
ജയം രവി-ആരതി രവി വിവാഹ മോചനം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ തുടരുകയാണ്. വേർപിരിയണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്ന ജയം രവി ഇതിന് വേണ്ട നടപടികളും സ്വീകരിച്ചു. എന്നാൽ താനുമായി ചർച്ച ചെയ്തല്ല ജയം രവിയുടെ ഈ തീരുമാനമെന്ന് ആരതി പറയുന്നു. സോഷ്യൽ മീഡിയയിൽ കൂടുതൽ കുറ്റപ്പെടുത്തലുകൾ കേൾക്കുന്നത് ആരതി രവിയാണ്. ആരതിയും കുടുംബവും ജയം രവിയെ ജീവിതത്തിലും കരിയറിലും ഏറെ നിയന്ത്രിച്ചെന്നാണ് കുറ്റപ്പെടുത്തലുകൾ. ഇപ്പോഴിതാ ഇതേക്കുറിച്ച് വീണ്ടും പ്രതികരിക്കുകയാണ് ആരതി രവി.

താൻ കുറ്റക്കാരിയോ ദുർബലയോ ആയത് കൊണ്ടല്ല മൗനം പാലിക്കുന്നത്, എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള പൊതു അഭിപ്രായങ്ങൾക്കിടെ എന്റെ നിശബ്ദത ദൗർബല്യത്തിന്റെയോ കുറ്റബോധത്തിന്റെയോ സൂചനയല്ലെന്ന് ഊന്നിപ്പറയേണ്ടത് പ്രധാനമാണ്. സത്യം മറച്ച് വെക്കാൻ എന്നെ മോശമായി ചിത്രീകരിക്കുന്നവരോട് പ്രതികരിക്കാതെ മാന്യമായി തുടരാൻ ഞാൻ തീരുമാനിച്ചതാണ്. നീതി ന്യായ വ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ട്. നേരത്തെ വിവാഹ മോചന വാർത്ത പ്രഖ്യാപിച്ചതിലാണ് ഞാൻ ഞെട്ടലുണ്ടെന്ന് പറഞ്ഞത്. എന്നാൽ ഏകപക്ഷീയമായ നടന്ന് കൊണ്ടിരിക്കുന്ന വിവാഹ മോചന നടപടികളെയല്ല താനുദ്ദേശിച്ചത്.

പരസ്യ പ്രഖ്യാപനം നടത്തിയതിലാണ്. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെടുകയായിരുന്നെന്ന് ആരതി പ്രസ്താവനയിൽ പറയുന്നു. ഈ വിഷയത്തിൽ സ്വകാര്യമായ ചർച്ച നടക്കുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു. അത് ഇന്ന് വരെയും നിഷേധിക്കപ്പെടുകയാണുണ്ടായത്. വിവാഹത്തിന്റെ പവിത്രതയെ അങ്ങേയറ്റം മാനിക്കുന്നു. ആരുടെയും സൽപ്പേരിനെ ഹനിക്കുന്ന പൊതു ചർച്ചകളിൽ ഏർപ്പെടില്ല. കുടുംബത്തിന്റെ ക്ഷേമത്തിലാണ് എന്റെ ശ്രദ്ധ. ദൈവ കൃപയിലും ദൈവത്തിന്റെ മാർഗനിർദ്ദേശത്തിലും താൻ വിശ്വസിക്കുന്നെന്നും ആരതി രവി തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. അവർ തരം താഴുമ്പോൾ നമ്മൾ ഉയരും എന്ന ക്യാപ്ഷനോടെയാണ് പ്രസ്താവന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.












