
വെള്ളിത്തിരയിലെയും യഥാര്‍ഥ ജീവിതത്തിലെയും സൂപ്പര്‍ഹീറോയാണ് സുരേഷ് ഗോപി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി താരം സജീവമാണ്. അശരണര്‍ക്ക് സഹായ ഹസ്തവുമായി താരം എപ്പോഴും എത്താറുണ്ട്. ഇപ്പോഴിതാ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് താരം.
10 ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് 12 ലക്ഷം രൂപ നല്‍കിയിരിക്കുകയാണ് താരം. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ താരം പണം കൈമാറി. ആദ്യഘട്ടത്തില്‍ പത്ത് പേരാണ് സുരേഷ് ഗോപിയുടെ സഹായത്തോടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നത്. അനീഷ, മിഖ, വീനസ് പോള്‍, ശ്രാവന്തിക ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എല്‍സ, അദ്രിജ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുന്നത്.

ദയയും കാരുണ്യവുമല്ല ഇത്. വലിയ അത്യാവശ്യവും സമൂഹത്തിന്റെ ബാധ്യതയുമാണെന്നും താരം പറഞ്ഞു. എല്ലാവര്‍ക്കും ജീവിതവും മാന്യമായി ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണെന്നും താരം വ്യക്തമാക്കി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം വൈകിയാല്‍ അടുത്ത പത്ത് പേര്‍ക്ക് കൂടി പണം നല്‍കാന്‍ തയ്യാറാണെന്നും താരം പറഞ്ഞു.

മുംബൈയിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് തൃശൂരില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലും കൊച്ചിയില്‍ സംഘടിപ്പിച്ച ആഘോഷത്തിലും സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. ചടങ്ങിലാണ് താരം ശസ്ത്രക്രിയയ്ക്ക് സഹായം പ്രഖ്യാപിച്ചത്.











