
ടൊവിനോ തോമസിനെ നായകനായി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’നരിവേട്ട’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നടൻ ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇങ്ങനൊരു പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ഒന്നുകില്‍ ഒരു വേട്ടക്കാരനാവുക. അല്ലെങ്കില്‍ വേട്ടയാടപ്പെടുക. തീരുമാനം നിങ്ങളുടേതാണ്. വേട്ട ഇവിടെ ആരംഭിക്കുന്നു, ടൊവിനോ തോമസ് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു കൊണ്ടാണ് ഈ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കാവാലം, പുളിങ്കുന്ന്, ചങ്ങനാശ്ശേരി, വയനാട് എന്നിവിടങ്ങളിലായി ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ടയെന്നും താന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിതെന്നും ടൊവിനോ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമാണ് നരിവേട്ട. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും സുരാജ് വെഞ്ഞാറമൂടുമാണ് ഈ ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ ചേര്‍ന്നാണ്.
ഈ ചിത്രത്തിൽ ടോവിനോയെ കൂടാതെ പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ എം ബാദുഷ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം നിരവധി താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിരവധി സാമൂഹ്യ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കോടെ യാണ് അവതരിപ്പിക്കുന്നത്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഏറെ പ്രതിബദ്ധതയുള്ള വർഗീസ് എന്ന ഒരു പൊലീസ് കോൺസ്റ്റബിളിൻ്റെ ജീവിതത്തിലെ സംഘർഷങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.












