
മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സുകുമാരൻ–കരീന കപൂർ ഖാൻ ചിത്രം ‘ദായ്റ’യുടെ ട്രെയിലർ പുറത്തിറങ്ങി. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രം സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തും. രാജ്യത്തെ പിടിച്ചുകുലുക്കുന്ന ഒരു കുറ്റകൃത്യത്തെ തുടർന്നുണ്ടാകുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. കേസന്വേഷണത്തിനിടെ നീതിയെ സമീപിക്കുന്ന രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ഡി.സി.പി. അജൂനി കോഹ്‌ലിയായി കരീന കപൂർ ഖാനും ഡി.സി.പി. രമൺ കുമാറായി പൃഥ്വിരാജ് സുകുമാരനുമാണ് വേഷമിടുന്നത്.
കുറ്റകൃത്യത്തിന് പിന്നാലെ ഉയരുന്ന ചോദ്യങ്ങളും അന്വേഷണത്തിനിടെ പുറത്തുവരുന്ന പുതിയ വിവരങ്ങളുമാണ് ട്രെയിലറിൽ പ്രധാനമായും അവതരിപ്പിക്കുന്നത്. സത്യം എന്താണ്, നീതി എങ്ങനെയാണ് നിർണയിക്കപ്പെടുന്നത്, ഒരു സംഭവത്തെക്കുറിച്ച് സമൂഹത്തിൽ രൂപപ്പെടുന്ന വ്യത്യസ്ത കഥകൾക്കിടയിൽ യഥാർഥ സത്യം എവിടെയാണ് തുടങ്ങിയ ചോദ്യങ്ങളിലേക്കാണ് ചിത്രം പ്രേക്ഷകരെ നയിക്കുന്നത്. രമൺ കുമാറിന്റെ കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ശാന്തമായ പുറംഭാവത്തിന് പിന്നിലെ സങ്കീർണതയും അന്വേഷണത്തിനിടെ കഥാപാത്രം നേരിടുന്ന ചോദ്യങ്ങളുമാണ് രമൺ കുമാറിന്റെ വേഷത്തിലേക്ക് തന്നെ ആകർഷിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിന്റെ അവസാനം വരെ കഥയെ ഒരു പ്രത്യേക പക്ഷത്തേക്ക് മാത്രം നയിക്കാതെ, പ്രേക്ഷകർക്ക് സ്വന്തമായി നിലപാട് രൂപപ്പെടുത്താനുള്ള അവസരം നൽകുന്ന രീതിയിലാണ് കഥ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മേഘ്ന ഗുൽസാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നെന്നും കരീന കപൂർ ഖാനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ആ അനുഭവത്തെ കൂടുതൽ മനോഹരമാക്കിയെന്നും പൃഥ്വിരാജ് പറഞ്ഞു. പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതിനൊപ്പം മനുഷ്യവികാരങ്ങൾക്കും പ്രാധാന്യം നൽകുന്ന കഥയാണ് ‘ദായ്റ’യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഘ്ന ഗുൽസാറിനൊപ്പം പ്രവർത്തിച്ചതിലുള്ള സന്തോഷം കരീന കപൂർ ഖാനും പങ്കുവച്ചു. ഒരു കഥാപാത്രത്തെക്കുറിച്ച് താൻ മനസ്സിലാക്കിയ കാര്യങ്ങൾ പോലും വീണ്ടും ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന സംവിധായികയാണ് മേഘ്നയെന്ന് കരീന പറഞ്ഞു. ഡി.സി.പി. അജൂനി കോഹ്‌ലി എന്ന കഥാപാത്രം തന്റെ അഭിനയജീവിതത്തിൽ ഇതുവരെ അധികം പരീക്ഷിച്ചിട്ടില്ലാത്തൊരു മേഖലയിലേക്ക് തന്നെ എത്തിച്ചെന്നും അവർ വ്യക്തമാക്കി.
പൃഥ്വിരാജിനൊപ്പമുള്ള അഭിനയാനുഭവവും കരീന മികച്ചതായാണ് വിശേഷിപ്പിച്ചത്. കഥാപാത്രത്തിനൊപ്പം വളരെ സ്വാഭാവികമായി നിലകൊള്ളുന്ന നടനാണ് പൃഥ്വിരാജെന്നും ഇരുവരുടെയും അഭിനയസമന്വയം ചിത്രത്തിന്റെ അനുഭവം കൂടുതൽ മികച്ചതാക്കിയെന്നും കരീന പറഞ്ഞു. ‘ദായ്റ’യെ കറുപ്പും വെളുപ്പുമായി കാര്യങ്ങളെ വേർതിരിക്കുന്ന ചിത്രമായി കാണാനാകില്ലെന്ന് സംവിധായിക മേഘ്ന ഗുൽസാർ പറഞ്ഞു. ശരിയും തെറ്റും തമ്മിലുള്ള അതിരുകൾക്കിടയിലെ സങ്കീർണമായ ലോകത്തേക്കാണ് ചിത്രം കടന്നുചെല്ലുന്നതെന്നും കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും ശക്തമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും മേഘ്ന വ്യക്തമാക്കി.
‘തൽവാർ’, ‘റാസി’ എന്നീ ചിത്രങ്ങൾക്ക് ശേഷം മേഘ്ന ഗുൽസാറും ജംഗിൾ പിക്ചേഴ്സും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദായ്റ’. യാഷ് കേശ്വാനി, സിമ അഗർവാൾ, മേഘ്ന ഗുൽസാർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജംഗിൾ പിക്ചേഴ്സും ഡോ. ജയന്തിലാൽ ഗഡയുടെ പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പെൻ മറുധറാണ് വിതരണം. ജിതേന്ദ്ര ജോഷി, ക്ഷിതി ജോഗ്, കൻവൽജീത് സിങ്, സന്ദീപ് കുൽക്കർണി, തൃപ്തി ഖാംകർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സെപ്റ്റംബർ 18ന് ‘ദായ്റ’ തിയറ്ററുകളിലെത്തും.












