അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു ടിനി ടോം. ഇപ്പോഴിതാ ട്രോളുകള്‍ക്ക് മറുപടിയുമായി ടിനി ടോം രംഗത്തെത്തിയിരിക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടിനി ടോം മറുപടി നല്‍കിയിരിക്കുന്നത്. ‘മമ്മൂക്കയെപ്പോലൊരു ഇതിഹാസം അനശ്വരമാക്കിയ കഥാപാത്രത്തെ ഒരു സ്റ്റേജിലെങ്കിലും പുനരവതരിപ്പിക്കാന്‍ സാധിച്ചതു തന്നെ മഹാഭാഗ്യമായിട്ടാണ് താൻ കാണുന്നത് എന്നു ടിനി ടോം പറയുന്നു. അദ്ദേഹം ചെയ്തതിന്റെ ഒരംശം പോലും നമുക്ക് ചെയ്യാനാകില്ലെന്ന് അറിയാമെന്നും ടിനി ടോം പറയുന്നുണ്ട്. അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേതെന്നും മമ്മൂക്കയും സിദ്ദീഖ് ഇക്കയും രമേശ് പിഷാരടിയുമൊക്കെ പരിപാടി കഴിഞ്ഞ ശേഷം വന്ന് അഭിനന്ദിച്ചുവെന്നും ടിനി ടോം പറയുന്നു. മമ്മൂട്ടിയുടെ പേഴ്‌സനല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സലാം അരൂക്കുറ്റിയാണ് കൊടുമണ്‍ പോറ്റിയായി തന്നെ ഒരുക്കിയതെന്നും ടിനി ടോം പറയുന്നുണ്ട്. അതേസമയമ മമ്മൂട്ടിയായി മുമ്പ് പലപ്പോഴും ടിനി ടോം വേദിയിലെത്തുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇത്തവണ പണി പാളിഎന്നാണ് വിമർശനങ്ങൾ. ടിനി ടോമിന്റെ പ്രകടനം കയ്യടികളേക്കാള്‍ കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളാണ് നേരിടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ടിനിയെ വിമര്‍ശിച്ച് എത്തിയത്. സ്‌കിറ്റ് അവതരിപ്പിക്കുന്ന സമയം സദസില്‍ മമ്മൂട്ടിയുണ്ടായിരുന്നു. എന്നാല്‍ താരത്തിന്റെ മുഖത്തു നിന്നും സ്‌കിറ്റിനോടുള്ള അതൃപ്തി പ്രകടമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നായിരുന്നു ടിനിയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. ഇതിനിടെ ടിനി ടോമിനെ ട്രോളി സംവിധായകന്‍ എംഎ നിഷാദും രംഗത്തെത്തിയിരുന്നു. നമ്മളെല്ലാം കഷ്ടക്കാലത്തെപ്പറ്റി പരാതി പറയും. അപ്പോ നമ്മള്‍ ടിനി ടോമിന്റെ ഭ്രമയുഗം സ്‌കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓര്‍ക്കുക. അത്രയൊന്നും ജീവിതത്തില്‍ ആരും അനുഭവിച്ചിട്ടില്ലല്ലോ എന്നായിരുന്നു നിഷാദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പിന്നാലെ നിഷാദിനെ വിമര്‍ശിച്ചും നിരവധി പേര്‍ മുന്നോട്ട് വരികയുണ്ടായി. ഒരു സിനിമ പ്രവര്‍ത്തകന്‍ ഇങ്ങനെ മറ്റൊരുകലാകാരനെ പരസ്യമായി വിമര്‍ശിക്കുന്നത് മോശം അല്ലെ എല്ലാവര്ക്കും മമ്മുട്ടിയെ പോലെ അഭിനയിക്കാന്‍ പറ്റില്ലാലോ എന്നായിരുന്നു സോഷ്യല്‍ മീഡിയ നിഷാദിനോട് ചോദിച്ചത്. ബിജു കുട്ടന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരും ടിനി ടോമിനൊപ്പം സ്‌കിറ്റിലുണ്ടായിരുന്നു. വോട്ട് തേടി ഒരു രാഷ്ട്രീയ നേതാവ് മനയ്ക്കലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സ്‌കിറ്റായി അവതരിപ്പിച്ചിരിക്കുന്നത്.

ഈ അടുത്ത കാലത്തൊന്നും ഇത്രയും നിലവാരമില്ലാത്ത കോമഡി ഷോ കണ്ടിട്ടില്ല, ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഫുള്‍ സ്റ്റോപ്പ് ഇട്ടാല്‍ ചിരിക്കാന്‍ സൗകര്യമായിരുന്നു, മമ്മൂട്ടിയെ കളിയാക്കിയാല്‍ പോലും അദ്ദേഹം ചിരിക്കും പക്ഷേ ഇത് എന്താണ് കാണിക്കുന്നത് ചുമ്മാ, മമ്മൂട്ടിക്ക് അത്ര പിടിച്ചില്ലെന്ന് തോന്നുന്നു എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ വിമർശനങ്ങള്‍. മിമിക്രി താരമായ ടിനി ടോം കാലങ്ങളായി മമ്മൂട്ടിയുടെ രൂപവും ശബ്ദവും അവതരിപ്പിക്കുന്നതാണ്. എന്നാല്‍ സമീപകാലത്തായി ടിനി ടോമിന്റെ മിമിക്രിയ്ക്കെതിരെ ട്രോളുകള്‍ പതിവാണെന്നതാണ് വാസ്തവം. ഇതിന്റെ തുടർച്ചയാണ് ഭ്രമയുഗം സ്കിറ്റിനെതിരെയുള്ള വിമർശനം. അതേസമയം ഗെറ്റപ്പ് കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകരെ മമ്മൂട്ടി ഞെട്ടിച്ച സിനിമയായിരുന്നു ‘ഭ്രമയുഗം’. ആഗോള റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള 25 സിനിമകള്‍ ഏതൊക്കെയെന്ന ലിസ്റ്റില്‍ 15-ാം സ്ഥാനത്ത് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം ഇടം നേടിയിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരനായ ടി.ഡി രാമകൃഷ്ണനാണ് ചിത്രത്തിന്‍റെ സംഭാഷണങ്ങളെഴുതിയത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, മണികണ്ഠന്‍ ആചാരി, അമല്‍ഡ ലിസ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.