
തന്റെ പിതാവിന്റെ (രംഗനാഥൻ) വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി സിന്ധു കൃഷ്ണ പങ്കുവെച്ച വിഡിയോ പോസ്റ്റിന് താഴെ അധിക്ഷേപ കമന്റുമായി എത്തിയ വ്യക്തിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി നടി അഹാന കൃഷ്ണ. മരണത്തെ വിഡിയോ ഉണ്ടാക്കാനുള്ള പുതിയ ‘കണ്ടന്റ്’ എന്ന് വിളിച്ച പരിഹസിച്ച വ്യാജ പ്രൊഫൈലിനെതിരെയാണ് അഹാന രംഗത്തെത്തിയത്.
സിന്ധു കൃഷ്ണയുടെ പിതാവ് തന്റെ കൊച്ചുമകനായ ഓമിയെ (ദിയ കൃഷ്ണയുടെ മകൻ) ലാളിക്കുന്ന പഴയൊരു വിഡിയോയാണ് സിന്ധു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “ഡാഡി” എന്ന കുറിപ്പോടെ ഹൃദയം തകർന്ന ഇമോജി സഹിതമാണ് ഈ വൈകാരിക നിമിഷം അവർ പോസ്റ്റ് ചെയ്തത്. എന്നാൽ, “വിഡിയോ ഉണ്ടാക്കാൻ ഒരു വിഷയം കിട്ടി, നാണമില്ലാത്തവർ” എന്നും പണത്തോടുള്ള ആർത്തിയാണ് ഇതെന്നും ആരോപിച്ച് ഒരാൾ കമന്റ് ചെയ്യുകയായിരുന്നു.
ഈ കമന്റിന് അഹാന നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. “നിങ്ങളോട് നരകത്തിൽ പോകാൻ ഞാൻ ആവശ്യപ്പെടില്ല, കാരണം നരകം പോലും അതിന്റെ സ്ഥാനാർഥികളിൽ നിന്ന് ഒരു മിനിമം മാന്യത പ്രതീക്ഷിക്കുമെന്ന് ഞാൻ കരുതുന്നു” എന്നാണ് അഹാന കുറിച്ചത്. വ്യാജ അക്കൗണ്ടുകൾ വഴി വെറുപ്പ് പ്രചരിപ്പിക്കുന്നവർക്ക് അർഹിക്കുന്ന മറുപടിയാണ് താരം നൽകിയതെന്നാണ് ആരാധകരുടെ പക്ഷം.
അഹാനയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പ്രിയപ്പെട്ടവരുടെ ഓർമ്മകൾ പങ്കുവെക്കുന്നത് സ്വാഭാവികമാണെന്നും അതിൽ പോലും പണവും കണ്ടന്റും തിരയുന്നവരുടെ മാനസികാവസ്ഥ ഭയാനകമാണെന്നും പ്രേക്ഷകർ കമന്റ് ചെയ്തു. ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതികരണം ആവശ്യമാണെന്നും മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.











