
ദീർഘനാളത്തെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ശേഷം നടൻ ടിപി മാധവൻ ഈ ലോകത്തോട് വിട വാങ്ങി. കുറച്ച് കാലമായി ഓർമ്മ പോയ നടന്റെ ആരോഗ്യ നില മോശമായിരുന്നു. ടിപി മാധവന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടം വലിയ വാർത്താ പ്രാധാന്യം നേടിയതാണ്. മക്കൾ രണ്ട് പേരുണ്ടെങ്കിലും അവസാന നാളുകളിൽ അവരാരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല.
മക്കൾ ചെറിയ കുട്ടികളായിരുന്നപ്പോൾ ബന്ധം ഉപേക്ഷിച്ച് പോയതാണ് നടൻ. ബോളിവുഡിലെ സംവിധായകൻ രാജ കൃഷ്ണ മേനോനാണ് ടിപി മാധവന്റെ മകൻ. ദേവിക എന്നാണ് മകളുടെ പേര്. മക്കൾ തന്നിൽ നിന്നകന്നതിനെക്കുറിച്ച് ഒരിക്കൽ ടിപി മാധവൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മക്കൾ രണ്ട് പേരും നല്ല നിലയിലാണെങ്കിലും താനുമായി സംസാരിക്കാറില്ലെന്ന് അദ്ദേഹം ഒരിക്കൽ തുറന്ന് പറഞ്ഞു. മകൾ ബാംഗ്ലൂരിൽ പഠിച്ചതാണ്. അവിടെയുള്ള കന്നഡികനായ ഒരു ലെദർ എക്സ്പോർട്ടറെ വിവാഹം ചെയ്തുവെന്നും ആ വിവാഹത്തിന്റെ സമയത്ത് എന്നെ അറിയിച്ചിരുന്നു. പിന്നീട് ബന്ധമുണ്ടായില്ലയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മകന്റെ വാശി എനിക്കിഷ്ടപ്പെട്ടു. ആ വാശിക്ക് അവൻ സിനിമയിൽ തന്നെ നിന്നു. മക്കളെ വിളിക്കണമെന്ന് തോന്നിയിട്ടുണ്ട് എന്നും പല പ്രാവശ്യം ആലോചിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും ദുരഭിമാനമല്ല, ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. ഗാന്ധിഭവനിൽ താൻ നല്ല രീതിയിലാണ് കഴിയുന്നതെന്നും അന്ന് ടിപി മാധവൻ പറഞ്ഞു.
എന്നാൽ മകനെ കാണണമെന്ന് അവസാന കാലത്ത് ടിപി മാധവൻ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം ഗാന്ധി ഭവനിൽ പറഞ്ഞതുമാണ്. എന്നാൽ ടിപി മാധവനെ കാണാൻ മകൻ വന്നില്ല എന്നാണ് പുറത്ത് വന്ന വിവരം. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ ടിപി മാധവന്റെ മക്കൾക്കെതിരെ വ്യാപക വിമർശനവും വന്നിരുന്നു. ഒരിക്കൽ അതേക്കുറിച്ച് മകൻ രാജ കൃഷ്ണ മേനോൻ സംസാരിക്കുകയും ചെയ്തു.

അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ് എന്ന ചിത്രം സംവിധാനം ചെയ്തത് രാജകൃഷ്ണ മേനോന്‍.മകൻ അച്ഛനെ കുറിച്ച പറഞ്ഞചിങ്ങനെ ; ടിപി മാധവന്റെ മകനായിട്ടാണ് ജനിച്ചതെങ്കിലും അച്ഛൻ ഞങ്ങളെ നോക്കിയിട്ടില്ല. ജീവിതത്തിൽ ആകെ അച്ഛനെ കണ്ടത് രണ്ട് തവണയാണ്. അമ്മ ഗിരിജയാണ് തങ്ങളെ വളർത്തിയതെന്നും ഏറെ പ്രതിസന്ധികൾ നേരിട്ടാണ് അമ്മ തന്നെയും സഹോദരിയെയും വളർത്തിയതെന്നും രാജ കൃഷ്ണ മേനോൻ പറഞ്ഞു.
