32 വർഷത്തിനുശേഷം ആ മഹാസംഗമം: അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിൽ മമ്മൂട്ടി നായകൻ

മലയാള സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു പ്രഖ്യാപനം യാഥാർത്ഥ്യമായിരിക്കുന്നു. വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തന്റെ അടുത്ത ചിത്രത്തിനായി മെഗാസ്റ്റാർ മമ്മൂട്ടിയുമായി കൈകോർക്കുന്നു. നീണ്ട 32 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലെ ഈ പ്രതിഭകൾ വീണ്ടും ഒന്നിക്കുന്നത്. ‘കളങ്കാവലി’ന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമായിരിക്കും ഇത്.

മലയാള മനോരമയുടെ സാഹിത്യോത്സവമായ ‘ഹോർത്തൂസി’ൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അടൂർ ഗോപാലകൃഷ്ണൻ തന്റെ പുതിയ പ്രോജക്റ്റിനെക്കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ രചന നടക്കുന്ന സമയത്ത്, കേന്ദ്ര കഥാപാത്രത്തിന്റെ സ്ഥാനത്ത് തന്റെ മനസ്സിൽ തെളിഞ്ഞ മുഖം മമ്മൂട്ടിയുടേതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ മമ്മൂട്ടി നാലാമത്തെ തവണയാണ് അഭിനയിക്കാനൊരുങ്ങുന്നത്. മുമ്പ് ഇവർ ഒന്നിച്ച ചിത്രങ്ങൾ ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ സ്ഥാനമുള്ളവയാണ്അ, അനന്തരം (1987),വിധേയൻ (1993),
മതിലുകൾ (1990) ഇതിൽ,’മതിലുകളിലും’ ‘വിധേയനിലും’ മമ്മൂട്ടി ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ‘മതിലുകളിൽ’ വൈക്കം മുഹമ്മദ് ബഷീറായി നിറഞ്ഞാടിയ മമ്മൂട്ടിയെ തേടി, ഈ രണ്ട് ചിത്രങ്ങളിലെയും അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരങ്ങൾ എത്തിയിരുന്നു. സക്കറിയ എഴുതിയ ‘ഭാസ്കര പട്ടേലരും എന്റെ ജീവിതവും’ എന്ന നോവല്ലയെ ആസ്പദമാക്കിയാണ് അടൂർ ‘വിധേയൻ’ ഒരുക്കിയത്.

പുതിയ സിനിമയുടെ കാസ്റ്റിംഗ് ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ പുരോഗമിക്കുകയാണെന്നും, കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ സാധിക്കില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമായിരിക്കും അടൂരിന്റേത്. ബാനറിന്റെ ഏഴാമത്തെ ചിത്രമായ ‘കളങ്കാവൽ’ ഡിസംബർ 5-നാണ് റിലീസ് ചെയ്യുന്നത്. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവൽ’ ഒരു ക്രൈം ഡ്രാമയാണ്. ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ആളാണ് ജിതിൻ കെ. ജോസ്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രം എന്ന നിലയിൽ ‘കളങ്കാവലി’നായി ആരാധകർ വലിയ ആവേശത്തിലാണ്.

32 വർഷത്തിന് ശേഷമുള്ള അടൂർ-മമ്മൂട്ടി കൂട്ടുകെട്ടിൽ പിറക്കാൻ പോകുന്ന ചിത്രം എത്തരത്തിലുള്ള ഒന്നായിരിക്കുമെന്ന ആകാംഷയിലാണ് ഇപ്പോൾ സിനിമാപ്രേമികൾ.