
പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നതിനിടെ ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധനക്ഷാമം രൂക്ഷമായിരിക്കുകയാണ്. പാചകവാതകത്തിന്റെ (LPG) ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകൾ അടച്ചുപൂട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയ പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് ‘സന്ദേശം’ എന്ന സിനിമയിലെ സഖാവ് കോട്ടപ്പള്ളി പ്രഭാകരന്റെ വാക്കുകളാണ്. ലോകത്തിന്റെ ഏത് കോണിലുണ്ടാകുന്ന പ്രശ്നങ്ങളും മനുഷ്യനെ എങ്ങനെയെല്ലാം ബാധിക്കുമെന്നതിന് ഉദാഹരണമായി ഈ സിനിമാ രംഗം വീണ്ടും ചർച്ചയാകുന്നു.
ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരനും അനിയൻ പ്രകാശനും തമ്മിലുള്ള തർക്കത്തിനിടെ കോട്ടപ്പള്ളി പറയുന്ന അന്താരാഷ്ട്ര രാഷ്ട്രീയമാണ് ഇപ്പോൾ പ്രസക്തമാകുന്നത്. നിക്കരാഗ്വയിലെയും റൊമാനിയയിലെയും വിയറ്റ്നാമിലെയും പ്രശ്നങ്ങളെക്കുറിച്ച് വാചാലനാകുന്ന കോട്ടപ്പള്ളിയോട്, “ഇവിടുത്തെ കാര്യം പറയുമ്പോൾ എന്തിനാണ് അന്താരാഷ്ട്രത്തിലേക്ക് ഓടുന്നത്?” എന്ന് പ്രകാശൻ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി കോട്ടപ്പള്ളി പറയുന്ന “മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ” എന്ന സംഭാഷണമാണ് ആളുകൾ ഇപ്പോൾ പങ്കുവെക്കുന്നത്.
പതിറ്റാണ്ടുകൾക്ക് മുൻപ് എഴുതപ്പെട്ട ഈ സംഭാഷണം വെറുമൊരു തമാശയല്ലെന്നും അത് വലിയൊരു യാഥാർത്ഥ്യമാണെന്നുമാണ് ആരാധകർ ഇപ്പോൾ കുറിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം കേരളത്തിലെ അടുക്കളകളെ വരെ ബാധിക്കുമ്പോൾ, ശ്രീനിവാസന്റെ തിരക്കഥയിലെ ദീർഘവീക്ഷണം വീണ്ടും അത്ഭുതപ്പെടുത്തുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നു. ‘അപ്പൊ പുരിയലേ, ഇപ്പൊ പുരിയിത്’ എന്ന തരത്തിലുള്ള കമന്റുകളുമായി സന്ദേശത്തിലെ ഈ രംഗം വീണ്ടും വൈറലായിരിക്കുകയാണ്.