അതേസമയം വര്ഷങ്ങളായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു അദേഹം. കുടുംബാംഗങ്ങളോ സ്വന്തം മക്കളോ പോലും സഹായത്തിനില്ലാത്ത ആ മനുഷ്യനെ ജീവിതത്തിൽ പിടിച്ച് എഴുന്നേൽപ്പിച്ചത് അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപിടി നല്ല മനുഷ്യരാണ്. ഹരിദ്വാറിൽ താമസിക്കുന്ന സമയത്ത് അമേരിക്കയിലുള്ള സഹോദരി അയച്ചുനല്‍കുന്ന തുകയും ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ നല്‍കുന്ന കൈനീട്ടവുമായിരുന്നു അദ്ദേഹത്തിന്റെ ഏക സമ്പാദ്യം.
പിന്നീട് സിനിമയിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ആശ്രമജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ ടി പി മാധവന് പക്ഷാഘാതം സംഭവിച്ചു. തുടർന്ന് ഹരിദ്വാറിലെ സന്ന്യാസിമാരും മറ്റും ചേർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സിക്കുകയും ഏകദേശംനടക്കാമെന്നായപ്പോൾ അവർ ചേർന്ന് തിരികെ നാട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന്റെ അവസ്ഥ നടൻ സുരേഷ്‌ഗോപി അറിയുന്നതും ‘അമ്മ സംഘടന ഇടപെട്ട് അദ്ദേഹത്തിന് വേണ്ട ചികിത്സ സഹായം നൽകിയിരുന്നു .
ശേഷം തിരുവനന്തപുരത്തെത്തി ഒരു ലോഡ്ജ് മുറിയിൽ ദുരിതപൂർണ്ണമായ ജീവിതം നയിച്ചുവന്ന അദ്ദേഹം ഒടുവിൽ ഗാന്ധിഭവനിലേക്ക് എത്തുകയായിരുന്നു. ആയിരത്തിയഞ്ഞൂറോളം അന്തേവാസികളുള്ള പത്തനാപുരം ഗാന്ധിഭവനില്‍ ടി.പി.മാധവന് സ്വന്തമായി ഒരു മുറി തന്നെ ഗാന്ധിഭവന്‍ സാരഥി സോമരാജൻ ഏർപ്പാടാക്കി. മാത്രമല്ല ചികിത്സിക്കാന്‍ ഡോക്ടറെയും ഏര്‍പ്പെടുത്തി. ഗാന്ധിഭവനിലെ ജീവിതം മാധവൻ ഏറെ ആസ്വദിച്ചിരുന്നു. വായിക്കാൻ പുസ്തകങ്ങളും സംസാരിക്കാൻ സുഹൃത്തുക്കളെയും ലഭിച്ചതോടെ അദ്ദേഹം വീണ്ടും ഊർജ്ജ്വസ്വലനായി.
ആരോഗ്യം മോശമാകും വരെ ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ഏകദേശം മുപ്പത് വർഷത്തോളമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു ടിപി മാധവൻ. അതേസമയം സിനിമാ രംഗത്തേക്ക് വരുന്നതിന് മുമ്പ് പരസ്യ ഏജൻസി നടത്തുകയായിരുന്നു ടിപി മാധവൻ. പ്രൊഫസർ എൻപി പിള്ളയാണ് ടിപി മാധവന്റെ പിതാവ്. 1975 ൽ പുറത്തിറങ്ങിയ രാഗം ആണ് ടിപി മാധവന്റെ ആദ്യ സിനിമ. 2015 മുതൽ പത്തനാപുരം ഗാന്ധിഭവനിലാണ് ടിപി മാധവൻ കഴിഞ്ഞത്. 40ാം വയസ്സില്‍ സിനിമാരംഗത്തെത്തിയ അദ്ദേഹം തന്റെ നാല് പതിറ്റാണ്ടുകാലത്തെ സിനിമാ ജീവിതത്തിനിടയില്‍ അറുനൂറോളം സിനിമകളിലും മുപ്പതിലധികം ടിവി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. 88 വയസിലാണ് ടിപി മാധവൻ ലോകത്തോട് വിട പറഞ്ഞത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യ നില മോശമായപ്പോൾ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.











