
സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിളി’ന്റെ ട്രെയ്‌ലർ വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് റിലീസ് ചെയ്യും. സെപ്റ്റംബർ 18-നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രം ഡോ. പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്ന് ഡോ. പോൾസ് എന്റർടെയൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമിക്കുന്നത്. നടി നിലീൻ സാന്ദ്രയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഖില ഭാർഗവനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവിശക്തി (സൂപ്പർഹിയറിങ്) ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ഇതിനകം പുറത്തുവന്ന ടീസർ നൽകുന്ന സൂചന. നർമത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം തികച്ചും ആവേശകരമായ ഒരു അനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ചിത്രത്തിലെ ആദ്യ ടീസറും ആദ്യ ഗാനവും വലിയ ശ്രദ്ധ നേടിയിരുന്നു. കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ ‘പ്രാക്ക്’ എന്ന രണ്ടാം ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് സംഗീത് പ്രതാപും ഷറഫുദ്ദീനും ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവരെ കൂടാതെ കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവതി ആർ. കൃഷ്ണ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു നിലവാരം പുലർത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ദി പ്ലോട്ട് പിക്‌ചേഴ്‌സ് ഓവർസീസ് വിതരണവും ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലെ വിതരണവും നിർവഹിക്കുന്നു.












