപോകും എന്നായിരുന്നു  സുരേഷ് ഗോപിയുടെ വാക്കുകൾ’.

നേരത്തെ പാര്‍ട്ടി ജില്ല അധ്യക്ഷന്റെ വാഹനത്തിലാണ് പൂരനഗരിയില്‍ എത്തിയത് എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ‘ ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ, യഥാര്‍ഥ കാഴ്ചയാണോ എന്ന് വ്യക്തമാകണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ അറിയാനാകില്ല. അതിന് സിബിഐ വരണം’, എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നത്.

അതേസമയം സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനമാണ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നടത്തിയത്. കോൺഗ്രസ് വോട്ട് നേടിയാണ് സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായതെന്ന് റിയാസ് പറഞ്ഞു. ‘തൃശൂരിൽ ജയിച്ചാണ് സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായത്. സുരേഷ് ഗോപിയുടെ വിജയത്തിന്‍റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസും കൂടിയാണ്. ഒറ്റ തന്തയല്ല, കോൺഗ്രസ് എന്ന തന്തയുമുണ്ട്എ ന്നും ദ്ദേഹം പറഞ്ഞു. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്‍റെ ഡിഎൻഎ ടെസ്റ്റ്‌ ഫലം കോൺഗ്രസ് പുറത്ത് വിട്ടോയെന്നും കെപിസിസി അന്വേഷണ കമീഷന്‍റെ റിപ്പോർട്ട് പുറത്ത് വിട്ടാൽ എത്ര കോൺഗ്രസ് നേതാക്കൾ താമര ചിഹ്നത്തിന് വോട്ടുചെയ്തുവെന്നത് അറിയാമെന്നും റിയാസ് പറഞ്ഞു. ഒറ്റ തന്ത പ്രയോഗം സിനിമയിൽ പറ്റുമെന്നും രാഷ്ട്രീയത്തിൽ പറ്റില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.